പിറന്നിട്ടും തെളിയാതെ കേരള ബാങ്ക്

Deepthi Vipin lal

(2020 ജനുവരി ലക്കം)

സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ സംയോജിച്ച് കേരള ബാങ്ക് രൂപം കൊണ്ടെങ്കിലും അത് ഒറ്റ ബാങ്കായിത്തീരാന്‍ ഇനിയും സമയമെടുക്കും. കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കായിത്തീരാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം? ‘ മൂന്നാംവഴി ‘ അന്വേഷിക്കുന്നു.

കേരള ബാങ്ക് രൂപവത്കരിച്ചതായുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയെങ്കിലും ആ പിറവി പൂര്‍ത്തിയായോ എന്ന കാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാണ്. ഇപ്പോള്‍ ലയനം മാത്രമാണ് നടന്നിട്ടുള്ളത്. അതായത്, ജില്ലാ ബാങ്കുകള്‍ ഇല്ലാതാവുകയും അവ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമാവുകയും ചെയ്തു. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കാണോ കേരള ബാങ്ക് എന്ന സംശയം ഇപ്പോഴുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് അല്ല കേരള ബാങ്ക്. ഘടനയിലും പ്രവര്‍ത്തനത്തിലും പേരിലും മാറ്റമുള്ളതാണ് കേരള ബാങ്ക് എന്ന ആശയം. രാഷ്ട്രീയത്തര്‍ക്കങ്ങള്‍ കേരളബാങ്കിന്റെ പിറവി വൈകിപ്പിച്ചുവെന്നത് വസ്തുതയാണ്. രാഷ്ട്രീയ എതിര്‍പ്പുകള്‍ മറികടക്കുന്നതിനുള്ള പെടാപ്പാടിനിടയില്‍ കേരള ബാങ്കിന് കൃത്യമായ ഒരു റൂട്ട് മാപ്പുണ്ടാക്കുന്നതില്‍ വീഴ്ച വന്നു എന്നതും സമ്മതിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് പേര്. കേരള ബാങ്കിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമ്പോള്‍പോലും അത്തരമൊരു പേര് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. കേരള സഹകരണ ബാങ്ക് എന്നാണ് ശ്രീറാം കമ്മിറ്റി നിര്‍ദേശിച്ച പേര്. കേരള സഹകരണ ബാങ്ക് കേരള ബാങ്കായി അറിയപ്പെടുമെന്നതായിരുന്നു കണക്കുകൂട്ടല്‍.

സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസന്‍സിലാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അതായത്, ലയനം പൂര്‍ത്തിയാകുന്നതിനൊപ്പം സംസ്ഥാന സഹകരണ ബാങ്കിന്റെ പേരും മാറണം. ലയന നടപടികള്‍ക്കൊപ്പം ഇതിനുള്ള കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ പേരാണ് മാറേണ്ടിയിരുന്നത്. ഈ നടപടിക്ക് ലയനവുമായി ബന്ധവുമില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ പേര് കേരള സഹകരണ ബാങ്ക് എന്നാക്കി ബൈലോ ഭേദഗതി ചെയ്യണം. ഈ ഭേദഗതിക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരം വാങ്ങണം. കേരള സഹകരണ ബാങ്ക് എന്നാണെങ്കിലും കേരള ബാങ്ക് എന്നപേരില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കണം. ലയനത്തിനൊപ്പം ഈ നടപടികള്‍ കൂടി സംസ്ഥാന സഹകരണ ബാങ്ക് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ പിറവിക്കൊപ്പം തന്നെ കേരള ബാങ്ക് ആ പേരില്‍ അറിയപ്പട്ടേനേ. ജില്ലാ സഹകണ ബാങ്കുകളുടെ എല്ലാ ഓഫീസുകളുടെയും ബോര്‍ഡ് സംസ്ഥാന സഹകരണ ബാങ്ക് എന്നാക്കി മാറ്റുമ്പോള്‍ പൊതുജനങ്ങളില്‍ പൊതുവേയും ഇടപാടുകാരില്‍ പ്രത്യേകിച്ചും കേരള ബാങ്ക് യാഥാര്‍ഥ്യമായില്ലേ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.

ഏകോപനം നീളും

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചെങ്കിലും ഒറ്റ ബാങ്കായി പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കും. കോര്‍ബാങ്കിങ് പൂര്‍ത്തിയായാലേ എല്ലാ ഇടപാടുകാര്‍ക്കും എല്ലാ ശാഖകളിലും ഒരേപോലെ ഇടപാട് നടത്താനാകൂ. കേരള ബാങ്കിന്റെ ഭരണ സംവിധാനം ഏകീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഇനി കേരള ബാങ്ക് എന്ന രീതിയില്‍ ഒറ്റ ഭരണസമിതിക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനായി മൂന്നംഗ ഇടക്കാല ഭരണസമിതി രൂപവത്കരിച്ചിട്ടുണ്ട്. അതേസമയം, ബാങ്കിങ് പ്രവര്‍ത്തനം ജില്ലാ ബാങ്കുകളുടേതായി തല്‍ക്കാലം തുടരും. ഇതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും ഏറെയുണ്ട്. ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിക്ക് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്നതാണ് പ്രധാന പ്രശ്‌നം. വകുപ്പിന്റെ ഉത്തരവോ രജിസ്ട്രാറുടെ സര്‍ക്കുലറോ മാത്രം ഇക്കാര്യത്തില്‍ മതിയാവില്ല. സഹകരണ സംഘം ഒരു സ്വയംഭരണ സ്ഥാപനമാണ്. അതിന്റെ നിയന്ത്രണാധികാരമാണ് സര്‍ക്കാരിനും രജിസ്ട്രാര്‍ക്കുമുള്ളത്. പൊതുയോഗമാണ് ഒരു സഹകരണ സംഘത്തിന്റെ അന്തിമ അധികാര കേന്ദ്രം. ജില്ലാ ബാങ്കിന് ഈ ഭരണ സംവിധാനം ഇപ്പോഴില്ല. പൊതുയോഗം തിരഞ്ഞെടുക്കുന്ന ഒരു ഭരണസമിതിയാണ് അതിന്റെ ഭരണം നടത്തേണ്ടത്. അത്തരമൊരു ഭരണസമിതിയും ജില്ലാ ബാങ്കിന് ഇ്‌പ്പോഴില്ല. സംഘത്തിന്റെ ബൈലോ അനുസരിച്ചാണ് ഭരണസമിതിയുടെയും ജീവനക്കാരുടെയും അധികാരവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്.

ജില്ലാ ബാങ്കുകള്‍ ലയനശേഷവും ജില്ലാ ബാങ്കുകളായിത്തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ ഏതു ബൈലോ ആണ് ബാധകമാവുകയെന്നതാണ് പ്രശ്‌നം. സംസ്ഥാന സഹകരണ ബാങ്കിന്റെ ബൈലോ അനുസരിച്ചാണെന്ന് നിയമപരമായി ഉറപ്പാക്കിയാലേ ഇടക്കാല ഭരണസമിതിക്ക് ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഉണ്ടാകാനിടയുള്ളൂ. നിയമത്തിലെ അവ്യക്തതയും പ്രവര്‍ത്തനത്തിലെ ആശയക്കുഴപ്പവും കേരള ബാങ്കിന് ഇപ്പോഴുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ നീങ്ങിയാല്‍ നിയമക്കുരുക്ക് ഒഴിവാകുമെന്ന് മാത്രം. എന്തായാലും, കേരള ബാങ്ക് സാങ്കേതിക അര്‍ഥത്തിലെങ്കിലും പിറവി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായില്ലെങ്കിലും 771 ശാഖകകള്‍ ഇപ്പോള്‍ അതിനുണ്ട്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കണമെന്നാണ് സര്‍ക്കാരിന്റെയും തീരുമാനം. അതിന്, മലപ്പുറം ജില്ലാ ബാങ്ക് പൊതുയോഗമാണ് അന്തിമാനുമതി നല്‍കേണ്ടത്. അതിനുള്ള അവസരം വീണ്ടും നല്‍കിയേക്കും. ഇടക്കാല ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക.

കേരള ബാങ്കായി മാറിയിട്ടുണ്ടെങ്കിലും ജില്ലാ ബാങ്കുകള്‍ അവയുടെ ബാങ്കിങ് ലൈസന്‍സില്‍ത്തന്നെ പ്രവര്‍ത്തിക്കും. ചെക്ക്, ഡ്രാഫ്റ്റ്, എ.ടി.എം.കാര്‍ഡ് തുടങ്ങിയ ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ഉപകരണങ്ങള്‍ അതേരീതിയില്‍ ഇടപാടുകാര്‍ക്ക് ഉപയോഗിക്കാം. കേരള ബാങ്കിന്റെ ഭരണസമിതിക്ക് കീഴിലാണ് ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനമെങ്കിലും ഒരു ജില്ലാ ബാങ്കിലെ ഇടപാടുകാരന് മറ്റൊരു ജില്ലാ ബാങ്കിലോ സംസ്ഥാനബാങ്കിലോ തല്‍ക്കാലം ഇടപാട് നടത്താനാവില്ല. ജില്ലാ ബാങ്കുകളുടെ നയപരമായ തീരുമാനം ഇനി കേരള ബാങ്കിന്റെ ഭരണസമിതിയാണ് കൈക്കൊള്ളുക.

കോര്‍ബാങ്കിങ്ങിന് പത്തുമാസം

കേരള ബാങ്ക് പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നതിന് ഏകീകൃത ബാങ്കിങ് സംവിധാനം ഒരുക്കണം. കോര്‍ബാങ്കിങ്, പേയ്‌മെന്റ് സ്വിച്ച് എന്നിവ ഒരുക്കുന്നതിനുള്ള ടെണ്ടര്‍ നടപടി അന്തിമഘട്ടത്തിലായിട്ടേയുള്ളൂ. കോര്‍ബാങ്കിനുള്ള കരാര്‍ ഉടന്‍ നല്‍കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 2020 സെപ്റ്റംബറില്‍ കോര്‍ബാങ്കിങ് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. അതുവരെ ജില്ലാ ബാങ്കുകള്‍ നിലവിലെ രീതിയില്‍ത്തന്നെ പ്രവര്‍ത്തിക്കും. 2020 മാര്‍ച്ച് 31 നു മുമ്പായി ഏകീകൃത ബാങ്കിങ് സംവിധാനം വരുത്തണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. അതുകഴിഞ്ഞാല്‍ ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് നീട്ടി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുണ്ടായില്ലെങ്കില്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഇക്കാര്യത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പ്രവര്‍ത്തനം ഇനി കേരള ബാങ്ക് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. കോഴിക്കോട് ജില്ലാ ബാങ്കിന്റെ എന്‍.ആര്‍.ഐ. ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത് ഒരു സൂചനയായി കാണേണ്ടിയിരിക്കുന്നു. ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കാതിരിക്കുകയും എന്‍.ആര്‍.ഐ. ലൈസന്‍സിന്റെ കാലാവധി ഇനിയും ഉണ്ടാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് റദ്ദാക്കല്‍ നടപടി റിസര്‍വ് ബാങ്ക് സ്വീകരിച്ചത് . അതായത്, കേരള ബാങ്കിന് പ്രത്യേകിച്ച് ഒരു പരിഗണനയും റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്ന് സാരം. ഈ നിലപാടാണ് ആര്‍.ബി.ഐ. സ്വീകരിക്കുന്നതെങ്കില്‍ കേരള ബാങ്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. നിലവിലെ ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്ന സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ പോലും പാടുപെടേണ്ടിവരും.

ആധുനിക ബാങ്കിങ് സൗകര്യം സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ഉറപ്പുവരുത്തുകയാണ് കേരള ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അത് നേടുന്നതിനൊപ്പം നിലവിലെ സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് മുടങ്ങാതിരിക്കുകയും വേണം. ഈ രണ്ടു കാര്യങ്ങള്‍ക്കും മുന്‍ഗണനാക്രമത്തില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളും നേടിയെടുക്കേണ്ട അനുമതികളും നിശ്ചയിക്കേണ്ടതുണ്ട്. അതില്‍ വീഴ്ച വന്നാല്‍ ഇപ്പോള്‍ എന്‍.ഐ.ഐ. നിക്ഷേപം നഷ്ടമായ രീതിയില്‍ മറ്റ് സേവനങ്ങളും ഇല്ലാതായേക്കും. അത് സഹകരണ മേഖലയെത്തന്നെ ദോഷമായി ബാധിക്കും. മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയ്ക്കുള്ള അനുമതി കേരള ബാങ്കിന് ലഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലാ ബാങ്ക് ഇടപാടുകള്‍ക്കും ലഭിക്കണമെങ്കില്‍ അതിന് കോര്‍ബാങ്കിങ് ഉള്‍പ്പടെയുള്ള സാങ്കേതിക ഏകോപനം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ജില്ലാ ബാങ്കുകളില്‍ ഉപസമിതി

കേരള ബാങ്ക് യാഥാര്‍ഥ്യമായെങ്കിലും സാങ്കേതികമായി ജില്ലാ ബാങ്കുകളെ ഏകോപിപ്പിക്കാനായിട്ടില്ല. ജില്ലാ ബാങ്കുകള്‍ അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലും അവിടെ ഭരണസമിതിയില്ലാത്തതിനാലും ഉദ്യോഗസ്ഥതലത്തിലുള്ള സമിതിക്ക് അധികാരം പങ്കിട്ടു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ജില്ലാ ബാങ്കുകള്‍ മുമ്പുള്ളപോലെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ ബാങ്കുകള്‍ക്ക് ഇപ്പോള്‍ ഭരണസമിതിയില്ല. നേരത്തെ ഭരണസമിതി കൈകൊണ്ട നയപരമല്ലാത്ത എല്ലാ തീരുമാനങ്ങളും ഉപസമിതിക്ക് കൈമാറിക്കൊണ്ടാണ് പ്രത്യേക സര്‍ക്കുലറിറക്കിയത്. ജനറല്‍ മാനേജരും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരും അടങ്ങുന്നതാണ് ഉപസമിതി. ഓരോ ജില്ലാ ബാങ്കിന്റെയും ദൈനംദിന കാര്യങ്ങളിലെ തീരുമാനമെടുക്കാന്‍ പ്രായോഗികമായി കേരള ബാങ്കിന്റെ ഭരണസമിതിക്ക് കഴിയില്ല. അതാണ്, ജില്ലാതലത്തില്‍ത്തന്നെ ഉദ്യോഗസ്ഥരുടെ ഉപസമിതി രൂപവത്കരിച്ചത്. അവര്‍ക്ക് തീരുമാനമെടുക്കാവുന്ന കാര്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ദൈനംദിന ബാങ്കിങ്ങിനാവശ്യമായ എല്ലാ തീരുമാനങ്ങളും ഉപസമിതിക്കെടുക്കാം. നിലവില്‍ നല്‍കുന്ന എല്ലാ സേവനങ്ങളും അതേപോലെ തുടരാനാവണം. ഇതിന് ജില്ലാ ബാങ്കുകള്‍ക്ക് ബാധകമായ നിര്‍ദേശങ്ങളും സര്‍ക്കുലറുകളുമനുസരിച്ച് നടപടി സ്വീകരിക്കാം.

വായ്പ നല്‍കുന്നതിനും മറ്റ് സേവനം ഉറപ്പാക്കുന്നതിനും തീരുമാനമെടുക്കുന്നതിനുള്ള വിവേചനാധികാരം ഉപസമിതിക്കുണ്ടാകും. ഓരോ ബാങ്കിലെയും ജീവനക്കാര്‍ക്ക് ഇതുവരെയുണ്ടായിരുന്ന അധികാരങ്ങള്‍ അതേ രീതിയില്‍ തുടരും. നിലവിലുള്ള കേസുകളിലും മറ്റ് നിയമനടപടികളിലും ഉപസമിതിക്ക് തുടരാം. ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, ശമ്പളനിര്‍ണയം, വിരമിക്കല്‍ ആനുകൂല്യം നല്‍കല്‍, അച്ചടക്കനടപടി, ശമ്പളരഹിത അവധി എന്നീ കാര്യങ്ങളെല്ലാം കേരളബാങ്കിന്റെ ഇടക്കാല ഭരണസമിതിയുടെ അധീനതയിലായിരിക്കും. ശമ്പളവിതരണം, അവധി അനുവദിക്കല്‍, ജോലി സൗകര്യത്തിനുവേണ്ടിയുള്ള സ്ഥലംമാറ്റം, ഇന്‍ക്രിമെന്റ് അനുവദിക്കല്‍ എന്നിവ ജില്ലാ ബാങ്കുകളിലെ ഉപസമിതിക്ക് ചെയ്യാം. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ഫണ്ട്, പെന്‍ഷന്‍ബോര്‍ഡ്, വെല്‍ഫയര്‍ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും കേരള ബാങ്കിന്റെ ഭരണസമിതിയുടെ അനുമതിയോടെയാവണം. ഇങ്ങനെയാണ് നിര്‍ദ്ദേശം.

മലപ്പുറവും പ്രവാസി നിക്ഷേപവും

മലപ്പുറം ജില്ലാ ബാങ്ക് ഇപ്പോള്‍ കേരള ബാങ്കിന്റെ ഭാഗമല്ല. 2019 ല്‍ സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ജില്ലാ ബാങ്കുകളെന്ന കേന്ദ്ര സഹകരണ സംഘം കാലഹരണപ്പെട്ടു. അതിനാല്‍, മലപ്പുറം ജില്ലാ ബാങ്കിന് ഇനി നിയമ പിന്‍ബലം കിട്ടണമെങ്കില്‍ നിയമത്തില്‍ അതിനുള്ള വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍, കേരള ബാങ്കിന്റെ ഭാഗമാവാന്‍ അവര്‍ തീരുമാനമെടുക്കണം. പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളുമാണ് കേരള ബാങ്കിലെ അംഗങ്ങളെന്നാണ് നിയമത്തിലെ വ്യവസ്ഥ. മലപ്പുറത്തെ പ്രാഥമിക ബാങ്കുകളെ ഇതില്‍നിന്ന് നിയമപരമായി ഒഴിവാക്കിയിട്ടില്ല. ഇക്കാര്യങ്ങളിലൊന്നും ഒരു വ്യക്തത ഉണ്ടായിട്ടില്ല. മലപ്പുറം മാറി നില്‍ക്കുന്നതോടെ സഹകരണ മേഖലയില്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. നിയമപരമായ അസ്തിത്വം തന്നെയാണ് പ്രധാനം. ഇക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല. മലപ്പുറം ജില്ലാ ബാങ്കിലെ എല്ലാ ജീവനക്കാരും കേരള ബാങ്കിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. മലപ്പുറം ജില്ലാ ബാങ്കിന് ഒറ്റയ്ക്ക് നിലനില്‍പ്പില്ലെന്നാണ് ജീവനക്കാരുടെ വാദം. നിയമപരമായി അതിന് പിന്‍ബലമില്ലെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനവും. എന്നാല്‍, ജില്ലാ ബാങ്കിലെ അംഗ സംഘങ്ങള്‍ ഏറെയും യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. യു.ഡി.എഫ്. കേരള ബാങ്കിന് എതിരായ നിലപാടില്‍ മാറ്റം വരുത്തിയിട്ടുമില്ല. അതിനാല്‍, സഹകരണ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ ഒരു രാഷ്ട്രീയ സമവായമാണ് വേണ്ടത്. അതിനുള്ള ഒരിടപെടലും ഇപ്പോള്‍ ഉണ്ടായിട്ടില്ല. ജീവനക്കാരുടെ സമ്മര്‍ദ്ദം മലപ്പുറത്തെക്കൂടി കേരള ബാങ്കിലേക്ക് എത്തിക്കാനുള്ള വഴിയാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്.

അതേസമയം, കേരള ബാങ്ക് പൂര്‍ണ സജ്ജമാകാത്തത്് തല്‍ക്കാലം മലപ്പുറത്തിന് ആശ്വാസമാണ്. പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള കോഴിക്കോട് ജില്ലാ ബാങ്കിന്റെ ലൈസന്‍സ് ആര്‍.ബി.ഐ. റദ്ദാക്കിയതിനാല്‍ പ്രത്യേകിച്ചും. തല്‍ക്കാലും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഒരു ഭീഷണിയും മലപ്പുറം ജില്ലാ ബാങ്കിന് നേരിടാനില്ലെന്നതാണ് കാരണം. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുകമ്പ വേണം. മലപ്പുറത്തിന് സര്‍ക്കാരിന്റെ സഹായവും വേണം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

കേരള ബാങ്ക് രൂപവത്കരിച്ചതിനാല്‍ നേരത്തെ ജില്ലാ ബാങ്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ തുടരാനാവില്ലെന്ന നിലപാടാണ് കോഴിക്കോട് ജില്ലാ ബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനമികവ് അനുസരിച്ച് മാത്രമേ ആധുനിക ബാങ്കിങ് ലൈസന്‍സുകള്‍ നിലനിര്‍ത്താനാവുള്ളൂവെന്നാണ് റിസര്‍വ് ബാങ്കിന്റെ ഫോറിന്‍ എക്‌സേഞ്ച് വിഭാഗം നല്‍കിയ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി ആര്‍.ബി.ഐ. റദ്ദാക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ ബാങ്കില്‍ 80 കോടി രൂപ പ്രവാസികളുടെ നിക്ഷേപമായുണ്ട്. ഇത് ആറു മാസത്തിനുള്ളില്‍ തിരികെ നല്‍കണം. പുതിയ നിക്ഷേപങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ആര്‍.ടി.ജി.എസ്. സംവിധാനമുള്ള കോഴിക്കോട് ജില്ലാ ബാങ്കിന്റെ പ്രവാസി നിക്ഷേപ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഫോറിന്‍ എക്‌സേഞ്ച് സൗകര്യമുള്ള എവിടെ നിന്നും കോഴിക്കോട് ജില്ലാ ബാങ്കിലേക്ക് പണം നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത. രണ്ടു വര്‍ഷത്തിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്തരമൊരു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി ജില്ലാബാങ്ക് നേടിയെടുത്തത്.

പ്രവാസി നിക്ഷേപത്തിനുള്ള ലൈസന്‍സ് നേടാനാവശ്യമായ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം പാലിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന് ഇപ്പോള്‍ കഴിയില്ല. കേരള ബാങ്ക് രൂപവത്കരണത്തിന്റെ ഓരോ ഘട്ടത്തിലും പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി റദ്ദാകുമോയെന്ന ആശങ്ക സഹകാരികള്‍ ഉയര്‍ത്തിയിരുന്നു. അങ്ങനെയൊന്നുണ്ടാവില്ലെന്ന ഉറപ്പാണ് സഹകരണ മന്ത്രിയടക്കം നല്‍കിയത്. എന്നാല്‍, മാനദണ്ഡങ്ങളില്‍ ഇളവു നല്‍കാനാവില്ലെന്ന കര്‍ശന നിലപാടാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നതെന്നാണ് അനുമതി റദ്ദാക്കിയതോടെ വ്യക്തമാകുന്നത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുളുടെ എല്ലാ ശാഖകളും കേരള ബാങ്കിന്റേതാക്കി മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്റെ ശാഖാ ലൈസന്‍സ് എടുക്കണമെന്ന് ആര്‍.ബി.ഐ. നിര്‍ദേശമുണ്ട്. ഇക്കാര്യത്തിലും മാനദണ്ഡങ്ങളില്‍ ഇളവു നല്‍കിയില്ലെങ്കില്‍ അത് കേരള ബാങ്കിനെ ബാധിക്കും.

അവസാന മൂന്നു വര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായിരിക്കണം, മൂലധന പര്യാപ്തത പത്തു ശതമാനമുണ്ടായിരിക്കണം, അവസാന മൂന്നു വര്‍ഷം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എ ഗ്രേഡിലായിരിക്കണം, മൂന്നു വര്‍ഷത്തെ നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ടും എ ഗ്രേഡ് ആയിരിക്കണം എന്നിവയൊക്കെയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡം. ഇതില്‍ മൂലധനപര്യാപ്തത ഒഴികെയുള്ളവയൊന്നും കേരള ബാങ്കിന് ഇപ്പോള്‍ പാലിക്കാനാവില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രമാണ് സംസ്ഥാന ബാങ്കിന് നേരിയ ലാഭമുണ്ടാക്കാനായത്. ആഭ്യന്തര പരിശോധനയിലൊന്നും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് കണ്ടെത്താന്‍ പാടില്ലെന്ന നിബന്ധനയും റിസര്‍വ് ബാങ്കിനുണ്ട്.

സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവാസിനിക്ഷേപം കൊണ്ടുവരാനാകുമെന്നതാണ് കേരള ബാങ്ക് രൂപവത്കരണത്തിന്റെ പ്രധാന നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നത്. 1.30 ലക്ഷം കോടി രൂപയുടെ പ്രവാസിനിക്ഷേപം കേരളത്തിലുണ്ടെന്നും അതിന്റെ പാതിയെങ്കിലും കേരള ബാങ്കിലെത്തിക്കാനാകുമെന്നുമായിരുന്ന സഹകരണ മന്ത്രിയുടെ വാഗ്ദാനം. അതിന് തടസ്സമാകുന്ന നിലപാടാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്നുണ്ടായിരിക്കുന്നത്. കേരള ബാങ്കിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നുമാത്രമല്ല, ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കുക കൂടി ചെയ്തതോടെ സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവാസിനിക്ഷേപത്തിന്റെ സാധ്യത താല്‍ക്കാലികമായെങ്കിലും ഇല്ലാതായി.

കേരളത്തിന്റെ ബാങ്കാവാന്‍

കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയാണ് കേരളത്തിന്റെ സ്വന്തം ബാങ്കായി കണക്കാക്കിയിരുന്നത്. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചു. ആ ഒഴിവാണ് കേരള ബാങ്കിലൂടെ നികത്താന്‍ ലക്ഷ്യമിടുന്നത്. എസ്.ബി.ടി.യുടെ ഒഴിവ് നികുത്തുകയെന്നത് സാങ്കേതിക പ്രയോഗം മാത്രമാണ്. എസ്.ബി.ടി.യേക്കാള്‍ അടിത്തറയുള്ളതും ഗ്രാമീണ മേഖലയില്‍പ്പോലും ബാങ്കിങ് സാധ്യമാക്കുന്നതുമായ ധനകാര്യ സ്ഥാപനമാണ് കേരള ബാങ്കിലൂടെ നിലവില്‍ വരുന്നത്. മലപ്പുറം ജില്ലാ ബാങ്ക് പങ്കാളിയായില്ലെങ്കിലും 771 ശാഖകള്‍ നിലവില്‍ കേരള ബാങ്കിനുണ്ടാകും. പ്രാഥമിക സഹകരണ ബാങ്കുകളെക്കൂടി കേരള ബാങ്കിന്റെ സേവനം ലഭ്യമാക്കുന്ന ശൃംഖലയിലേക്ക് കൊണ്ടുവരുമ്പോള്‍ 4599 അധിക ശാഖകള്‍ കൂടിയാകും. ഇത്രയും വലിയ ബാങ്കിങ് ശൃംഖലയുള്ള ഒരു ധനകാര്യ സ്ഥാപനവും ഇന്ന് കേരളത്തിലില്ല. രണ്ടേ കാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ മേഖലയിലുള്ളത്. ഇത് ഇന്ത്യയിലെ സഹകരണ ബാങ്കിങ് നിക്ഷേപത്തിന്റെ പകുതിയിലേറെ വരും. കേരളത്തിലെ സഹകരണ ബാങ്കിങ് അടിത്തറ എത്ര ശക്തവും ഈ മേഖലയുടെ ജനകീയ വിശ്വാസം എത്ര വലുതുമാണെന്ന് നിക്ഷേപത്തിന്റെ ഈ തോത് കാണിക്കുന്നു. 1642 പ്രാഥമിക സഹകരണ ബാങ്കുകളാണ് നിക്ഷേപത്തിന്റെ ഏറിയ പങ്കും സമാഹരിച്ചിട്ടുള്ളത്. ഒരു വില്ലേജ് മാത്രം പ്രവര്‍ത്തനപരിധിയുള്ള ബാങ്കുകളാണിവ. ഗ്രാമീണ-കാര്‍ഷിക മേഖലയുടെ പ്രധാന സാമ്പത്തിക ഇടപാടുകേന്ദ്രവും ഈ പ്രാഥമിക സഹകരണ ബാങ്കുകളാണ്. ഒന്നരക്കോടിയിലേറെ ഇടപാടുകാരാണ് സഹകരണ ബാങ്കുകളിലാകെയുള്ളത്. സഹകരണ ബാങ്കിങ് മേഖലയിലെ പരിഷ്‌കരണം ഏറെ ഗൗരവമുള്ളതും സാമ്പത്തിക ഘടനയെ സ്വാധീനിക്കുന്നതുമാണെന്ന് ഇതെല്ലാം ബോധ്യപ്പെടുത്തുന്നു. അത്തരമൊരു മാറ്റത്തിനാണ് കേരളബാങ്ക് വഴിതുറന്നിട്ടുള്ളത്. ഇതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ലക്ഷ്യത്തിലെത്തിക്കേണ്ടത് ഒരു വലിയ ഉത്തരവാദിത്തമാണ്.

ഒരു പേരും 14 ബാങ്കിങ് സ്ഥാപനങ്ങളായുള്ള പ്രവര്‍ത്തനവുമാണ് കേരള ബാങ്കിന് ഇപ്പോഴുള്ളത്. ഏതു ബാങ്കിങ് സ്ഥാപനങ്ങളുടെയും ലയനഘട്ടം ഇങ്ങനത്തന്നെയാകും. പക്ഷേ, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ഒറ്റ ബാങ്കാക്കി മാറ്റാനുള്ള ബുദ്ധിമുട്ടുകള്‍ മറ്റൊരിടത്തുമുണ്ടാവില്ല. 14 ബാങ്കുകള്‍ക്കും ഒരേ സാങ്കേതിക സംവിധാനം ഒരുക്കലാണ് ആദ്യ കടമ്പ. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് പൂര്‍ത്തിയാകാന്‍ പത്തു മാസമെടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ആധുനിക ബാങ്കിങ് സൗകര്യം ഇടപാടുകാര്‍ക്ക് നല്‍കുകയാണ് രണ്ടാമത്തേത്. ഇതിനും കോര്‍ബാങ്കിങ് ഉള്‍പ്പടെയുള്ള ഏകീകൃത സാങ്കേതിക പ്രതലം ഒരുക്കേണ്ടതുണ്ട്. സേവനങ്ങള്‍ മുടങ്ങാതിരിക്കലാണ് മൂന്നാമത്തേത്. ഇതിന് കേരള ബാങ്ക് പുതിയ അനുമതികള്‍ നേടിയെടുക്കേണ്ടതുണ്ട്. ഓരോ ജില്ലാ ബാങ്കും പ്രത്യേകം ബാങ്കിങ് ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. ആധുനിക ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതും പ്രത്യേകമായാണ്. പല ജില്ലാ ബാങ്കുകളും ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. തുടങ്ങിയ ഇലക്ട്രോണിക് പണം കൈമാറ്റ രീതികള്‍ മറ്റ് വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി പോലുള്ള ജില്ലാ ബാങ്കുകള്‍ എല്ലാ ആധുനിക ബാങ്കിങ് സേവനങ്ങളും സ്വന്തം നിലയില്‍ത്തന്നെ ഇടപാടുകാര്‍ക്ക് കൊടുക്കുന്നുണ്ട്. കേരളബാങ്കിന് ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനുള്ള അനുമതിയുണ്ടെങ്കിലും അത് ജില്ലാ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ഇപ്പോള്‍ നല്‍കാനാവില്ല. കോര്‍ബാങ്കിങ് ഇല്ലാത്തതാണ് കാരണം. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളാണ് കേരളത്തില്‍ പ്രവാസിനിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ള സഹകരണ ബാങ്കുകള്‍. ഈ സേവനം തുടരണമെങ്കില്‍ കേരളബാങ്ക് അതിനുള്ള അനുമതി നേടിയെടുക്കണം. ഇതൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാലേ കേരള ബാങ്ക് അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാവുകയുള്ളൂ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!