പലിശ സംരക്ഷണം നല്‍കാത്ത കേരളബാങ്കിന്റെ നിലപാട് തിരുത്താന്‍ നിര്‍ദ്ദേശം
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഉള്‍പ്പെടുന്ന മള്‍ട്ടിപര്‍പ്പസ്/മിസലേനിയസ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും പലിശ സംരക്ഷണം നല്‍കാത്ത കേരളബാങ്കിന്റെ നിലപാട് സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയെന്ന് സഹകരണ സംഘം രജിസ്ട്രാര്‍. കേരളബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയ കത്തിലാണ് ഗുരുതരമായ കുറ്റപ്പെടുത്തല്‍ രജിസ്ട്രാര്‍ നടത്തിയിട്ടുള്ളത്. എല്ലാ സംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശ നല്‍കുന്നതിന് നടപടിയെടുത്ത് അക്കാര്യം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മിസലേനിയസ് സഹകരണ സംഘം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുള്‍പ്പടെ നല്‍കിയ നിവേദനത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പലിശ നിര്‍ണയ ഉന്നതതല സമിതി കണ്‍വീനര്‍ കൂടിയായ രജിസ്ട്രാറുടെ ഇടപെടല്‍.
കേരള ബാങ്ക് രൂപീകരണത്തിന് മുമ്പ് സംസ്ഥാനത്തെ എല്ലാത്തരം സഹകരണ സംഘങ്ങളും അവരുടെ ഫിനാന്‍സിങ് ബാങ്കായ ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ജില്ലാ സഹകരണ ബാങ്കുകള്‍ പലിശ സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ കേരളബാങ്ക് രൂപീകരിച്ചതിന് ശേഷം പലിശ സംരക്ഷണം എല്ലാത്തരം സഹകരണ സംഘങ്ങള്‍ക്കും നല്‍കുന്നത് കേരളബാങ്കിന്റെ ലാഭക്ഷമതയെ ബാധിക്കുമെന്ന കാരണത്താല്‍ കേരളബാങ്കിലെ എ-ക്ലാസ് അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നിരവധിയായ പരാതികള്‍ സഹകരണ വകുപ്പ് മന്ത്രിക്കും രജിസ്ട്രാറുടെ ഓഫീസിലും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം വരുന്ന മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്ക് അപ്പക്സ്/ഫിനാന്‍സിങ് ബാങ്കായ കേരളബാങ്കില്‍ നിന്ന് പലിശ സംരക്ഷണം ലഭിക്കാതെ വരുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കത്തില്‍ പറയുന്നു. ഇതാണ് തിരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
[mbzshare]