പ്രാഥമിക സംഘങ്ങള്‍ക്കുള്ള മാതൃകാ ബൈലോ: 15 വരെ നിര്‍ദേശങ്ങള്‍ നല്‍കാം

Deepthi Vipin lal

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( PACS ) പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാതൃകാ കരടു ബൈലോയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജൂലായ് പതിനഞ്ചുവരെ അറിയിക്കാം. പ്രാഥമിക സംഘങ്ങളുടെ ഘടന, പ്രവര്‍ത്തനം, അംഗത്വം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങളാണ് ഈ കരടു ബൈലോയിലുള്ളത്.

വിദ്യാഭ്യാസം ( സ്‌കൂളുകളും കോളേജുകളും തുടങ്ങല്‍ ), ആരോഗ്യം ( ആശുപത്രി, ഡിസ്‌പെന്‍സറി, ക്ലിനിക്കല്‍ ലബോറട്ടറി, ആംബുലന്‍സ് സര്‍വീസ് എന്നിവ തുടങ്ങല്‍ ) തുടങ്ങിയ മേഖലകളില്‍ സഹകരണ സംഘങ്ങള്‍ക്കു പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ ബൈലോ നിര്‍ദേശിക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡീലര്‍ഷിപ്പ് എടുക്കാനും റേഷന്‍കട നടത്താനും പുതിയ ബൈലോ അനുസരിച്ച് സംഘങ്ങള്‍ക്ക് അനുമതി കിട്ടും. ഗുണഭോക്താക്കള്‍ക്കു നേരിട്ടു പണമെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ സംഘങ്ങള്‍ക്കും ഇനി പങ്കാളിത്തം ലഭിക്കും. സര്‍ക്കാരുകള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്ന ഡാറ്റാ സെന്ററായും സംഘങ്ങളെ മാറ്റാന്‍ ബൈലോ വഴിയൊരുക്കും. ഓണ്‍ലൈന്‍ /  ഡിജിറ്റല്‍ സര്‍വീസുകള്‍ക്കായുള്ള പൊതു സേവനകേന്ദ്രമായും പ്രാഥമിക സംഘങ്ങള്‍ മാറും. സംഘങ്ങളില്‍ ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ അവസരമുണ്ടാകും. നയരൂപവത്കരണം, കാര്‍ഷികപദ്ധതി വികസനം, വ്യാപാര വിപുലീകരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി സംഘാംഗങ്ങളുടെയും പ്രവര്‍ത്തനപരിധിയിലുള്ള പ്രദേശങ്ങളിലെ സംഘാംഗമല്ലാത്തവരുടെയും സാമൂഹിക-സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ സംഘങ്ങള്‍ക്കു സാധിക്കും.

ധനകാര്യ / ബാങ്കിങ് സ്ഥാപനങ്ങളുടെ ഏജന്റായും ബാങ്ക് മിത്ര / ബിസിനസ് കറസ്‌പോണ്ടന്റ്  /  ബിസിനസ് ഫെസിലിറ്റേറ്റര്‍ ആയും പ്രവര്‍ത്തിക്കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് അവസരം കിട്ടും. തങ്ങളുടെ പ്രവര്‍ത്തനപരിധിക്കപ്പുറത്തുള്ള പ്രദേശങ്ങളിലെ വിപണനവും മറ്റും ഇനി സംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. സംഘാംഗങ്ങള്‍ക്കു ഗുണം കിട്ടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ജനറല്‍ ബോഡിയുടെ അംഗീകാരം നേടണം.

കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയിട്ടുള്ള മാതൃകാ ബൈലോയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ നൂറാം അന്താരാഷ്ട്ര സഹകരണ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!