പ്രളയത്തില്‍ നഷ്ടമായ പണയാധാരത്തിന്റെ പകര്‍പ്പുകിട്ടാന്‍ സംഘങ്ങള്‍ നെട്ടോട്ടത്തില്‍

web desk

 

പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കിട്ടാന്‍ സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടുന്നു. ഇത്തരം രേഖകളുടെ പകര്‍പ്പ് വേഗം ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സഹകരണ സംഘങ്ങളുടെ അപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നില്ല. വ്യക്തികളുടെ അപേക്ഷകളിലാണെങ്കില്‍ സാങ്കേതിക തടസ്സം കുറവാണെന്നാണ് സഹകരണ സംഘം പ്രതിനിധികള്‍ പറയുന്നത്. നഷ്ടപ്പെട്ട പണയാധാരം തിരിച്ചുകിട്ടാത്തതാണ് സംഘങ്ങളെ പ്രധാനമായും കുഴക്കുന്നത്.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, ഏറണാകുളം ജില്ലകളിലെ സഹകരണ സംഘങ്ങളെ പ്രളയം കാര്യമായി ബാധിച്ചിരുന്നു. പല സംഘങ്ങളും വെള്ളത്തിലായിരുന്നു. ഇതുകാരണം രേഖകള്‍ പലതും നശിച്ചു. ചാലക്കൂടി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ മാത്രം ഈടായി വെച്ചിരുന്ന 279 ആധാരങ്ങളാണ് നശിച്ചുപോയത്. ഇതില്‍ 35 ആധാരങ്ങള്‍ പൂര്‍ണമായും 244 എണ്ണം ഭാഗികമായും നശിച്ചിട്ടുണ്ട്.
ആധാരങ്ങളുടെ പകര്‍പ്പ് സൗജന്യമായി സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് കാണിച്ച് സംഘങ്ങള്‍ രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫീസുകളെ സമീപിക്കാനായിരുന്നു ഐ.ജി.യുടെ നിര്‍ദ്ദേശം. രജിസ്ട്രാര്‍ ഓഫീസുകളിലാവട്ടെ ഇതുസംബന്ധിച്ചുള്ള അപേക്ഷകളില്‍ വേഗം തീര്‍പ്പുണ്ടാകുന്നുമില്ല. ആധാരം നഷ്ടമായവരുടെ പട്ടിക തയാറാക്കി രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

പണയവസ്തു ഒന്നിലധികം രജിസ്ട്രാര്‍ ഓഫീസിന് കീഴിലാണ് എന്നത് ബാങ്കുകളെ കുഴക്കുന്നുണ്ട്. ചാലക്കുടി ബാങ്കിന് ചാലക്കുടി, അന്നമനട, മാള, കോടാലി, കല്ലേറ്റുംകര എന്നീ രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് സഹായം ലഭിക്കേണ്ടതുണ്ട്. വായ്പ അടച്ചുതീര്‍ത്താലും ആധാരം തിരികെ നല്‍കാനാവാത്ത സ്ഥിതിയാണ് ഇതുമൂലം ബാങ്കുകള്‍ക്കുണ്ടാകുന്നത്.

ആധാരത്തിനു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജുകള്‍ എന്നിവിടങ്ങളില്‍നിന്ന് സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കേണ്ട രേഖകള്‍ക്കും കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. സംഘങ്ങള്‍ സഹകരണ വകുപ്പിനെ പ്രശ്നം അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ നശിച്ചുപോയ ആധാരങ്ങള്‍ക്കു പകരം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സൗജന്യമായി നല്‍കാന്‍ കാലതാമസം വരുത്തരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെടുമെന്നാണ് സംഘങ്ങള്‍ക്ക് ലഭിച്ച ഉറപ്പ്.

 

Leave a Reply

Your email address will not be published.