പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിക്കാം

Deepthi Vipin lal

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി.

അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂവെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. റിസര്‍വ് ബാങ്ക് / നബാര്‍ഡ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഭരണ സമിതി അംഗീകരിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാം.

റിക്കറിംഗ് ഡെപ്പോസിറ്റ്, കാഷ് സര്‍ട്ടിഫിക്കറ്റ്, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കാനും പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിക്ഷേപ ബാക്കിനില്‍പ്പ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ തനതു ഫണ്ടില്‍ അധികരിക്കാന്‍ പാടില്ല, സ്വീകരിക്കുന്ന നിക്ഷേപത്തുകയുടെ 15 ശതമാനത്തില്‍ കുറയാത്ത തുക സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കരുതല്‍ധനമായി സൂക്ഷിക്കുക എന്നിവയാണു സര്‍ക്കാരിന്റെ മറ്റു നിബന്ധനകള്‍. നിബന്ധനകള്‍ക്കു വിധേയമായി Premature withdrawal അനുവദിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശ പരിഗണിച്ചാണു സര്‍ക്കാരിന്റെ ഉത്തരവ്.

പെരിന്തല്‍മണ്ണ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ആലത്തൂര്‍ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റുമാരാണു നിക്ഷേപം സ്വീകരിക്കാന്‍ അനുവാദം തേടി നിവേദനം സമര്‍പ്പിച്ചിരുന്നത്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നതിനാല്‍ പ്രാഥമിക കാര്‍ഷിക ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള പലിശയ്ക്കു ടി.ഡി.എസ്. ഈടാക്കേണ്ടതിനാല്‍ ടി.ഡി.എസ്. ഇളവാനുകൂല്യം അംഗങ്ങള്‍ക്കു നല്‍കാനാവുന്നില്ലെന്നു പ്രസിഡന്റുമാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു പ്രാഥമിക സഹകരണ ബാങ്കുകളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും ടി.ഡി.എസ്. പിടിക്കേണ്ടതില്ലാത്തതിനാല്‍ നിക്ഷേപങ്ങള്‍ക്കു ഉയര്‍ന്ന പലിശ നല്‍കാന്‍ കഴിയുന്നുണ്ടെന്നും ഇതു പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിനു ഇടിവുണ്ടാക്കുന്നതായും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനു ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമില്ലെന്ന സഹകരണ സംഘം രജിസ്ട്രാറുടെ 2010 ജൂണ്‍ 28 ലെ ഉത്തരവും നിക്ഷേപം കുറയാനുള്ള കാരണമാണെന്നു പ്രസിഡന്റുമാരുടെ നിവേദനത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!