പ്രാദേശിക ഇടപെടല്‍ അനിവാര്യം

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

കേരളത്തിന്റെ അതിജീവനം – 2

ഡോ. എം. രാമനുണ്ണി

സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ പ്രാദേശിക തലത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് സഹകരണ സംഘങ്ങള്‍ക്കാണ്.
ജനകീയമായ ഇടപെടല്‍ ശേഷിയാണ് നമ്മുടെ സഹകരണ മേഖലയുടെ മുഖമുദ്ര. നവകേരള നിര്‍മിതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനാവും. കോവിഡിന്റെ കാലത്ത് കേരളത്തിന്റെ അതിജീവനം എങ്ങനെ എന്ന വിഷയത്തില്‍ ഡോ. എം. രാമനുണ്ണിയുടെ ലേഖന പരമ്പര തുടരുന്നു.

ര്‍ഷകര്‍ ധാരാളമായി താമസിക്കുന്ന ഒരു പ്രദേശമാണ് തൃശ്ശൂര്‍ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന അടാട്ട് പഞ്ചായത്ത്. ഈ പ്രദേശത്തിനു സമീപത്തായി ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയും കേന്ദ്രീയ വിദ്യാലയവും പ്രധാനപ്പെട്ട ഷോപ്പിങ് മാളും . സ്വാഭാവികമായും കൃഷിഭൂമി വിറ്റ് ഏതെങ്കിലും ഫ്‌ളാറ്റിലോ നഗരത്തില്‍ത്തന്നെയോ ചേക്കേറാന്‍ ഏറെ സാധ്യതയുള്ള സ്ഥലം . ഈ പ്രദേശത്തെ ചുറ്റിവരിഞ്ഞാണ് വര്‍ഷത്തില്‍ ആറു മാസം വെള്ളം കയറിക്കിടക്കുന്ന നെല്‍പ്പാടങ്ങള്‍ . ഇതിനെയാണ് തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നു വിളിക്കുന്നത് . ഈ കോള്‍ നിലങ്ങളില്‍ കൃഷിയിറക്കുന്നവരില്‍ തദ്ദേശീയരും മറ്റു പ്രദേശത്തുനിന്ന് കൃഷിക്കായി വരുന്നവരുമുണ്ട്. ഇത്തരം ഒരു പ്രദേശത്ത് കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍ത്തന്നെ നിലനിര്‍ത്തുകയെന്നത് ഏറെ ശ്രമകരമാണ് . അവിടെ ഇരുനൂറ്റിയമ്പതിലേറെ കര്‍ഷകര്‍ എല്ലാ വര്‍ഷവും കൃത്യമായി നേന്ത്രവാഴ കൃഷി ചെയ്യുന്നു. ചങ്ങാലിക്കോടന്‍ എന്നറിയപ്പെടുന്ന ഒരിനം വളരെ നന്നായി ഈ പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട് . ഇതോടൊപ്പം പാളയംകോടന്‍, കുന്നന്‍, രസകദളി തുടങ്ങി ഒട്ടനവധി നാടന്‍ വാഴകളും വളരുന്നു.

ഇവിടെ മറ്റൊരു കൂട്ടം കര്‍ഷകര്‍ തങ്ങളുടെ തൊടികളില്‍ പോത്തിനെ വളര്‍ത്തുന്നു. ആട്, മൂരി എന്നിവയെയും വളര്‍ത്തുന്നവരുണ്ട്. സമീപത്തുള്ള നെല്‍വയലുകളില്‍ നെല്ലും മീനും പദ്ധതിയുടെ ഭാഗമായി മീന്‍ വളര്‍ത്തലും സ്വാഭാവികമായിത്തന്നെ നടക്കുന്നു. ഇതോടൊപ്പം, മറ്റു പ്രദേശങ്ങളില്‍ നിന്നു നല്ലയിനം മത്സ്യങ്ങളും ഇവിടെ കൊണ്ടുവന്നു വില്‍ക്കുന്നു . മിക്കവാറും വീടുകളില്‍ തെുങ്ങുകൃഷിയുണ്ട്. ഇവിടെ നിന്നുള്ള തേങ്ങ ആട്ടി നല്ല വെളിച്ചെണ്ണ ഉണ്ടാക്കുന്നു. വീടുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്ന കുടുംബശ്രീ യൂണിറ്റുകളും ധാരാളമായുണ്ട് .

കേരളത്തിലെ ഏതൊരു ഗ്രാമ പ്രദേശത്തെയും പോലെത്തന്നെയാണ് ഇവിടവും . ഇവിടെ ഉല്‍പാദകരായ കര്‍ഷകരുണ്ട് , കര്‍ഷകത്തൊഴിലാളികളുണ്ട്, ചെറുകിട വ്യാപാരികളുണ്ട് , ഉപഭോക്താക്കളുണ്ട് . ഇവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ മലയാളികളും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സ്വകാര്യ സംരംഭങ്ങള്‍ നടത്തുന്നവരുമുണ്ട്. അതായത്, കേരളത്തിന്റെ ഒരു പരിച്ഛേദമാണ് ഈ പഞ്ചായത്ത് . ഇവിടെ സഹകരണ സ്ഥാപനങ്ങളും ബാങ്കുകളുമടക്കം മറ്റെല്ലാ പൊതു സ്ഥാപനങ്ങളുമുണ്ട് .

തൃശ്ശൂര്‍ പാഡി പ്രൊഡ്യൂസര്‍ കമ്പനി

ഈയിടെ നബാര്‍ഡിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട തൃശ്ശൂര്‍ പാഡി പ്രൊഡ്യൂസര്‍ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കമ്പനിയുടെ ആസ്ഥാനം അടാട്ട് പഞ്ചായത്തിലെ മുതുവറയാണ്. നേരത്തെ സൂചിപ്പിച്ച വിവിധ വിഭാഗം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ആവശ്യമായ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ഈ സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് നാളികേരം കൊപ്രയാക്കാനും കൊപ്ര വെളിച്ചെണ്ണയാക്കാനും സൗകര്യങ്ങളുണ്ട് . ഈ വെളിച്ചെണ്ണ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന കുപ്പികളിലും പാത്രങ്ങളിലും വാങ്ങാവുന്നതാണ്. അതല്ലെങ്കില്‍ സീല്‍ ചെയ്ത കുപ്പികളില്‍ വാങ്ങാനും കിട്ടും. എള്ള് ആട്ടിയെടുക്കുന്ന നല്ലെണ്ണയും ഇവിടെ കിട്ടുന്നു . ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന കൊക്കോ ഇന്ന് കര്‍ഷകര്‍ വെട്ടിക്കളഞ്ഞിരിക്കുന്നു. എന്നാല്‍, കൊക്കോയില്‍ നിന്നു നമ്മുടെ കണ്‍മുമ്പില്‍ വച്ച് വിവിധയിനം ചോക്കലേറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന സംരംഭകനും ഇവിടെത്തന്നെയുണ്ട്. തവിടിന്റെ അംശമുള്ള ഗോതമ്പ്‌പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബ്രെഡ്ഡും ഇവിടെ കിട്ടും. ബ്രഡ്ഡ്, ബണ്‍, മിഠായികള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയെല്ലാം നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ ഉണ്ടാക്കി വില്‍ക്കുന്നു. മറ്റൊരു ഭാഗത്ത് പോത്ത്, മൂരി എന്നിവയെ അറുത്ത മാംസം വില്‍ക്കുന്നു . ഇവിടെത്തന്നെ മത്സ്യവും കിട്ടും. ഇതിനോട് ചേര്‍ന്നുള്ള പച്ചക്കറി സ്റ്റാളില്‍ ആ പ്രദേശത്ത് കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വിവിധയിനം പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നു. സ്റ്റാളില്‍ നില്‍ക്കുന്നത് കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് . 30 രൂപയ്ക്ക് ഊണ് നല്‍കുന്ന കുടുംബശ്രീ കാന്റീനും ഇവിടെയുണ്ട് . വലിയ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇതോടൊപ്പം തന്നെ നഴ്‌സറി ച്ചെടികളും ഫലവൃക്ഷൈത്തകളും ഇവിടെയുണ്ട്. ഈ നഴ്‌സറി നടത്തുന്നതും കര്‍ഷകര്‍ തന്നെയാണ്. ഇത്തരത്തില്‍ ഒരു കേന്ദ്രം സജ്ജീകരിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കിയതും ഒരു കര്‍ഷകനാണ്. അദ്ദേഹം പ്രൊഡ്യൂസര്‍ കമ്പനിയുടെ ഭാഗമാണ് . സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി പ്രയോഗിച്ചു സാധാരണക്കാര്‍ക്കുപോലും ചിട്ടപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട് . ഏഴു ദിവസം വരെ പച്ചക്കറികളും പഴവര്‍ഗങ്ങളും കേടുകൂടാതെ സൂക്ഷിക്കാനാവും. നെല്ലിക്കയും കാന്താരി മുളകും ചതച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന നെല്ലിക്ക ജ്യൂസും ഇവിടെ കിട്ടും.

തൃശ്ശൂര്‍ പാഡി പ്രൊഡ്യൂസര്‍ കമ്പനി നടത്തുന്ന ഈ സംരംഭം ആരംഭിച്ചിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ. ഇത്തരം സംരംഭങ്ങള്‍ ഓരോ പഞ്ചായത്തിലും തുടങ്ങാന്‍ അതതിടത്തെ സഹകരണ സംഘങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയില്ലേ? സമീപത്തുള്ള ജനങ്ങളുടെ നിക്ഷേപവും സഹകാരികളുടെ നേതൃത്വവും ജീവനക്കാരുടെ കൂട്ടായ്മയും ഒന്നിപ്പിക്കാനായാല്‍ ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ക്ക് സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും നഗരപ്രദേശങ്ങളുമായി ചേര്‍ന്നുകിടക്കുന്നു. ഗ്രാമത്തെയും നഗരത്തെയും തരംതിരിക്കാനാവില്ല. ഉല്‍പാദകരായ കര്‍ഷകരും അധ്വാനികളായ കര്‍ഷകത്തൊഴിലാളികളും ഉപഭോക്താക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാരും വിദേശ മലയാളികളും ചെറുകിട കര്‍ഷകരുമില്ലാത്ത ഒരു പ്രദേശവും നമ്മുടെ സംസ്ഥാനത്ത് കാണില്ല. ഇവരെ കൂട്ടിയിണക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് തൃശ്ശൂര്‍ പാഡി പ്രൊഡ്യൂസേഴ്‌സ് കമ്പനി ആരംഭിച്ച ഇത്തരം മാതൃകകള്‍ ഓരോ ഗ്രാമത്തിലും രൂപപ്പെടുത്താന്‍ കഴിയും. ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ട് വിപണിയും ഗുണമേന്മയും ഉറപ്പാക്കാം. പലര്‍ക്കും തൊഴിലും നല്‍കാം. ഈ തരത്തിലുള്ള പരിശ്രമങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ പുതിയ ഉല്‍പാദന – വിപണന സംസ്‌കാരത്തിന് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

പ്രാദേശിക ഇടപെടല്‍ വേണം

വയനാട് ജില്ല പ്രകൃതിസൗന്ദര്യം കൊണ്ട് സമ്പന്നമാണ് . നമ്മുടെ സംസ്ഥാനത്ത് വനഭൂമി ഇപ്പോഴും അവശേഷിക്കുന്നത് ഈ പ്രദേശത്താണ് . വന്യമൃഗ സമ്പത്തും കാട്ടരുവികളും ബാണാസുര സാഗര്‍ അണക്കെട്ടും തിരുനെല്ലി അമ്പലവും എല്ലാം ഈ ജില്ലയുടെ ടൂറിസം സാധ്യത വര്‍ധിപ്പിക്കുന്നു . വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരപ്രദേശങ്ങളിലൊന്നാണ് സുല്‍ത്താന്‍ബത്തേരി. ഇവിടെയാണ് സെന്റ് മേരീസ് കോളേജ് .

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് വികസന മുരടിപ്പ് നേരിടുന്നുവെന്ന പരാതി ഇപ്പോഴുമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ലാഡര്‍ ) നല്ല നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നാണ് സഹകരണ മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി തുടങ്ങുുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍. ടൂറിസ്റ്റുകളെ വയനാട്ടിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളായ റോഡിന്റെ വികസനം അനിവാര്യമാണ്. ഇക്കാര്യം മനസ്സിലാക്കി ലാഡര്‍ കുപ്പാടി മുതല്‍ മന്തണ്ടിക്കുന്ന് വരെയുള്ള റോഡിന്റെ നിര്‍മാണം ഏറ്റെടുത്തു. സുല്‍ത്താന്‍ബത്തേരി നഗരസഭ ഈ റോഡിന് അനുമതി നല്‍കി . ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. നിര്‍മാണത്തിനു ശേഷം പതിനഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണിയും റിപ്പയര്‍ ജോലികളും ലാഡര്‍ ഏറ്റെടുത്തിട്ടുണ്ട്. ടാറും റബ്ബറും ചേര്‍ന്നുള്ള മെക്കാഡം ടാറിങ് രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. ഇതുകൂടാതെ, റോഡിന്റെ ഇരുവശത്തും യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള ബ്രോക്കണ്‍ പാരപ്പറ്റ് നിര്‍മിക്കുന്നുണ്ട് . റോഡിന്റെ പ്രധാന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ചിട്ടുണ്ട്. ഇരുഭാഗത്തുമായി 140 എല്‍.ഇ.ഡി. തെരുവു വിളക്കും സ്ഥാപിച്ചു.

ഒരു പ്രദേശത്തിന്റെ വികസനത്തിന് ഒരു സഹകരണ സ്ഥാപനം തദ്ദേശ ഭരണ സ്ഥാപനവുമായി ഒത്തുചേര്‍ന്നു നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനമായി ഇതിനെ കാണാവുന്നതാണ് . കേരളത്തില്‍ ഈ മാതൃക മറ്റു സഹകരണ സ്ഥാപനങ്ങള്‍ക്കും സ്വീകരിക്കാന്‍ കഴിയുമോ? തങ്ങളുടെ ആസ്ഥാനവും ബ്രാഞ്ചുകളും നില്‍ക്കുന്ന പ്രദേശത്തെ റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്താനും മെയിന്റനന്‍സ് ജോലികള്‍ ചെയ്യാനും സഹകരണ സ്ഥാപനത്തിന് സാധിക്കില്ലേ ? റോഡിനിരുവശത്തും പൂച്ചെടികള്‍ വെച്ച് മോടി പിടിപ്പിക്കാം. കൂടാതെ, ഡിവൈഡറില്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകളിലൂടെ സഹകരണ സ്ഥാപനത്തിന്റെ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും ചെയ്യാം.

റോഡുകള്‍ ഏറ്റെടുക്കാം

കേരള ബാങ്കിനോട് അഫിലിയേറ്റ് ചെയ്ത 1800 – ലേറെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നമ്മുടെ നാട്ടില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് . ഇവ ഓരോന്നും കുറഞ്ഞത് അഞ്ച് കിലോ മീറ്റര്‍ റോഡിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ 9000 കിലോ മീറ്റര്‍ റോഡ് വൃത്തിയായി നില നില്‍ക്കും. ഈ റോഡുകള്‍ നിലനിര്‍ത്തുന്നതിന് കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാവുന്നതാണ്. സംസ്ഥാന പി.ഡബ്ല്യു.ഡി. വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ആസ്പയര്‍ ( Aspire ) എന്ന പേരില്‍ ഒരു ഇടപെടലിന് രൂപം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ രൂപവത്കരിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും റോഡ് റിപ്പയര്‍, മെയിന്റനന്‍സ് ജോലികളും ഏറ്റെടുക്കുന്നതിന് അനുമതി നല്‍കും. രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്ന ജോലികള്‍ ടെന്‍ഡര്‍ നടപടികള്‍ പോലുമില്ലാതെ ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട് . ഈ സാഹചര്യത്തില്‍ ഓരോ പ്രദേശത്തെയും വികസനവും അതുവഴി തങ്ങളുടെ പരിധിയില്‍ വരുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

തിരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിക്കുക, മാലിന്യ നിര്‍മാര്‍ജനത്തിന് നേതൃത്വം നല്‍കുക തുടങ്ങിയ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സ്‌പോണ്‍സര്‍ ചെയ്യാനും സഹകരണ ബാങ്കുകള്‍ക്ക് സാധിക്കും. ഓരോ വര്‍ഷവും സഹകരണ ബാങ്കുകള്‍ പരസ്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതില്‍ നിന്നു ചെറിയ തുക മാറ്റിവെച്ചാല്‍ തങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനും മോടിപിടിപ്പിക്കാനും അതുവഴി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനും സാധിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സമൊന്നുമില്ല. സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ലാഡര്‍ തുടങ്ങിവച്ച ഇത്തരം മാതൃക കേരളത്തില്‍ വ്യാപിപ്പിച്ചാല്‍ ടൂറിസം വികസനം സാധ്യമാകും. കൂടാതെ, കുടുംബശ്രീ ഗ്രൂപ്പുകളിലൂടെ തൊഴില്‍ നല്‍കാനും ബാങ്ക് വായ്പ കൊടുക്കാനും പ്രാദേശിക വികസനം സാധ്യമാക്കാനും കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി സഹകരണ സംഘങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ അംഗീകാരം നേടാനും ജനകീയ പിന്തുണ വര്‍ധിപ്പിക്കാനും സാധിക്കും.

സാമൂഹിക പ്രതിബദ്ധത

സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് കേരളത്തിലെ സഹകരണ മേഖലയുടെ മൂലധനം. അതുകൊണ്ടാണ് നമ്മുടെ സഹകരണ പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങളിലെ സഹകരണ മേഖലയില്‍ നിന്നു ഏറെ വ്യത്യസ്തമാവുന്നത്. ജനകീയമായ ഇടപെടല്‍ ശേഷിയാണ് നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പ്രളയം, കൊറോണ തുടങ്ങിയ ദുരന്തമുഖത്തും ജനങ്ങളോടൊപ്പം മുന്‍നിരയില്‍ സഹകരണ സ്ഥാപനങ്ങളുമുണ്ടാകും.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെക്കുറിച്ച് പൊതുവേയുള്ള വിമര്‍ശനം അവ നിക്ഷേപ സമാഹരണത്തിനും വായ്പാ വിതരണത്തിനും മാത്രമായി ചുരുങ്ങിപ്പോകുന്നു എന്നാണ്. ഈ സാഹചര്യത്തിലാണ് വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നത് . കാലിക്കറ്റ് സിറ്റി ബാങ്കാണ് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ശക്തിസ്രോതസ്സ് . ( ഒരു ബാങ്ക് എന്ന നിലയില്‍ നല്‍കിയ വായ്പയായി ഇതിനെ ചുരുക്കിക്കാണുന്നവര്‍ ഉണ്ടായേക്കാം ). കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഹെഡ് ഓഫീസിനടുത്തായി ഒരു സൗജന്യ ഡയാലിസിസ് സെന്റര്‍ 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ 12 ഡയാലിസിസ് മെഷീനുകളുണ്ട്. മെഷീനിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏതാണ്ട് 1.2 കോടി രൂപ ചെലവ് വന്നിട്ടുണ്ട് . ഡയാലിസിസ് സെന്ററിന്റെ നിര്‍മാണച്ചെലവ് വേറെയും . ഒരു ദിവസം 36 ഡയാലിസിസ് നടത്താന്‍ ഈ കേന്ദ്രത്തിന് ശേഷിയുണ്ട് . ഇപ്പോള്‍ ഇവിടെ ഒരു ദിവസം ശരാശരി 24 ഡയാലിസിസ് സൗജന്യമായി നല്‍കിവരുന്നു .

സൗജന്യ ഡയാലിസിസ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം ലഭിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ഒരു വര്‍ഷം ഏകദേശം 70 ലക്ഷം രൂപയോളം കാലിക്കറ്റ് സിറ്റി ബാങ്ക് തങ്ങളുടെ ലാഭത്തില്‍ നിന്നു ഈ ചെലവിലേക്കായി മാറ്റിവെക്കുന്നുണ്ട്. 1400 കോടി രൂപ നിക്ഷേപമുള്ള ഈ ബാങ്ക്് 1300 കോടി രൂപയോളം വായ്പയും വിതരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ പ്രവര്‍ത്തന പരിധിയായുള്ള ബാങ്കിന് ഹെഡ് ഓഫീസ് കൂടാതെ 26 ബ്രാഞ്ചുകളുണ്ട്. ഇത്തരം സാമൂഹിക സേവനങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നത് മാതൃകാപരമായ നടപടിയാണ് . ഇത് മറ്റു സഹകരണ സ്ഥാപനങ്ങള്‍ക്കും നടപ്പാക്കാവുന്നതാണ്.

എല്ലാ സഹകരണ ബാങ്കുകളും വരുമാനത്തിന്റെ ഒരു ഭാഗം കിഡ്‌നി, കരള്‍ , ഹൃദയം, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി മാറ്റി വെച്ചാല്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അത് ഏറെ സഹായകമാകും. തൊഴില്‍ നഷ്ടവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഏതൊരു കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത നഷ്ടപ്പെടുത്തുന്നത്. ഇത്തരം കുടുംബങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ ആശ്രയം നല്‍കാനും കൈത്താങ്ങായി പ്രവര്‍ത്തിക്കാനും സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും . മിക്ക പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് ലാഭത്തിനു മേല്‍ നികുതി ചുമത്തുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പണം വിനിയോഗിച്ചാല്‍ ലാഭം കുറയ്ക്കാനും അതുവഴി ആദായ നികുതി ബാധ്യതയില്‍ നിന്നു ഒഴിവാകാനും കഴിയും. സഹകരണ സ്ഥാപനം കൊണ്ട് അതതു പ്രദേശത്തെ സാധാരണക്കാരന് ഗുണം കിട്ടുന്ന സാഹചര്യം ഇങ്ങനെയുണ്ടാകുന്നു. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. ഒരു പുതിയ കേരളത്തിന്റെ നിര്‍മിതിക്കായി ഇത്തരത്തില്‍ മുന്‍കൈയെടുത്ത് സഹകരണ സ്ഥാപനങ്ങള്‍ക്ക് മാതൃക കാണിക്കാവുന്നതാണ് .

നബാര്‍ഡ്, എന്‍.സി.ഡി.സി. വായ്പകള്‍ ഉപയോഗപ്പെടുത്തണം

നബാര്‍ഡ്, എന്‍.സി.ഡി.സി വായ്പകള്‍ ഉപയോഗപ്പെടുത്താന്‍ സഹകരണസംഘങ്ങള്‍ക്ക് കഴിയണം. അതുവഴി കര്‍ഷകരെ കൂടുതല്‍ സഹായിക്കാന്‍ സംഘങ്ങള്‍ക്ക് സാധിക്കും.

കൃഷി എന്നത് മിക്കവാറും സീസണ്‍ അനുസരിച്ചാണ് ക്രമീകരിക്കുന്നത്. ഉദാഹരണമായി, കേരളത്തില്‍ നെല്‍ക്കൃഷി പ്രധാനമായും മൂന്നു സീസണിലാണ് നടക്കുന്നത്. ഒന്നാം വിള വിരിപ്പ് കൃഷി എന്നും രണ്ടാം വിള മുണ്ടകന്‍ എന്നും മൂന്നാമത്തേത് പുഞ്ച എന്നുമാണ് അറിയപ്പെടുന്നത് . ഒന്നാം വിളവെടുപ്പ് തീര്‍ന്നാലുടനെ രണ്ടാംവിള ഇറക്കാന്‍ കര്‍ഷകര്‍ തയാറാകേണ്ടതുണ്ട്. അതുപോലെ രണ്ടാം വിളവിനു ശേഷം മൂന്നാം വിള ഇറക്കാനും തയാറായേ മതിയാകൂ. കൃഷിയിറക്കാന്‍ താമസിച്ചാല്‍ കൃഷിനാശവും വിള നഷ്ടവും ഉണ്ടായേക്കും. പലപ്പോഴും വിളവെടുപ്പിനുശേഷം വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാറില്ല. എല്ലാവരുടെയും വിള ഒരേ സമയത്താണ് പാകമാകുന്നത് എന്നതിനാല്‍ ആ സമയത്ത് ലഭ്യത കൂടുകയും ആവശ്യത കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിളവെടുപ്പ് കാലത്ത് ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നത് സ്വാഭാവികമാണ്. മിക്ക കര്‍ഷകരും ഒരു വിളവെടുപ്പിനുശേഷം കിട്ടുന്ന ഉല്‍പ്പന്നം വിറ്റ് ആ പണംകൊണ്ടാണ് അടുത്ത വിള ഇറക്കുന്നത്. ഉല്‍പ്പന്നം കേടു വരാതെ സൂക്ഷിച്ചെുവെക്കാന്‍ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

മിക്കവാറും കാര്‍ഷിക വിഭവങ്ങള്‍ കേടുകൂടാതെ ഭദ്രമായി സൂക്ഷിച്ചുവെക്കാന്‍ പ്രയാസമാണ്. തന്നെയുമല്ല, ഇവ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അടുത്ത വിള ഇറക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള എല്ലാ വിളകളെ സംബന്ധിച്ചും ഈ പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ നിന്നു കര്‍ഷകര്‍ പിന്‍വലിഞ്ഞത്. ഇതിന് പരിഹാരം കാണാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. നബാര്‍ഡ്, എന്‍.സി.ഡി.സി. എന്നീ സ്ഥാപനങ്ങള്‍ സഹകരണ മേഖലയ്ക്ക് ഇതിനാവശ്യമായ പണം നല്‍കുന്നുണ്ട് . കുറഞ്ഞ പലിശക്ക് കിട്ടുന്ന ഈ പണമുപയോഗിച്ച് ഗോഡൗണുകളും വെയര്‍ഹൗസുകളും നിര്‍മിക്കാവുന്നതാണ്. ഐ.സി.ഡി.പി പദ്ധതി പ്രകാരം ഇത്തരത്തില്‍ പല സഹകരണ സ്ഥാപനങ്ങളും വായ്പ വാങ്ങി മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് കേരളത്തില്‍ സാധാരണയാണ് . ഇതിനു പകരം കാര്‍ഷികപ്രധാനമായ പ്രദേശങ്ങളിലെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ വെയര്‍ ഹൗസുകളും ഗോഡൗണുകളും പണിയുന്നത് ഗുണകരമായിരിക്കും. കര്‍ഷകര്‍ വിളവെടുപ്പിനുശേഷം തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഗോഡൗണില്‍ സൂക്ഷിച്ചാല്‍ അതിന്റെ ഈടില്‍ വായ്പ അനുവദിക്കാവുന്നതാണ്. ഇതിനെയാണ് കീ ലോണ്‍ എന്നു വിളിക്കുന്നത്. നാളികേരം,അടയ്ക്ക, നെല്ല്, കുരുമുളക് , ഏലം തുടങ്ങി വ്യവസായാ ടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന എല്ലാ വിളകള്‍ക്കും ഈ രീതി ഗുണകരമായിരിക്കും .

ഈ വിഷയങ്ങളെക്കുറിച്ചുള്ള ധാരണക്കുറവും ആവശ്യക്കാര്‍ നിര്‍ബന്ധം പിടിക്കാത്തതുമായിരിക്കാം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു സഹകരണ സ്ഥാപനങ്ങള്‍ പിന്‍വലിയാന്‍ കാരണം. ഇനിയുള്ള നാളുകളില്‍ വിപണിയില്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ നിലനില്‍ക്കാനാവില്ല. റിലയന്‍സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ നടത്തുന്നത് ഇത്തരത്തിലുള്ള വാല്യൂ ചെയിന്‍ ഇടപെടലുകളാണ.് ഇവര്‍ കര്‍ഷകര്‍ക്ക് വിത്തും വളവും ഉപദേശവും നല്‍കുകയും അവരില്‍ നിന്നു വിള തിരികെ വാങ്ങി അതു സൂക്ഷിച്ചുവെച്ച് വിപണിയില്‍ ഏറ്റവും ഡിമാന്റുള്ള സമയത്ത് ഇറക്കുകയുമാണ് ചെയ്യുന്നത്. ചില ഘട്ടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുന്ന പ്രവണതയുമുണ്ട് . ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരേണ്ടതാണ്.

കണ്‍സോര്‍ഷ്യം

ഒരു പ്രദേശത്തിന്റെ വികസന സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കും. സംഘങ്ങള്‍ ഒത്തുചേര്‍ന്നുള്ള കണ്‍സോര്‍ഷ്യങ്ങള്‍ക്ക് രൂപം നല്‍കി പ്രാദേശികമായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും അതുവഴി സര്‍ക്കാരിന്റെ ധനസഹായം നേടാനും സാധിക്കും.

നമ്മുടെ സഹകരണ ബാങ്കുകള്‍ക്ക് അനുവര്‍ത്തിക്കാന്‍ കഴിയുന്ന നല്ലൊരു മാതൃക ചൂണ്ടിക്കാട്ടട്ടെ. തൃശ്ശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ ആമ്പല്ലൂര്‍ സര്‍വീസ് ബാങ്കാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 2017 ല്‍ ഈ പ്രദേശത്ത് കടുത്ത വരള്‍ച്ച നിമിത്തം മിക്കവാറും വിളകള്‍ നശിച്ചു പോയി. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്  ബാങ്ക് ആരംഭിച്ചതാണ് മഞ്ഞള്‍ക്കൃഷി. മഞ്ഞള്‍ തിരഞ്ഞെടുക്കാന്‍ കാരണം അതിനു കുറച്ചേ വെള്ളം വേണ്ടൂ എന്നതിനാലാണ്. കോഴിക്കോട് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ( IISR ) എന്ന സ്ഥാപനമാണ് ഇവര്‍ക്കാവശ്യമായ സാങ്കേതിക സഹായം നല്‍കിയത് . ഇത്തരം പ്രദേശത്ത് നന്നായി വളരുന്നതും ധാരാളം കുര്‍ക്കുമിന്‍ ( ഈൃരൗാശി ) ഉള്ളതുമായ ഒരിനം മഞ്ഞളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയത്. ‘ പ്രതിഭ ‘ എന്നു പേരുള്ള മഞ്ഞളിന്റെ 16 കിലോ വിത്ത് തമിഴ്‌നാട്ടിലെ സത്യമംഗലത്തു നിന്നാണ് വാങ്ങിയത്. ഇത് 56 കര്‍ഷകര്‍ക്കായി വിതരണം ചെയ്തു . 26 ഏക്കര്‍ സ്ഥലത്താണ് മഞ്ഞള്‍ക്കൃഷി ആരംഭിച്ചത് . തുടര്‍ന്ന് ആമ്പല്ലൂര്‍ സഹകരണ സംഘവും വട്ടണാത്ര സഹകരണ സംഘവും ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കി. കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മുഴുവന്‍ മഞ്ഞളും സഹകരണ സംഘങ്ങള്‍തന്നെ തിരികെ വാങ്ങി ‘ സുഭക്ഷ്യ ‘ എന്ന പേരില്‍ വിപണിയിലെത്തിച്ചു . മറ്റു പ്രദേശങ്ങളിലേക്ക് കൊടുക്കാന്‍ കകടഞ ഇവിടെ നിന്നു മഞ്ഞള്‍ വിത്തുകള്‍ വാങ്ങാന്‍ തുടങ്ങി. ഇതോടെ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തുക എന്ന പ്രശ്‌നം ഇല്ലാതായി.

സമഗ്ര വികസന പദ്ധതി

സാധാരണയായി മായം ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍പ്പൊടി. അതുകൊണ്ടുതന്നെ വിശ്വാസ്യതയും ഗുണമേന്മ-യുമുള്ള മഞ്ഞള്‍പ്പൊടിക്ക് നല്ല ഡിമാന്റുണ്ട്. കുര്‍ക്കുമിന്റെ അളവ് ഇതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു . മഞ്ഞള്‍ക്കൃഷിയുടെ വ്യാപനത്തിനു വേണ്ടി അളഗപ്പനഗറിനു സമീപത്തുള്ള മറ്റ് പഞ്ചായത്തുകളിലെ സഹകരണ സ്ഥാപനങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള ആറിലേറെ സഹകരണ സംഘങ്ങളും ഒത്തുചേര്‍ന്ന് കണ്‍സോര്‍ഷ്യം വിപുലീകരിച്ചു. ഇതില്‍ അംഗങ്ങളായി കൃഷിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരുനൂറോളമായി വര്‍ധിച്ചു. കൃഷി നൂറ് ഏക്കറിലേക്ക് വ്യാപിച്ചു. ഈ ഘട്ടത്തില്‍, നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതിനായി നബാര്‍ഡ് ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തെ ചുമതലപ്പെടുത്തി. ആടു വളര്‍ത്തല്‍, മഞ്ഞള്‍ക്കൃഷി, വാഴക്കൃഷി, പച്ചക്കറിക്കൃഷി, ആടിനാവശ്യമായ തീറ്റയുണ്ടാക്കല്‍ എന്നിവയിലൂടെ അംഗങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നതും പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുക എന്നതും ലക്ഷ്യമിട്ടാണ് സമഗ്ര വികസന പദ്ധതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 50 ജെ.എല്‍.ജി. ( ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ) കളില്‍പ്പെട്ട 200 കുടുംബങ്ങള്‍ക്ക് രണ്ടു കോടി രൂപ വായ്പ അനുവദിച്ചു. ഈ വായ്പ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് വഴിയാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ ഗ്രാന്റായി അനുവദിച്ചു . ഇത് പ്രയോജനപ്പെടുത്തി മഞ്ഞള്‍ക്കൃഷിയുടെ മൂല്യവര്‍ധന, ആടുവളര്‍ത്തലിന്റെ ഭാഗമായുണ്ടാകുന്ന ഉപോല്‍പ്പന്നങ്ങളുടെ വിപണനം എന്നീ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത് . ഈ പദ്ധതിയ്ക്ക് കൃഷി , മൃഗസംരക്ഷണ , മണ്ണ് സംരക്ഷണ വകുപ്പുകള്‍, കൃഷി വിജ്ഞാന കേന്ദ്രം, ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സേവനവും സമന്വയിപ്പിക്കുന്നു. ഇത്തരത്തിലുള്ള സേവന സമന്വയമാണ് ഈ പദ്ധതിയുടെ എടുത്തു പറയേണ്ട പ്രത്യേകത.

ഒരു പ്രദേശത്തിന്റെ വികസന സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് ഈ മോഡലിന്റെ പ്രസക്തി. ഈ കണ്‍സോര്‍ഷ്യം വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്നു . കേരളത്തില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സഹകരണ സംഘങ്ങള്‍ ഒത്തു ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കുന്നത് ആദ്യമായാണ്. ഈ കണ്‍സോര്‍ഷ്യം രണ്ടു കോടി രൂപ ചെലവിട്ട് മേല്‍സൂചിപ്പിച്ച പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി അജമാംസ രസായനം വിപണിയില്‍ എത്തിച്ചു. ആയുര്‍വേദ മരുന്നുണ്ടാക്കാനായി ആട്ടിന്‍മൂത്രം ഔഷധി വാങ്ങുന്നുണ്ട് . അജാമൃതം എന്ന പേരില്‍ ആട്ടിന്‍കാട്ടവും വിപണിയിലിറക്കി. സുഭക്ഷ്യ എന്ന പേരിലുള്ള മഞ്ഞള്‍പ്പൊടിക്ക് നല്ല ഡിമാന്റുണ്ട്. ആമ്പല്ലൂര്‍ ബാങ്ക് ഒരു പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കാന്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!