പാലുല്‍പ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം

അനില്‍ വള്ളിക്കാട്

അര നൂറ്റാണ്ടിലേറെയായി പാലുല്‍പ്പാദനത്തിന്റെ പെരുമ പുലര്‍ത്തുന്ന
മുതലമട ( കിഴക്ക് ) ക്ഷീരവ്യവസായ സഹകരണസംഘത്തിനാണ്
ഇത്തവണത്തെ ഡോ. വര്‍ഗീസ്‌കുര്യന്‍അവാര്‍ഡ്. 1360 രൂപ ഓഹരിമൂലധനവും
81 അംഗങ്ങളുമായി 1968 ല്‍ തുടങ്ങിയ ഈ സംഘത്തിലിപ്പോള്‍
1500 അംഗങ്ങളും ഒരു കോടി രൂപ ഓഹരിമൂലധനവുമുണ്ട്.
വര്‍ഷത്തില്‍ വിറ്റുവരവ് 17 കോടി രൂപ.

 

മകരമാസം പിറക്കുന്നതിനു തലേന്നു തമിഴ് കര്‍ഷകകുടുംബങ്ങളില്‍ ‘കാപ്പുകെട്ട്’ എന്നൊരു ചടങ്ങുണ്ട്. പാലക്കാട് ജില്ലയുടെ തമിഴതിര്‍ത്തി ഗ്രാമമായ മുതലമടയില്‍ ഇതൊരു വലിയ ആഘോഷമാണ്. മകരം രണ്ടിനു നടക്കുന്ന മാട്ടുപ്പൊങ്കലിന്റെ വരവറിയിച്ചുള്ള കൊടിയേറ്റമാണു കാപ്പു കെട്ട്. തുടര്‍ന്ന് ഓലകള്‍ കൊണ്ടൊരു കൂടാരമൊരുക്കും. വാഴത്തണ്ടും കരിമ്പും മാവിലയുമൊക്കെയായി അതിനെ അലങ്കരിക്കും. കൂടാരത്തിനു മുന്നില്‍ വലിയ കുഴിയെടുത്ത് അതില്‍ ചാണകവെള്ളം നിറയ്ക്കും. മകരം രണ്ടിനു പശുക്കളെ കുളിപ്പിച്ച് നെറ്റിയില്‍ കുറിതൊട്ട്, കൊമ്പില്‍ ചായമടിച്ച്, ഈ കൂടാരത്തില്‍ കെട്ടിനിര്‍ത്തും. പിന്നീട് പൊങ്കല്‍വെപ്പാണ്. പൊങ്കല്‍ച്ചട്ടിയില്‍ വെന്ത പച്ചരിച്ചോറുമായി കര്‍ഷകകുടുംബാംഗങ്ങള്‍ പശുക്കളെ വലംവെക്കും. കൂടാരം ക്ഷേത്രമെന്നും അതിനകത്തെ പശുക്കള്‍ ദൈവമെന്നുമാണു സങ്കല്‍പ്പം. പാട്ടു പാടിയാണ് ആഘോഷം. ‘അസനം പട്ടിയാരെ, കൈത്തണ്ണി പട്ടിയാരെ, വായ്പൂശ് പട്ടിയാരെ ‘ എന്നു ചൊല്ലി പൊങ്കല്‍പ്രസാദം പശുക്കള്‍ക്കു നല്‍കും. അതിനുശേഷം പശുക്കളെ കെട്ടഴിച്ച് പാത്രങ്ങള്‍ കൊട്ടി കൂടാരത്തില്‍ നിന്ന് ഓടിക്കും. ഓട്ടത്തിനിടയില്‍ പശുക്കളും കുട്ടികളും മുന്‍വശത്തെ കുഴിയില്‍ വീണ് എഴുന്നേല്‍ക്കും. ഇതൊരു നാടിന്റെ ആഘോഷമാണ്. പശുക്കളെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തുന്ന നാട്ടുകാരുടെ ആഹ്ലാദോത്സവം.

മുതലമടയില്‍ ഭൂരിഭാഗമുള്ള തമിഴ് കര്‍ഷകകുടുംബങ്ങളിലെല്ലാം ഏറ്റവും ചുരുങ്ങിയതു രണ്ടോ മൂന്നോ പശുക്കളെങ്കിലുമുണ്ടാവും. പൂര്‍വചരിത്രം ആരാഞ്ഞാല്‍, പിതൃസ്വത്തു ഭാഗിച്ചപ്പോള്‍ കുറച്ച് കൃഷിഭൂമിയും രണ്ടു പശുക്കളെയും ലഭിച്ചുവെന്ന് ഓരോരുത്തരും പറയും. പശുക്കളെയും കുടുംബസ്വത്താക്കുന്ന പാരമ്പര്യമുള്ള കര്‍ഷകമണ്ണില്‍ പാലാഴി പിറന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു ? മുതലമടയില്‍ പാലുല്‍പ്പാദനത്തിന്റെ പെരുമയ്ക്കു തലോടലും തീറ്റയും നല്‍കാന്‍ അരനൂറ്റാണ്ടിലേറെയായി പരിശ്രമിക്കുന്ന മുതലമട (കിഴക്ക് ) ക്ഷീര വ്യവസായ സഹകരണസംഘത്തിന് അര്‍ഹതക്കുള്ള അംഗീകാരവുമായി സംസ്ഥാനത്തെ മികവാര്‍ന്ന പുരസ്‌കാരം വന്നുചേര്‍ന്നു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന വിശേഷണമുള്ള ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ്. മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനുള്ള ഈ അവാര്‍ഡ് ഒരു ലക്ഷം രൂപയുടേതാണ്.

രാമലിംഗത്തെപ്പോലെ
പലരും

മുതലമട ക്ഷീരസംഘത്തിനു 14 പാല്‍ സംഭരണകേന്ദ്രങ്ങളുണ്ട്. ഇതില്‍ ചെമ്മണാമ്പതിയിലെ കേന്ദ്രത്തിലാണു കൂടുതല്‍ പാലളവ്. ഈ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന രാമലിംഗം എന്ന കര്‍ഷകന്‍ പ്രതിദിനം സംഘത്തിനു നല്‍കുന്നത് 200 ലിറ്റര്‍ പാലാണ്. 45 പശുക്കളും 15 കിടാരികളുമടങ്ങുന്ന ഫാമാണു രാമലിംഗം നടത്തുന്നത്. രാമലിംഗത്തെപ്പോലെ നിരവധി കര്‍ഷകര്‍ ഇവിടെ പശുവളര്‍ത്തല്‍ വലിയ ആദായത്തോടെ നടത്തുന്നുണ്ട്. സംഘം പ്രതിദിനം 13,000 ലിറ്റര്‍ പാലാണു സംഭരിക്കുന്നത്. ഇതില്‍ 12,000 ലിറ്ററും മില്‍മക്കു നല്‍കും. അവശേഷിക്കുന്ന 1000 ലിറ്റര്‍ സംഭരണകേന്ദ്രങ്ങളില്‍ എത്തുന്ന ആവശ്യക്കാര്‍ക്കു ചെറുകിട കച്ചവടം നടത്തും.

കര്‍ഷകരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണു സംഘത്തിനുള്ളത്. പുല്‍ക്കൃഷി ചെയ്യുന്നതിനും തൊഴുത്തു നിര്‍മാണത്തിനും സംഘം സഹായം നല്‍കാറുണ്ട്. പശുക്കളെ വാങ്ങാന്‍ ബാങ്ക് വായ്പ ലഭ്യമാക്കും. കര്‍ഷകര്‍ക്കുള്ള പാല്‍വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു നല്‍കുക. വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ്തുക ഈ അക്കൗണ്ടില്‍ നിന്നു ബാങ്കുകള്‍ എടുക്കും. കര്‍ഷകര്‍ക്കു പരിശീലന പരിപാടികളും സംഘം സംഘടിപ്പിക്കാറുണ്ട്. എല്ലാ ബ്രാന്‍ഡിലുമുള്ള കാലിത്തീറ്റകളും മിതമായ നിരക്കില്‍ സംഘം കര്‍ഷകര്‍ക്കു നല്‍കി വരുന്നുമുണ്ട്.

ഒരായിരത്തില്‍ നിന്ന്
ഒരു കോടിയിലേക്ക്

1968 ലാണു ക്ഷീരസംഘം പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണിയുള്ള മുതലമട പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തു തമിഴതിര്‍ത്തിയോടു ചേര്‍ന്നു മീങ്കര ജംഗ്ഷനിലാണു സംഘത്തിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പറമ്പിക്കുളം ഉള്‍പ്പെടുന്ന പ്രദേശമാണിത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി-വര്‍ഗ വിഭാഗക്കാരും കൂടുതലായി പാര്‍ക്കുന്ന സ്ഥലം. നെല്ല്, നിലക്കടല, ചോളം, തിന തുടങ്ങിയ ചെറുധാന്യങ്ങളും തെങ്ങ്, മാവ് എന്നിവ ധാരാളമായും കൃഷി ചെയ്യുന്ന മുതലമടയ്ക്കു പുതിയ കാലത്തെ പേര് ‘മംഗോ സിറ്റി’ എന്നാണ്. കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും ഇവിടെ നിന്നു മാമ്പഴം കയറ്റി അയക്കുന്നുണ്ട്. വൈവിധ്യങ്ങളുടെ വിളനിലത്തിലാണു ജീവിതസംസ്‌കാരത്തിന്റെകൂടി ഭാഗമായി പശുവളര്‍ത്തല്‍ വ്യാപിച്ചത്.

സംഘത്തിന്റെ തുടക്കം 81 അംഗങ്ങളില്‍ നിന്നായിരുന്നു. അന്നത്തെ ഓഹരിമൂലധനം 1360 രൂപ. അഞ്ചര പതിറ്റാണ്ടിനു ശേഷം സംഘത്തിന്റെ അംഗബലം 1500 കര്‍ഷകരിലെത്തി. ഓഹരിമൂലധനമാകട്ടെ ഒരു കോടിയോളം രൂപയും. സംഘം പക്ഷേ, തുടക്കംമുതലേ വളരുകയായിരുന്നില്ല. ഇടയ്ക്കു പൂട്ടലിന്റെ വക്കുവരെയെത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുമായി. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് മുന്നേറാനായതു നാലു പതിറ്റാണ്ടോളം സംഘത്തെ നയിച്ചുകൊണ്ടിരിക്കുന്ന പി. മാധവന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ കര്‍മോത്സുകതതന്നെ. 1982 വരെ സംഘം നഷ്ടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, 1982-83 ല്‍ ആദ്യമായി 15,000 രൂപ ലാഭത്തിലായി. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം പത്തു ലക്ഷത്തിലേറെ രൂപയുടെ ലാഭം. ഓരോ വര്‍ഷവും ലാഭവിഹിതവും റിബേറ്റും അംഗങ്ങള്‍ക്കു നല്‍കിവരുന്നു. ആദ്യവര്‍ഷം 6535 രൂപയാണു പാല്‍ വിറ്റ വകയില്‍ സംഘത്തിനു ലഭിച്ചതെങ്കില്‍ ഇന്നതു 17 കോടിയോളം രൂപയാണ്.

പ്രഥമ പ്രസിഡന്റായിരുന്ന സി. വേലുസ്വാമി സൗജന്യമായി നല്‍കിയ ആറ് സെന്റ് സ്ഥലത്താണു മൂന്നുനിലയുള്ള ഹെഡ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ക്ഷീരസംഘം ആദ്യമായി ശാഖ തുടങ്ങുന്നതും മുതലമടയിലാണ്. സുബ്ബയ്യ കൗണ്ടര്‍ എന്ന കര്‍ഷകനാണ് ഈ ശാഖക്കുള്ള സ്ഥലം സൗജന്യമായി നല്‍കിയത്. മുതലമട പഞ്ചായത്തിലെ വാര്‍ഡ് മൂന്നു മുതല്‍ 14 വരെയുള്ള പ്രദേശമാണു സംഘത്തിന്റെ പ്രവര്‍ത്തനമേഖല.

മിനി ഡെയറി
പ്ലാന്റ്

ഹെഡ് ഓഫീസിനടുത്തു സംഘം സ്വന്തമായി വാങ്ങിയ 32 ഏക്കര്‍ സ്ഥലത്തു 1.70 കോടി രൂപ ചെലവില്‍ ഡെയറി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്ലാന്റ് നിര്‍മാണത്തിനു 30 ലക്ഷം രൂപയുടെ സര്‍ക്കാര്‍സഹായവുമുണ്ടായിരുന്നു. പാല്‍ പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന പ്രവര്‍ത്തനം 2016 ല്‍ ആരംഭിച്ചെങ്കിലും 2017 മുതല്‍ അഞ്ചു വര്‍ഷത്തെ അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തില്‍ അതു മുന്നോട്ടു കൊണ്ടുപോകാനായില്ല. പാല്‍ പാക്കറ്റിലാക്കുന്നതിനു പുറമെ തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉപോല്‍പ്പന്നങ്ങളും നിര്‍മിക്കാനുള്ള സൗകര്യം പ്ലാന്റിലുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിച്ചുകഴിഞ്ഞാല്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും. നടപ്പു സാമ്പത്തികവര്‍ഷംതന്നെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണു സംഘം ഭരണസമിതി. 200 പശുക്കളെ നിര്‍ത്താന്‍ പറ്റുന്ന തൊഴുത്തും ഈ സ്ഥലത്തുണ്ട്. നേരത്തെ സംഘം നേരിട്ട് ഫാം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. തീറ്റപ്പുല്ല്, ചോളം, മാവ്, തെങ്ങ് എന്നിവക്കുപുറമെ പൂക്കൃഷിയും ഇവിടെ നടത്തുന്നുണ്ട്.

സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സഹകരണമേഖലയില്‍ വെറ്ററിനറി കോളേജ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണു സംഘം. നിലവിലുള്ള സ്ഥലം കോളേജ് തുടങ്ങാന്‍ പര്യാപ്തമാണ്. കാര്‍ഷികപ്രാധാന്യമുള്ള പ്രദേശത്തു വിദ്യാഭ്യാസപുരോഗതിയും ഇതിലൂടെ സാധ്യമാവും – പ്രസിഡന്റ് പി. മാധവന്‍ പറഞ്ഞു. സംഘത്തിലെ അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ സൗജന്യനിരക്കില്‍ ചികിത്സയും നല്‍കുന്നുണ്ട്. സമീപത്തെ എല്‍.പി. സ്‌കൂളില്‍ പട്ടികജാതി – വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു സംഘം പഠനസഹായം നല്‍കിവരുന്നു.

ആര്‍. ജ്യോതിലക്ഷ്മി വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എ. കമാലുദ്ദീന്‍, ജി. രമേഷ്, പി. മുത്തുകുമാര്‍, ആര്‍.ശശീന്ദ്രന്‍, എം. നാച്ചിമുത്തു, കെ. മഹാലിംഗം, എം. ജയലക്ഷ്മി, എന്‍. ഭാഗ്യം, ഡി. സുമതി എന്നിവരും അംഗങ്ങളാണ്. സെക്രട്ടറി വി. പ്രമീളയടക്കം നാലു ജീവനക്കാരാണു സംഘത്തിനുള്ളത്.

മുതലമട ( കിഴക്ക് ) ക്ഷീര വ്യവസായസംഘത്തിന്
ഡോ. വര്‍ഗീസ് കുര്യന്‍അവാര്‍ഡ് സമ്മാനിച്ചു


ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന കോഴിക്കോട്ടുകാരന്‍ ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പാലക്കാട് മുതലമട (കിഴക്ക് ) ക്ഷീര വ്യവസായസഹകരണസംഘത്തിനു കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്തുക. 2013 മുതല്‍ കാലിക്കറ്റ് സിറ്റി ബാങ്ക് ഈ അവാര്‍ഡ് നല്‍കിവരുന്നുണ്ട്.

‘ ലാഭം കൊയ്യാന്‍ മാത്രമുള്ളതല്ല സഹകരണസംഘം. ലാഭത്തിലുപരി അതിലെ സംഘാംഗങ്ങള്‍ക്കു മാനസികമായ സംതൃപ്തികൂടി ലഭിക്കുന്നുണ്ട്. ഇതാണു സഹകരണസംഘത്തിന്റെ മഹത്വം- മേയര്‍ ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. സഹകരണസംഘങ്ങള്‍ ഉള്ളതുകൊണ്ടാണു കേരളം നിലനിന്നു പോകുന്നത്. കര്‍ഷകരെ ആദരിക്കുന്ന കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് – മേയര്‍ പറഞ്ഞു.

ചാലപ്പുറത്തു ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാ മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ അഡ്വ. ടി.എം. വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ഡയറക്ടര്‍ അഡ്വ. എ. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി. ആര്‍, അസി. രജിസ്ട്രാര്‍ വാസന്തി. ആര്‍, ബാങ്ക് ഡയറക്ടര്‍ പി.എ. ജയപ്രകാശ് എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. വര്‍ഗീസ് കുര്യന്റെ പേരിലുള്ള ഈ അവാര്‍ഡ് ലഭിച്ചതില്‍ സംഘത്തിന് ഏറെ അഭിമാനമുണ്ടെന്നു മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണസംഘം പ്രസിഡന്റ് പി. മാധവന്‍ പറഞ്ഞു.

അവാര്‍ഡ് നിര്‍ണയസമിതി കണ്‍വീനര്‍ ജി. നാരായണന്‍കുട്ടി സ്വാഗതവും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

                                                         

                                                                 (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

 

 

Leave a Reply

Your email address will not be published.