പറയാതെ വയ്യ; ഇരുട്ടില്‍ തപ്പി രക്ഷയൊരുക്കാനാവില്ല

moonamvazhi
സഹകരണമേഖല പ്രതിസന്ധി നേരിടുന്നു എന്നു പറയാനും കേള്‍ക്കാനും തുടങ്ങിയിട്ട് നാളേറെയായി. എന്താണു നേരിടുന്ന പ്രതിസന്ധി എന്നു ചോദിച്ചാല്‍ പല മറുപടികളാണു ലഭിക്കുക. അതില്‍ ഭൂരിപക്ഷവും പറയുന്ന പൊതുഉത്തരം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും സഹകരണ പരിഷ്‌കാരങ്ങളും സംസ്ഥാനത്തെ സംഘങ്ങളെ തകര്‍ക്കുന്നതാണ് എന്നതാണ്. ഏതൊക്കെ നയങ്ങളാണു പ്രശ്നം, എന്തൊക്കെ പരിഷ്‌കാരങ്ങളാണു പ്രതിസന്ധിയുണ്ടാക്കുന്നത് എന്ന് ഇവരോടു ചോദിച്ചാല്‍ ഉത്തരം അവ്യക്തമാകും. ഒറ്റക്കാരണമേ ഇതിനുള്ളൂ. സഹകരണമേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് കൃത്യമായി പഠിക്കാനോ പരിഹാരം കണ്ടെത്താനോ നാം തയാറായിട്ടില്ല. സഹകരണവകുപ്പുപോലും ഇക്കാര്യത്തില്‍ പരിശോധനയും പഠനവും നടത്തുന്നില്ലെന്നതു ഖേദകരമാണ്. സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പലതും ഊതിപ്പെരുപ്പിക്കുന്നതും അവഗണിച്ച് വഷളാക്കുന്നതും ശരിയായ രീതിയില്‍ ഇടപെടാത്തതിനാല്‍ സംഭവിക്കുന്നതുമാണ് എന്നതില്‍ തര്‍ക്കമില്ല. സംഘങ്ങള്‍ കൂട്ടത്തോടെ നഷ്ടത്തിലാകുന്നതും നിക്ഷേപം തിരികെ കൊടുക്കാനാകാത്ത സ്ഥിതിയിലാകുന്നതുമാണ് ഒന്നാമത്തെ പ്രശ്നം. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുണ്ടാകുന്നില്ലെന്നതാണു രണ്ടാമത്തെ പ്രശ്നം. കേന്ദ്രപരിഷ്‌കാരങ്ങളില്‍ രാഷ്ട്രീയലക്ഷ്യവും സംസ്ഥാനത്തെ സഹകരണസ്ഥിതി മനസ്സിലാക്കാത്ത സ്ഥിതിയുമുണ്ടെന്നതാണു മൂന്നാമത്തെ പ്രശ്നം. ഇതില്‍ സഹകരണ വകുപ്പ് സ്വീകരിക്കുന്നതും സ്വീകരിച്ചതുമായ നടപടികള്‍ എന്താണെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്ത സംഘങ്ങളുടെ കണക്ക്‌സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ നഷ്ടപ്പെട്ടത് ഈ മേഖലയുടെ വിശ്വാസ്യതയാണ്. ആ വിശ്വാസ്യത തിരിച്ചുപിടിക്കുകയാണു വേണ്ടത്. അതിനു നിക്ഷേപകനു പണം കിട്ടാതിരിക്കുന്ന സ്ഥിതി ഒഴിവാക്കണം. പ്രതിസന്ധി നേരിടുന്ന സംഘങ്ങളെ സഹായിക്കാന്‍ സഹകരണ സംരക്ഷണനിധി രൂപവത്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ പലതുകഴിഞ്ഞു. പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. പിന്നെ നിക്ഷേപകര്‍ക്ക് എങ്ങനെ വിശ്വാസം കൈവരും ?. നിക്ഷേപസമാഹരണത്തില്‍ കിട്ടുന്ന പണത്തിന്റെ തോത് കണക്കാക്കി വിശ്വാസത്തിന്റെ അളവ് എടുക്കരുത്. അത് ഓരോ സംഘത്തിലെയും ജീവനക്കാരെയും സഹകാരികളെയും വിശ്വസിക്കുന്നതിന്റെ വിഹിതംകൂടിയാണ്. ആയുസ്സു മുഴുവന്‍ സംഘത്തിനുവേണ്ടി ഓടുന്നവരാണു പല സഹകാരികളും. ആ സഹകാരികള്‍ക്കു ഓണറേറിയം കൂട്ടിനല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുകപോലും ചെയ്യാതെ അവഗണിക്കുന്നുവെന്നതു വേറെ കാര്യം. ഇനി കേന്ദ്രത്തിന്റെ നീക്കമാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു ഗ്യാരന്റി പരിരക്ഷയില്ലെന്നു റിസര്‍വ് ബാങ്ക് പരസ്യം ചെയ്തപ്പോള്‍ കേരളത്തിലെ സഹകാരികള്‍ ഒന്നിച്ചിറങ്ങി പ്രതിഷേധിച്ചതാണ്. ഗ്യാരന്റി നല്‍കാന്‍ ഇവിടെ സഹകരണനിക്ഷേപ ഗ്യാരന്റിബോര്‍ഡ് ഉണ്ടെന്നു ബോധ്യപ്പെടുത്തി. അതിന്റെ പരിധി അഞ്ചു ലക്ഷമാക്കുമെന്നു പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഒരു മിണ്ടാട്ടവും സര്‍ക്കാരിനുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരങ്ങളിലും സഹകരണവകുപ്പ് ഇതേനിലപാടാണു സ്വീകരിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു പൊതു ബൈലോ, ഈ സംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍, കേന്ദ്രത്തില്‍ സഹകരണ ഡേറ്റ സെന്റര്‍ എന്നീ മൂന്നു പദ്ധതികളെക്കുറിച്ചും കേന്ദ്രം കേരളത്തിനു വിശദമായ കത്ത് നല്‍കിയതാണ്. ഇതൊന്നു പഠിച്ച് സംസ്ഥാനത്തെ ദോഷമായി ബാധിക്കുന്ന എന്തെങ്കിലും വ്യവസ്ഥയുണ്ടോയെന്നു മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിര്‍ന്നില്ല. അതിനാല്‍, ഒരു വിയോജിപ്പും കേന്ദ്രത്തെ അറിയിച്ചതുമില്ല. ഇപ്പോള്‍ കേന്ദ്രം അതു നടപ്പാക്കുന്ന ഘട്ടമാണ്. ആ ഘട്ടത്തില്‍ നിയമപോരാട്ടം, ജനകീയപ്രതിഷേധം എന്നൊക്കെ പ്രഖ്യാപിച്ച് നമ്മള്‍ സമരത്തിനിറങ്ങുന്നു. ഒരുകാര്യം പറയാതെ വയ്യ. ഇരുട്ടില്‍ തപ്പി സഹകരണ മേഖലയ്ക്കു രക്ഷയൊരുക്കാനാവില്ല. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയാവണം പോരിനിറങ്ങേണ്ടത്. അല്ലെങ്കില്‍, സംഘങ്ങളുടെ പണം വ്യവഹാരം നടത്തി തീര്‍ക്കാനേയുണ്ടാകൂ. വരാനിരിക്കുന്ന ആഘാതം ഏറ്റുവാങ്ങാനേ വിധിയുണ്ടാകൂ.                                                                                          – എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!