പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാവുന്നത് 25 പ്രവര്‍ത്തനങ്ങള്‍ മാത്രം

moonamvazhi

രാജ്യത്തെ കാർഷിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ നിശ്ചയിച്ച് കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കുന്നു. ഒരു പ്രദേശത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ സാധ്യമാകുന്ന വിധത്തിലായിരിക്കും കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിശ്ചയിക്കുന്നതിന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 25 പ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതായിരിക്കും രാജ്യത്താകെ നടപ്പാക്കുന്ന മാതൃക ബൈലോയിൽ ഉൾപ്പെടുത്തുക.

മാതൃകാ ബൈലോ അംഗീകരിക്കുന്നതോടെ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാകും. കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ മാതൃക ബൈലോയുടെ കരട് പരിശോധിച്ച് നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതിൽ മാതൃക ബൈലോ നടപ്പാക്കുന്നതിനുള്ള എതിർപ്പ് അറിയിച്ചിട്ടില്ല. ബാങ്കിങ് പ്രവർത്തനങ്ങൾക്ക് വിലക്ക് വരുമെന്നതാണ് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പ്രധാന തിരിച്ചടി. മറ്റ് വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ നൽകുന്ന ഓൺലൈൻ ബാങ്കിംഗിനും അനുമതി ഉണ്ടാകാനിടയില്ല.

ഡയറി, ഫിഷറീസ്, എൽ.പി.ജി-ഡീസൽ-പെട്രോൾ ഡീലർഷിപ്പ് ഏജൻസി, പൊതുസേവന കേന്ദ്രം എന്നിങ്ങനെയുള്ളതാണ് പാക്സുകൾക്ക് ഏറ്റെടുക്കാവുന്ന വായ്‌പേതര പ്രവർത്തനങ്ങളായി കണക്കാക്കിയിട്ടുള്ളത്. അംഗങ്ങൾക്ക് ക്രഡിറ്റ് ഫെസിലിറ്റി തുടരാനാകും. ഈ ഓൺലൈൻ പണകൈമാറ്റ രീതിക്ക് അനുമതിയുണ്ടാകും. പക്ഷേ, ഇത്തരം ഓൺലൈൻ പണമിടപാടിന് ബാങ്കിംഗ് കറസ്‌പോണ്ടന്റ് എന്ന രീതിയിലേക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനം മാറുമെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.

ബക്ഷികമ്മിറ്റി നിർദ്ദേശിച്ച രീതിയിലേക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനം മാറുമെന്ന സൂചനയാണ് കേന്ദ്രസർക്കാർ. അതേസമയം, വായ്‌പേതര മേഖലകളിൽ പാക്‌സുകളുടെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന നബാർഡ് നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഇത് രണ്ടും ചേർത്തുള്ള പരിഷ്കരണമാണ് മോഡൽ ബൈലോയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രാഥമിക കാർഷിക വായ്പ സംഘങ്ങളെ മാറ്റണമെന്നായിരുന്നു ബക്ഷി കമ്മിറ്റിയുടെ ശുപാർശ. ഇപ്പോൾ സംസ്ഥാന-ജില്ലാ ബാങ്കുകളുമായി ബന്ധിപ്പിച്ച് അവയുടെ സഹായത്തോടെ ബാങ്കിംഗ് കറസ്പോണ്ടന്റ് എന്ന രീതിയിൽ പ്രാഥമിക സഹകരണ ബാങ്കുകൾ പ്രവർത്തിക്കാൻ കേന്ദ്രം നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News