പലിശ തര്‍ക്കത്തില്‍ തീര്‍പ്പ്; കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി

[email protected]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിലെ അനിശ്ചിതത്വം മാറി. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ സന്നദ്ധമായതോടെയാണിത്. കണ്‍്‌സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന പണത്തിനുള്ള പലിശ നിരക്ക് ധനവകുപ്പ് നിര്‍ദ്ദേശിച്ച നിരക്കില്‍നിന്ന് അല്‍പം ഉയര്‍ത്താന്‍ തയ്യാറായതോടെയാണ് സഹകരണ സംഘങ്ങള്‍ പണം നല്‍കാന്‍ മനസ് കാണിച്ചത്. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തുടങ്ങും. രണ്ടുമാസത്തെ പെന്‍ഷനാണ് മുടങ്ങിക്കിടക്കുന്നത്.

സഹകരണ സംഘങ്ങള്‍ നല്‍കുന്ന പണത്തിന് ഏഴരശതമാനം പലിശമാത്രമേ നല്‍കാനാകൂവെന്നായിരുന്നു ധനവകുപ്പിന്റെ അറിയിപ്പ്. ഇതനുസരിച്ച് സഹകരണ പെന്‍ഷന്‍ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, ഏഴരശതമാനത്തിന് പണം നല്‍കാനാകില്ലെന്ന് സഹകരണ സംഘങ്ങള്‍ നിലപാട് എടുത്തതോടെ കണ്‍സോര്‍ഷ്യം രൂപവത്കരണം അനിശ്ചിതത്വത്തിലായി. എട്ടരശതമാനമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. ഓണത്തിന് മുമ്പും പെന്‍ഷന്‍ വിതരണം ചെയ്യാനാകാത്ത സ്ഥിതി വന്നതോടെയാണ് പലിശനിരക്ക് ഉയര്‍ത്താമെന്ന നിലപാട് ധനകുപ്പ് സ്വീകരിച്ചത്.

കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന പണത്തിന് എട്ടുശതമാനം പലിശ നല്‍കാമെന്നാണ് ധനവകുപ്പ് അറിയിച്ചത്. സഹകരണ സംഘങ്ങള്‍ക്ക് പരമാവധി ഏഴുശതമാനം പലിശ നിരക്കിലാണ് നിക്ഷേപം സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിനാല്‍, ഒരുശതമാനം മാര്‍ജിന്‍ കണക്കാക്കി സഹകരണ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പണം നല്‍കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് അംഗീകരിച്ചു. ഇതനുസരിച്ച് പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി. ജൂണ്‍ 30നാണ് നിലവിലെ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവസാനിച്ചത്. ഇത് 2023 ജൂണ്‍വരെയാണ് നീട്ടിയത്.

തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ സഹകരണ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടക്കം വരാതെ വിതരണം ചെയ്യണമെന്നും ഓണക്കാലത്ത് പെന്‍ഷന്‍ മുടക്കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണമൊരുക്കിയത്.

Leave a Reply

Your email address will not be published.