പാല്‍ സംഭരണം മുടങ്ങാതിരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍

Deepthi Vipin lal
ലോക്ഡൗണ്‍ കാരണം ക്ഷീര കര്‍ഷകരില്‍നിന്ന് പാല്‍ സംഭരിക്കാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. മില്‍മവഴി സംഭരിക്കുന്ന പാല്‍ ദുരിതാശ്വാസ ക്യാമ്പിലും അങ്കണവാടിയിലുമെല്ലാം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രതിദിനം നാലുലക്ഷത്തോളം പാല്‍ അധികമായി സംഭരിക്കേണ്ടിവന്നതോടെയാണ് മില്‍മ സംഭരണം ഭാഗികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
പാല്‍ വിതരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മ പാല്‍ ഉച്ചക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. പാല്‍ നശിക്കുകയാണ്. ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സി.എഫ്.എല്‍.ടി.സി.കള്‍, സി.എല്‍.ടി.സി.കള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം കുടുംബങ്ങളിലായി 25ലക്ഷം പേരാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത്. മില്‍മ മലബാര്‍ മേഖലയില്‍ മാത്രം മൂന്നുലക്ഷം ലിറ്ററും എറണാകുളം മേഖലയില്‍ ഒരുലക്ഷം ലിറ്റര്‍ പാലും അധികമാണ്. നേരത്തെ 1.5 ലക്ഷം ലിറ്റര്‍ പാല്‍ പുറമെ നിന്നു വാങ്ങിയിരുന്ന തിരുവനന്തപുരം മേഖലയില്‍ ഇപ്പോള്‍ ഏതുനിമിഷവും പാല്‍ മിച്ചംവരുന്ന അവസ്ഥയാണ്. പ്രതിദിനം ശരാശരി 20 ലിറ്റര്‍ പാല്‍ കൊണ്ടുവന്നവര്‍ ഇപ്പോള്‍ ഇരട്ടിയില്‍ കൂടുതല്‍ പാലാണ് ക്ഷീരസംഘങ്ങളില്‍ എത്തിക്കുന്നത്. ഇതാണ് സംഭരണം ഭാഗികമായെങ്കിലും നിര്‍ത്തിവെക്കാന്‍ മേഖല യൂണിയുകള്‍ തീരുമാനിച്ചത്.
അധികമായി എത്തുന്ന പാല്‍, പാല്‍പ്പൊടിയാക്കാനുള്ള ക്രമീകരണം ഇതുവരെ ഉറപ്പാക്കാനായിട്ടില്ല. ഇതിലും സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് മില്‍മയുടെ ആവശ്യം. തമിഴ്‌നാട് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ഈറോഡ്, പുഷ്പഗിരി പ്ലാന്റുകെളയും കര്‍ണാടകയേയുമാണ്  ആശ്രയിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട്ടിലെ പ്ലാന്റുകള്‍ നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ സമത്ത് തമിഴ്‌നാട്-കേരള സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തിയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.

Latest News