പുതിയ കാർഷിക സംസ്കാരത്തിലൂടെ സഹകരണ സംഘങ്ങൾക് വിഭവങ്ങൾ പങ്കുവെക്കുന്ന ഉൽപ്പാദന രീതി സൃഷ്ടിക്കാൻ കഴിയും.

adminmoonam

പുതിയ കാർഷിക സംസ്കാരത്തിലൂടെ സഹകരണ സംഘങ്ങൾക് വിഭവങ്ങൾ പങ്കുവെക്കുന്ന ഉൽപ്പാദന രീതി സൃഷ്ടിക്കാൻ കഴിയും.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിന് ശേഷം ഡോക്ടർ. എം. രാമനുണ്ണിയുടെ പരമ്പര തുടരുന്നു. ലേഖനം-4.

വേട്ടയാടിയും,കായ്കനികൾ ഭക്ഷിച്ചും, നടന്നിരുന്ന മനുഷ്യർ ഒരു സ്ഥലത്ത് സെറ്റിൽ ചെയ്തത് കൃഷിയുടെ ആവിർഭാവത്തോടെയാണ്. മനുഷ്യർ കൂട്ടമായി ജീവിക്കാൻ ആരംഭിച്ചപ്പോൾ പരസ്പരം സഹായിക്കാനും, സഹകരിക്കാനും തുടങ്ങി. ചുരുക്കത്തിൽ കൃഷിയിലൂടെ സഹകരണവും, സഹകരണത്തിലൂടെ കൃഷിയും സാധ്യമാണ് എന്ന് ആധുനിക സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് നമ്മുടെ മുൻഗാമികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ പതുക്കെ കൃഷിയിൽ നിന്നും, കാർഷിക പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയുന്നുവെന്ന പരാതി നിലവിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയേണ്ടതുണ്ട് . കാർഷിക മേഖലയിലെ ഇടപെടൽകൊണ്ട് ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും.

നമ്മുടെയെല്ലാം കുട്ടിക്കാലത്ത്, അയൽ വീട്ടുകാർ തമ്മിൽ ഏറെ സഹകരിച്ചാണ് ജീവിച്ചിരുന്നത്. ഏതെങ്കിലും ഒരു വീട്ടിൽ അവിചാരിതമായി അതിഥി വന്നാൽ, അയൽപക്കത്തുനിന്ന് പഞ്ചസാര, ചായ, ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്ന പതിവ് ഉണ്ടായിരുന്നു. പരസ്പരം പങ്കുവെച്ച് ജീവിച്ചിരുന്ന കേരളസമൂഹത്തെ യാണ് സൂചിപ്പിക്കുന്നത്. ഇതേ രീതി തന്നെ കാർഷിക മേഖലയിൽ പുനരാരംഭിക്കാൻ കഴിഞ്ഞാൽ അത് സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന് കാരണമാകും. ഇത്തരത്തിലുള്ള ഒരു നിർദ്ദേശമാണ് ആണ് ചുവടെ ചേർക്കുന്നത്.

ഒരു സഹകരണ സ്ഥാപനത്തിൻറെ പരിധിയിൽ കൃഷിക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു കേന്ദ്രം സജ്ജീകരിക്കുന്നതാണ് ഈ പ്രവർത്തനത്തിൻറെ ആദ്യഘട്ടം. നടീൽ വസ്തുക്കൾ. വിത്തുകൾ. ജൈവവളം. ജൈവ കീടനാശിനി. യന്ത്രോപകരണങ്ങൾ എന്നിവയെല്ലാം ഒരു ക്കാവുന്നതാണ്. ഇതുകൂടാതെ ഗ്രോബാഗ്, പന്തലിന് ആവശ്യമായ വല, എന്നിവയും ഒരുക്കുന്നതാണ്.

തുടർന്ന് കാർഷികമേഖലയിൽ ഇടപെടാൻ ആഗ്രഹിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും. അവരുടെ നിലവിലുള്ള കൃഷിയിടത്തിൽ ഏതെങ്കിലും കാർഷികവിളകൾ ആരംഭിക്കാൻ തയ്യാറാണെങ്കിൽ സഹകരണസംഘത്തിന് അതിന് ആവശ്യമായ സഹായം നൽകുകയും ചെയ്യാവുന്നതാണ്. പുരയിടത്തിൽ നടത്തുന്ന കൃഷി എന്ന രീതിയിൽ ചെറിയ ധനസഹായം, ഹൃസ്വകാല കാർഷിക വായ്പ എന്ന നിലയിൽ അനുവദിക്കാവുന്നതാണ്. ഇത്തരത്തിൽ കൃഷിക്ക് സന്നദ്ധരായവരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുക എന്നതാണ് അടുത്ത ഘട്ട പ്രവർത്തനം.

ഓരോ ക്ലസ്റ്ററിലും, അതിൽ ഉൾപ്പെട്ട വീടുകളിലും ആരംഭിക്കുന്ന കാർഷികവിളകൾ ഏതെന്ന് ചർച്ച ചെയ്തു തീരുമാനിക്കാവുന്നതാണ്. ഓരോ വിളകളും ഏതാനും വീടുകളിൽ മാത്രം കൃഷി ചെയ്യുന്നപക്ഷം അവരുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് അടുത്ത കുടുംബത്തിന് നൽകാവുന്നതാണ്.

ഇതുവഴി കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടായാൽ വിൽപ്പനയ്ക്ക് നേരിടുന്ന പ്രയാസം ഒഴിവാക്കാൻ കഴിയും. തന്നെയുമല്ല ഓരോ ഭവനങ്ങളിലും ചെറിയ തോതിൽ കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി പച്ചക്കറിയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സാധിക്കും. ഇതുമൂലം ജനങ്ങൾ തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഉൽപ്പന്നങ്ങൾ പങ്കുവെക്കുന്നതിനും സാധിക്കുന്നു .ഇത് പുതിയ കാർഷിക സംസ്കാരത്തിന് വഴിയൊരുക്കും. ജനങ്ങൾ തമ്മിൽ വിഭവങ്ങൾ പങ്കുവെക്കുന്ന ഉത്പാദന രീതി സൃഷ്ടിക്കാൻ കഴിയും.

Leave a Reply

Your email address will not be published.