പെന്‍ഷന്‍ബോര്‍ഡിന് കേരളബാങ്ക് നല്‍കാനുള്ളത് 24.53 കോടി; ജില്ലാബാങ്ക് കുടിശ്ശിക 87.89ലക്ഷം
സഹകരണ പെന്ഷന് ബോര്‍ഡിന് കേരളബാങ്ക് നല്‍കാനുള്ളത് 24,53,78,162 രൂപ. അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും കുടിശ്ശികയുള്ളത്. 2022 മാര്‍ച്ച് മാസം വരെയുള്ള കുടിശ്ശികയാണിത്. എന്നാല്‍, 2017 ഒക്ടോബറിന് ശേഷം എറണാകുളം ജില്ലാസഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് കണക്കാക്കാനായിട്ടില്ല. 2017 ഒക്ടോബറിന് ശേഷം ബാങ്ക് ജീവനക്കാരുടെ പ്രതിമാസ സ്റ്റാറ്റിയൂട്ടറി വിഹിതം വകമാറ്റാത്തതിനാലാണ് അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് കണക്കാക്കാനാകാത്തത്.
പെന്ഷന് ഫണ്ട് അടയ്ക്കുന്നതിലും ജില്ലാസഹകരണ ബാങ്കുകള്‍ വീഴ്ച വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലാബാങ്കുകള്‍ ഈ ഇനത്തില്‍ 87,89,804 രൂപയാണ് ബോര്‍ഡിന് നല്‍കാനുള്ളത്. തിരുവനന്തപുരം ജില്ലാബാങ്ക് 72,55,569 രൂപയും മലപ്പുറം 15,34,235 രൂപയുമാണ് കുടിശ്ശികയുള്ളത്.
നിലവിലെ പെന്‍ഷന്‍കാര്‍ക്ക് പോലും പെന്ഷന് നല്‍കാനുള്ള വരുമാനം ഇപ്പോള്‍ ബോര്‍ഡിനില്ല. ജീവനക്കാര്‍ നല്കുന്ന പെന്ഷന് വിഹിതത്തില്‍നിന്നാണ് പെന്‍ഷന്‍കാര്‍ക്ക് പണം നല്‍കുന്നത്. ആഗസ്റ്റ് മാസത്തെ പെന്ഷന് നല്കിയപ്പോള് 1,93,13,943 രൂപയാണ് ബോര്‍ഡിന് കുറവുവന്നത്. അഞ്ച് ജില്ലകളിലെ പെന്ഷന് വിതരണത്തിനാണ് ഫണ്ട് കുറവുള്ളത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് കുറവുള്ളത്. കോട്ടയം ജില്ലയില്‍ 3.01 കോടിരൂപയാണ് പെന്‍ഷനായി നല്‍കേണ്ടത്. എന്നാല്‍, ഇവിടുത്തെ പെന്‍ഷന്‍ഫണ്ട് വിഹിതത്തില്‍നിന്നുള്ള വരുമാനം 1.43 കോടിരൂപയാണ്. അതായത് പെന്ഷന് നല്കാന് 1.57 കോടിരൂപയാണ് കുറവുള്ളത്. തിരുവനന്തപുരത്ത് 58.58ലക്ഷവും, പത്തനംതിട്ടയില്‍ 28.82 ലക്ഷവും 45.17ലക്ഷവുമാണ് കുറവുള്ളത്.
അഡ്മിന്സ്ട്രേറ്റീവ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയ കേരളബാങ്കിനെതിരെ റവന്യു റിക്കവറി നടപടി സ്വീകരിക്കാന്‍ പെന്ഷന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, കേരളബാങ്കും, ജില്ലാബാങ്കും പെന്ഷന് ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് റവന്യു റിക്കവറിക്ക് സ്റ്റേ വാങ്ങിയിട്ടുണ്ട്.