പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ബൈലോ നിര്‍ബന്ധമാക്കും
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഇന്ത്യയിലാകെ ഒരേമാതൃകയിലുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കേന്ദ്രസഹകരണ മന്ത്രാലത്തിന്റെ തീരുമാനം. മാതൃക ബൈലോ തയ്യാറാക്കുന്നത് ഇതിനാണെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ രാജ്യസഭയില്‍ നില്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ ബൈലോ അംഗീകരിക്കുന്നതോടെ അത് രാജ്യത്താകെ നടപ്പാക്കാനാണ് തീരുമാനം.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ ബൈലോ വരുന്നതോടെ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം വന്നേക്കും. കാര്‍ഷിക സംഘങ്ങളെ വിവിധോദ്ദേശ സംഘങ്ങളാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇവ ബാങ്കിങ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനോ, ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നില്ല. അതേസമയം, അംഗങ്ങള്‍ ക്രഡിറ്റ് ഫെസിലിറ്റി ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍ ഇടപാടിന് അനുമതി നല്‍കാമെന്ന ആലോചന കേന്ദ്രസര്‍ക്കാരിനുണ്ട്. ഇത് എങ്ങനെ സാധ്യമാകുമെന്നതിനെ കുറിച്ച് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനമുണ്ടാക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഈ നടപടിയും സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര നിയന്ത്രണം വരുന്നതാകും.
കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് അമിത് ഷാ വിശദീകരിക്കുന്നത്. വില്ലേജ് തലത്തിലുള്ള മികച്ച സാമ്പത്തിക ഉദ്ദീപനം സാധ്യമാക്കുന്ന സ്ഥാപനമായി കാര്‍ഷിക സംഘങ്ങളെ മാറ്റുകയാണ് ലക്ഷ്യം. ഇതിനാണ് മാതൃക ബൈലോ തയ്യാറാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സഹകരണ ഫെഡറേഷനുകള്‍, നബാര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ എന്നിവയ്ക്ക് നല്‍കിയത്.
എല്ലാവരില്‍നിന്ന് അഭിപ്രായം സ്വരൂപിച്ചാകും ബൈലോയ്ക്ക് അന്തിമ രൂപം നല്‍കുക. 28 സംസ്ഥാനങ്ങളില്‍നിന്ന് ഇതിനകം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച് ബൈലോയ്ക്ക അന്തിമരൂപം നല്‍കുന്ന ഘട്ടത്തിലാണ്. ഇതിന് ശേഷം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഈ ബൈലോ കൈമാറും. അതിന് അനുസരിച്ച് ഓരോ സംസ്ഥാനത്തെയും സഹകരണ കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്.