പഞ്ചാബിലെ സഹകരണ പഞ്ചസാരമില്‍ നെല്‍ക്കുറ്റിയില്‍ നിന്നു വൈദ്യുതിയുണ്ടാക്കുന്നു

moonamvazhi

വയലില്‍ കൊയ്ത്തിനുശേഷം അവശേഷിക്കുന്ന നെല്‍ക്കുറ്റി ( കച്ചിക്കുറ്റി /  നെല്‍ത്തണ്ട് –  Paddy stubble )  യില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പഞ്ചാബിലെ ഭോഗ്പ്പൂര്‍ സഹകരണ പഞ്ചസാരമില്‍ മാതൃക സൃഷ്ടിച്ചു. 400 മെട്രിക് ടണ്‍ നെല്‍ക്കുറ്റിയില്‍നിന്നു മണിക്കൂറില്‍ പത്തു മെഗാവാട്ട് വൈദ്യുതിയാണു മില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പാടങ്ങളിലെ നെല്‍ക്കുറ്റി കത്തിച്ചു മലിനീകരണ-പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാക്കുന്ന അവസ്ഥ ഇതോടെ മാറുമെന്നാണു കരുതുന്നതെന്നു പഞ്ചാബിലെ ദ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യുതിയുണ്ടാക്കാനുള്ള നെല്‍ക്കുറ്റി പഞ്ചസാരമില്‍ നേരിട്ടാണു കര്‍ഷകരില്‍നിന്നു വാങ്ങുന്നത്. ക്വിന്റലിനു 180-250 രൂപ നിരക്കിലാണു കര്‍ഷകനു കൊടുക്കുന്നത്. ഇപ്പോള്‍ ഭോഗ്പ്പൂരിലും പരിസരപ്രദേശങ്ങളിലും നെല്‍പ്പാടങ്ങളില്‍ കൊയ്ത്തിനുശേഷം അവശിഷ്ടം കത്തിക്കുന്ന പ്രവണത ഇല്ലാതായിട്ടുണ്ടെന്നു പഞ്ചാബിലെ മലിനീകരണനിയന്ത്രണ ബോര്‍ഡ് അറിയിച്ചു. പഞ്ചസാരമില്ലില്‍ ഒരു ദിവസം 400 മെട്രിക് ടണ്‍ നെല്‍ക്കുറ്റിയാണ് ഉപയോഗിക്കുന്നത്. ഇതില്‍നിന്നു മണിക്കൂറില്‍ പത്തു മെഗാവാട്ട് വൈദ്യുതിയുണ്ടാക്കുന്നു.

ഇപ്പോഴത്തെ സീസണില്‍ 40,000 മെട്രിക് ടണ്‍ നെല്‍ക്കുറ്റിയും 10,000 മെട്രിക് ടണ്‍ കരിമ്പിന്‍ചണ്ടിയും വാങ്ങാനാണുദ്ദേശിക്കുന്നത്. നെല്‍ക്കുറ്റി ഏഴു മാസത്തേക്കും കരിമ്പിന്‍ചണ്ടി അഞ്ചു മാസത്തേക്കും വൈദ്യുതിയുണ്ടാക്കാന്‍ ഉപയോഗിക്കാം. പാടങ്ങളിലെ നെല്‍ക്കുറ്റികള്‍ പണം ചെലവാക്കി കത്തിക്കുന്നതിനുപകരം പഞ്ചസാരമില്ലിനു നല്‍കാന്‍ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചു. മില്ലിനകത്തു സ്ഥാപിച്ച പവര്‍ പ്ലാന്റിലാണു നെല്‍ക്കുറ്റിയില്‍നിന്നും കരിമ്പിന്‍ചണ്ടിയില്‍നിന്നും വൈദ്യുതിയുണ്ടാക്കുന്നതെന്നും ഈ വൈദ്യുതി സര്‍ക്കാരിനാണു നല്‍കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ സന്ദീപ് കുമാര്‍ അറിയിച്ചു. ഒരു സ്വകാര്യ കമ്പനിയാണു വൈദ്യുതിനിലയം പ്രവര്‍ത്തിപ്പിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍മാസങ്ങളിലായി പഞ്ചാബിലെ നെല്‍ക്കര്‍ഷകര്‍ അടുത്ത വിളയൊരുക്കത്തിന്റെ ഭാഗമായി 70-80 ലക്ഷം മെട്രിക് ടണ്‍ നെല്‍ക്കുറ്റി കത്തിച്ചുകളയുന്നുണ്ടെന്നാണു കണക്ക്. ഇതു പഞ്ചാബിലും ഡല്‍ഹിയിലും അന്തരീക്ഷമലിനീകരണത്തിനു കാരണമാകാറുണ്ട്. നെല്‍ക്കുറ്റി കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് കേസെടുക്കാറുണ്ട്.

Leave a Reply

Your email address will not be published.