പദ്ധതിപ്പണം സംഘങ്ങള്‍ക്ക്

[email protected]

സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍, ഈ ചുമതല നിറവേറ്റുന്നതിനുള്ള സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ല. സഹകരണ മേഖലയെ ഉന്നംവെച്ച് പ്രാദേശിക സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി സഹകാരികളോ സഹകരണ സ്ഥാപനങ്ങളോ അറിയുന്നില്ല.

അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃതാസൂത്രണം എന്നിവയില്‍ ലോകത്തിന് മാതൃക കാട്ടുകയാണ് കേരളം. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അധികാരവും പണവും നല്‍കി അടിസ്ഥാന വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന കേരള മാതൃക രണ്ട് പതിറ്റാണ്ടു പിന്നിടുകയാണ്. ‘ ഒമ്പതാം പദ്ധതി ജനകീയ പദ്ധതി ‘ എന്ന മുദ്രാവാക്യവുമായി 1997-98 ല്‍ ആരംഭിച്ച വികേന്ദ്രീകൃതാസൂത്രണം 13-ാം പദ്ധതിയിലെത്തിയപ്പോള്‍ ‘ നവകേരളത്തിന് ജനകീയാസൂത്രണം ‘ എന്ന പേരിലാണ് പുരോഗമിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹികനീതിയും പരിസ്ഥിതി സുരക്ഷയും ഉറപ്പുവരുത്തുന്ന കര്‍മപരിപാടികളുമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 13-ാം പദ്ധതിയില്‍ വികസന- ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.

സംസ്ഥാനത്തിന്‍റെ 13-ാം പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ രണ്ടു ലക്ഷം കോടി രൂപയാണ്. ഇതില്‍ 60,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമായി നല്‍കും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമടങ്ങുന്ന കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി 13-ാം പദ്ധതിയുടെ ശേഷിക്കുന്ന കാലയളവിലേക്ക് പദ്ധതി മാര്‍ഗരേഖയും സബ്സിഡി മാര്‍ഗരേഖയും പുതുക്കി സര്‍ക്കാര്‍ ഉത്തരവായിക്കഴിഞ്ഞു. കൃഷി , മൃഗസംരക്ഷണം, ആരോഗ്യം , വിദ്യാഭ്യാസം ,സഹകരണം തുടങ്ങിയ മേഖലകള്‍ക്ക് 13-ാം പദ്ധതി കാലയളവില്‍ നല്‍കേണ്ട പരിഗണനകളും സബ്സിഡി മാനദണ്ഡങ്ങളുമാണ് പുതുക്കി നിശ്ചയിച്ചത്. ഉല്പാദന മേഖലയുടെ സ്ഥായിയായ വളര്‍ച്ച , പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം , മാനവവികസനം , അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ , സേവനപ്രധാന സംവിധാനങ്ങളുടെ ഗുണമേډ മെച്ചപ്പെടുത്തലും സദ്ഭരണ നിര്‍വ്വഹണവും , സാമൂഹികനീതി ഉറപ്പാക്കല്‍, ആസ്തി പരിപാലനം തുടങ്ങിയവയാണ് 13- ാം പദ്ധതിയുടെ മുന്‍ഗണനാ വിഷയങ്ങള്‍. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം , കേരള മുനിസിപ്പാലിറ്റി നിയമം എന്നിവ വിഭാവനം ചെയ്യുന്ന ബഹുതല ആസൂത്രണത്തിലൂടെ വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ വിവിധ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണവും സംയോജനവും ഉറപ്പുവരുത്തും.

സഹകരണ മേഖല

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 166 (1), 172 (1), 173 (1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള 3,4,5 പട്ടികകളില്‍ ഗ്രാമ ,ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകള്‍ക്ക് സഹകരണ മേഖലയിലുള്ള ചുമതലകള്‍ വ്യക്തമാക്കുന്നുണ്ട്. മുനിസിപ്പാലിറ്റി ആക്ടിലെ 30 (1) ാം വകുപ്പ് പ്രകാരമുള്ള ഒന്നാംപട്ടികയിലും സഹകരണ മേഖലയിലുള്ള അധികാരങ്ങള്‍ നിര്‍വ്വചിക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമാനുസൃത ചുമതലയാണ്. ഈ ചുമതല നിറവേറ്റുന്നതിനുള്ള സര്‍ക്കാരിന്‍റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ല എന്നതാണ് വസ്തുത. സഹകരണ മേഖലയെ ഉന്നംവെച്ച് പ്രാദേശിക സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി സഹകാരികളോ സഹകരണ സ്ഥാപനങ്ങളോ അറിയുന്നില്ല എന്നതാണ് പ്രധാനപ്രശ്നം. പ്രാദേശിക സര്‍ക്കാരുകള്‍ സഹകരണ മേഖലക്ക് വേണ്ടി നടപ്പാക്കേണ്ട പ്രോജക്ടുകളുടെ ലിസ്റ്റും ഓരോ തദ്ദേശഭരണ സ്ഥാപനവും തയാറാക്കി നടപ്പാക്കുന്ന പ്രോജക്ടുകളുടെ ലിസ്റ്റും താരതമ്യം ചെയ്താല്‍ ഈ അവഗണന ബോധ്യപ്പെടും.

13-ാം പദ്ധതിയില്‍

ഒമ്പത് മുതല്‍ 12 വരെ പദ്ധതികളില്‍ പ്രാദേശികാസൂത്രണ പ്രക്രിയയില്‍ പുറംതിരിഞ്ഞു നിന്ന സഹകരണ മേഖലയെ 13 -ാം പദ്ധതിയിലെങ്കിലും നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ 2018-19 വര്‍ഷത്തെ മാര്‍ഗരേഖയില്‍ കുറെയേറെ മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ ഖണ്ഡിക 7.12 ല്‍ പഞ്ചായത്ത് രാജ് / നഗരസഭാസ്ഥാപനങ്ങള്‍ സഹകരണ മേഖലയില്‍ ഊന്നല്‍ നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍ ഇനി പറയുന്നു :

  1. പ്രവര്‍ത്തനക്ഷമതയുള്ള സഹകരണസംഘങ്ങള്‍ക്കു ധനസഹായം നല്‍കുകയും അടിസ്ഥാനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയും ആധുനിക വല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  2. പ്രാദേശിക സാമ്പത്തിക വികസനത്തിന് പൂരകമായ ഒരു സഹകരണ വായ്പാനയം തദ്ദേശഭരണ സ്ഥാപനത്തില്‍ ആവിഷ്കരിക്കുക.
  3. പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും ഇതര സഹകരണ സ്ഥാപനങ്ങളുടെ ശാക്തീകരണവും സഹകരണ മേഖലയില്‍ വിഭാവനം ചെയ്യുന്ന മുഖ്യ കാര്യപരിപാടി ആയിരിക്കണം.
  4. പുതിയ സഹകരണസംഘങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അത് തദ്ദേശഭരണ സ്ഥാപനപരിധിക്കുള്ളില്‍ നിലവിലില്ലാത്ത മേഖലകളുടെ പ്രവര്‍ത്തനത്തിനാണു എന്നു ഉറപ്പുവരുത്തേണ്ടതാണ്.
  5. സഹകരണ സംഘങ്ങളുടെ വിഭവശേഷിയും അധികവിഭവവും വിനിയോഗിച്ച് പ്രാദേശികസാമ്പത്തിക വികസനം ത്വരപ്പെടുത്തുന്ന കണ്‍സോര്‍ഷ്യം രൂപവത്കരിക്കാവുന്നതാണ്.
ധനസഹായം

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ വിവിധമേഖലകളില്‍ ധനസഹായത്തിനുള്ള ഒട്ടേറെ പ്രോജക്ടുകള്‍ തയാറാക്കി നടപ്പാക്കുന്നുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളായും സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ആനുകൂല്യങ്ങളായുമാണ് ധനസഹായം നല്‍കുന്നത്. സഹകരണസംഘങ്ങളെ ഒരു ഗുണഭോക്താവായല്ല സര്‍ക്കാര്‍ കാണുന്നത്. സ്വീകരിക്കുന്ന ധനസഹായത്തിലൂടെ അതിന്‍റെ പലമടങ്ങ് പ്രയോജനം സാമൂഹിക – സാമ്പത്തിക വികസനത്തിന് സമൂഹത്തില്‍ തിരികെ നല്‍കാന്‍ കഴിയുന്ന നിയമവിധേയ ജനാധിപത്യ സ്ഥാപനങ്ങളാണ് സഹകരണസംഘങ്ങളെന്ന് സബ്സിഡി മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സഹകരണസ്ഥാപനങ്ങളെ പരിപോഷിപ്പിച്ച് ലക്ഷ്യാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികപങ്കാളിത്തവും കാര്യക്ഷമമായ വിഭവവിനിയോഗവും ഉറപ്പുവരുത്തി ഈ മേഖലയില്‍ സുസ്ഥിരവികസനം നേടാനുള്ള നിക്ഷേപമായിട്ടാണ് സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പൊതു നിബന്ധനകള്‍

സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പൊതു നിബന്ധനകളും ഓരോ വിഭാഗത്തില്‍പ്പെട്ട സംഘങ്ങള്‍ക്ക്പ്രത്യേക മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

1969 ലെ കേരള സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹകരണസംഘം റജിസ്ട്രാര്‍, വ്യവസായവാണിജ്യ ഡയരക്ടര്‍, കയര്‍വികസന ഡയരക്ടര്‍, കൈത്തറി ഡയരക്ടര്‍, ഫിഷറീസ് ഡയരക്ടര്‍, ക്ഷീരവികസന ഡയരക്ടര്‍, ഖാദിഗ്രാമ വ്യവസായബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്കു വേണ്ടി ജില്ലകളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ മുഖേന രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന സഹകരണസംഘങ്ങള്‍ക്കാണു സഹായം ലഭിക്കുക.

പ്രവര്‍ത്തന പരിധി

ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനപരിധിയുള്ള സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ഈ സ്ഥാപനങ്ങള്‍ സഹായം നല്‍കേണ്ടത്. ബ്ലോക്ക്- പഞ്ചായത്ത് പ്രദേശത്തിനുള്ളില്‍ മാത്രം പ്രവര്‍ത്തന പരിധിയുള്ളതും എന്നാല്‍ ഒന്നിലധികം ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രവര്‍ത്തനപരിധിയുള്ളതുമായ സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ബ്ലോക്ക് പഞ്ചായത്തുക്കള്‍ ധനസഹായം നല്‍കേണ്ടത്. ഒന്നിലധികം ബ്ലോക്ക്- പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രവര്‍ത്തന പരിധിയുള്ളതും എന്നാല്‍ ഒരു റവന്യൂ ജില്ലയില്‍ കോര്‍പ്പറേഷന്‍റെയും മുനിസിപ്പാലിറ്റിയുടേയും മാത്രം പ്രദേശം പ്രവര്‍ത്തനപരിധിയുള്ളതുമായ സംഘങ്ങള്‍ ഒഴികെയുള്ളവക്ക് മാത്രമാണ് ജില്ലാ പഞ്ചായത്തുകള്‍ ധനസഹായം നല്‍കേണ്ടത്. താലൂക്ക് തലത്തിലും അതിലുപരിയായി റവന്യൂ ജില്ലയിലും പ്രവര്‍ത്തന പരിധിയുള്ള സംഘങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കണം. പട്ടികജാതി -പട്ടികവര്‍ഗ്ഗം , വനിത , കയര്‍ , കൈത്തറി , ഖാദി ഗ്രാമവ്യവസായം, ക്ഷീരവികസനം, മത്സ്യത്തൊഴിലാളി ക്ഷേമം എന്നീ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിനുള്ളിലും ജില്ലാ പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്തു പരിധിയിലും ഗുണഭോക്തൃസംഘങ്ങളുടെ പ്രവര്‍ത്തനപരിധി കണക്കാക്കാതെ ധനസഹായം നല്‍കാവുന്നതാണ്.

എന്തിനൊക്കെ സഹായം ലഭിക്കും ?

സഹകരണ സംഘങ്ങളുടെ ലക്ഷ്യാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശ ഭരണസ്ഥാപന തലത്തില്‍ സാമൂഹിക -സാമ്പത്തിക വികസനത്തില്‍ ലഭ്യമാക്കേണ്ട പ്രയോജനം നിശ്ചയിച്ച നിര്‍ദിഷ്ട ഘടകങ്ങള്‍ക്കായിരിക്കണം ധനസഹായം നല്‍കേണ്ടത്. വിശദാംശങ്ങള്‍ താഴെ:

  1. ആധുനികീകരണം (തൊഴില്‍ ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ )
  2. വിപണനസൗകര്യം (വിപണനകേന്ദ്രം സ്ഥാപിക്കല്‍, സംരംഭക ഗ്രൂപ്പുകളുണ്ടാക്കി വിപണന ശൃംഖല രൂപവത്കരിക്കല്‍. ഉദാ : വീടുകളില്‍ പാലും മറ്റുല്‍പ്പന്നങ്ങളും എത്തിക്കുന്ന വിപണന ശൃംഖല)
  3. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന വര്‍ദ്ധന
  4. സേവന ഗുണമേډ വര്‍ദ്ധന
  5. അടിസ്ഥാന സൗകര്യ വികസനം (കെട്ടിടം , വര്‍ക്ക് ഷെഡുകള്‍ , തൊഴിലിടങ്ങളിലെ യൂറിനല്‍, ടോയ്ലറ്റ് തുടങ്ങിയവ, ഫെസിലിറ്റി സെന്‍ററുകള്‍). മേല്‍പ്പറഞ്ഞവയും തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ വികസന കാഴ്ച്ചപ്പാടനുസരിച്ചും ധനസഹായം നല്‍കേണ്ട ഘടകങ്ങള്‍ നിശ്ചയിക്കാം.
അപേക്ഷ സ്വീകരിക്കല്‍

തദ്ദേശഭരണ സ്ഥാപന പരിധിയിലെ യോഗ്യതയുള്ള എല്ലാ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. നടത്താനുദ്ദേശിക്കുന്ന പ്രവൃത്തിവഴി സംഘം അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രതിഫലവും വര്‍ദ്ധിക്കുന്നത് വ്യക്തമാക്കുന്ന പ്രോജക്ട് നിര്‍ദേശങ്ങളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ഇതേ ഇനങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സംഘം ഭരണ സമിതി അംഗീകരിച്ച് സമര്‍പ്പിക്കണം.

യോഗ്യതാ മാനദണ്ഡങ്ങള്‍
  1. സംഘം മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നതായിരിക്കണം.
  2. ധനസഹായം നല്‍കുന്നതിന് തൊട്ട് മുമ്പുള്ള വര്‍ഷമെങ്കിലും പ്രവര്‍ത്തന ലാഭമുള്ളതായിരിക്കണം.
  3. ധനസഹായം നല്‍കുന്നതിനു തൊട്ട് മുമ്പുള്ള വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  4. നിര്‍മാണ പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ പ്ലാനും എസ്റ്റിമേറ്റും വാങ്ങല്‍ ഉണ്ടെങ്കില്‍ ഇന്‍വോയിസും ഹാജരാക്കണം.
അര്‍ഹത, മുന്‍ഗണനകള്‍
  1. സംഘത്തിന് പെയ്ഡ് സെകട്ടറി ഉണ്ടായിരിക്കണം
  2. പ്രോജക്ട് അടങ്കലില്‍ സംഘം വിഹിതം എത്രയെന്നും അതിനുള്ള ഭരണസമിതിയുടെ സാക്ഷ്യപത്രവും വേണം.
  3. ധനകാര്യ സ്ഥാപനത്തില്‍നിന്നു സ്വീകാര്യമായ ജാമ്യം നല്‍കി നിര്‍ദിഷ്ട പ്രോജക്ടിനുവേണ്ടി വായ്പ എടുക്കാന്‍ തയാറായിരിക്കണം.
  4. പ്രോജക്ട് നടപ്പാക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന ഉല്‍പ്പാദന , തൊഴിലവസര വര്‍ദ്ധനവിന്‍റെയും സേവന ഗുണമേډാ വര്‍ദ്ധനവിന്‍റെയും നിര്‍ണയിക്കപ്പെടുന്ന മറ്റ് ഘടകങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കി മുന്‍ഗണനപ്പട്ടിക തയാറാക്കണം.
  5. വിപണന സൗകര്യം വര്‍ദ്ധിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
  6. തദ്ദേശഭരണ സ്ഥാപനവുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന് കരാറിലേര്‍പ്പെടാന്‍ സന്നദ്ധമായ സ്ഥാപനങ്ങള്‍.
തിരഞ്ഞെടുപ്പ് പ്രക്രിയ

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പ്രോജക്ട് നിര്‍ദേശങ്ങള്‍ പരിശോധിച്ച് സംഘത്തിന്‍റെ ഭരണവകുപ്പിന്‍റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് അര്‍ഹതാ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കിട്ട് പട്ടിക തയാറാക്കി ബന്ധപ്പെട്ട സ്റ്റാന്‍റിങ് കമ്മിറ്റിയുടെയും ഭരണസമിതിയുടെയും അംഗീകാരം വാങ്ങണം.

കരാര്‍ വ്യവസ്ഥകളും ധനസഹായ വിതരണവും

പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതായി തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നു അറിയിപ്പ് കിട്ടിയാല്‍ കരാറില്‍ ഏര്‍പ്പെടണം. സംഘം സെക്രട്ടറിയെ നിര്‍വ്വഹണത്തിന് ചുമതലപ്പെടുത്തി സംഘം ഭരണസമിതി തീരുമാനമെടുക്കണം. വായ്പ നല്‍കുന്ന ബാങ്കിന്‍റെ അനുമതി പത്രം ഹാജരാക്കണം. സബ്സിഡിത്തുക വായ്പ നല്‍കുന്ന ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. പ്രോജക്ട് നിര്‍വ്വഹണം ആരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. സമയബന്ധിതമായി പ്രോജക്ട് നിര്‍വ്വഹണം പൂര്‍ത്തിയാക്കി ലക്ഷ്യം കൈവരിച്ചു എന്ന സംഘം സെക്രട്ടറിയുടെ അറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പരിശോധിച്ച് ഉറപ്പാക്കി സബ്സിഡിത്തുക സംഘത്തിന് ക്രമീകരിക്കാനുള്ള അനുമതി നല്‍കും. ബാക്ക് എന്‍ഡ് സബ്സിഡി ആയതിനാല്‍ ലക്ഷ്യം കൈവരിക്കുന്നില്ലെങ്കില്‍ ബാങ്കില്‍ നിന്നു തദ്ദേശ ഭരണ സ്ഥാപനത്തിന് തുക തിരിച്ചുവാങ്ങാന്‍ കഴിയും. ധനസഹായം ഉള്‍പ്പെടെയുള്ള തുക വിനിയോഗിച്ചത് കണക്ക് പുസ്തകങ്ങളില്‍ രേഖപ്പെടുത്തി ഭരണസമിതി അംഗീകരിച്ചു നിര്‍വഹണ ഉദ്യോഗസ്ഥന് നല്‍കണം.

സഹകരണ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിവിധ പ്രോജക്ടുകളുടെ സബ്സിഡി ശതമാനം, പരമാവധി തുക, യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ പട്ടികയായി നല്‍കിയിരിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!