പൊക്കാളി നെല്ല് സംഭരണത്തിനായി സഹകരണ കണ്‍സോര്‍ഷ്യം പരിഗണയില്‍

moonamvazhi

ഔഷധമൂല്യവും ഭൗമസൂചിക പദവിയുമുള്ള പൊക്കാളി നെല്ലിന്റെ സംരക്ഷണത്തിനും സംഭരണത്തിനും വിപണനത്തിനുമായി സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് സഹകരണ വകുപ്പിന്റെ പരിഗണനയില്‍. ഉല്‍പാദന ചെലവുപോലും ലഭിക്കാത്ത വിധത്തില്‍ നെല്ല് നല്‍കേണ്ട സ്ഥിതി കര്‍ഷകരെ അലട്ടുന്നതിനുള്ള പരിഹാരമായാണ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നത്. സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് കര്‍ഷകരെ സഹായിക്കാന്‍ മാത്രമല്ല, പൊക്കാളി നെല്‍ കൃഷിയുടെ വ്യാപനത്തിനും വഴിവെക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലാണ് പൊക്കാളി നെല്‍കൃഷി കൂടുതലായി ഉള്ളത്. ഈ പ്രദേശങ്ങള്‍ കോരമ്പാടം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയാണ്. ബാങ്ക് പൊക്കാളി നെല്ല് സംഭരിച്ച് ഗ്രാമിക എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. കിലോയ്ക്ക് 55 രൂപനിരക്കിലാണ് ബാങ്ക് നെല്ല് സംഭരിക്കുന്നത്. അതേസമയം സപ്ലൈയ്‌കോ സംഭരിക്കുന്നത് 28.50 രൂപ നിരക്കിലാണ്. ഒരുകിലോ നെല്ലിന് 60 രൂപയെങ്കിലും കര്‍ഷകന് ഉല്‍പാദന ചെലവ് വരുന്നുണ്ട്. അതിനാല്‍, കര്‍ഷകര്‍ പൊക്കാളി നെല്‍കൃഷിയില്‍നിന്ന് വിട്ടുപോകുന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാനാണ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിച്ച് ഇടപെടണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് പരിഗണിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍ തലൂക്കിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്, വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് എന്നീ സംഘങ്ങളും സ്വന്തം നിലയില്‍ പൊക്കാളി കൃഷി നടത്തുകയും കര്‍ഷകരില്‍നിന്ന് സംഭരിക്കുകയും ചെയ്യുന്നുണ്ട്. ഈ സംഘങ്ങളെയെല്ലാം ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാനും നെല്ല് സംഭരിക്കാന്‍ നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗിച്ച് ഗോഡൗണ്‍ നിര്‍മ്മിക്കാനുമുള്ള ആലോചനയാണ് വകുപ്പിനുള്ളത്. ഈ നെല്ല് സഹകരണ ബ്രാന്‍ഡില്‍ കോഓപ് മാര്‍ട്ട് വഴിയും സപ്ലൈകോ വഴിയും വിപണനം നടത്താനാകുമെന്നാണ് സഹകരണ സംഘം രജിസ്ട്രാറും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!