നെല്‍ കര്‍ഷകര്‍ക്കുവേണംസഹകരണ ബദല്‍

moonamvazhi

കോവിഡ് വ്യാപനവും പിന്നാലെയുണ്ടായ
ഭക്ഷ്യ പ്രതിസന്ധിയും
ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന
ബോധത്തിലേക്കു കേരളത്തെ നയിച്ചതിന്റെ ഫലമായാണു
സഹകരണ സംഘങ്ങളെ മുഖ്യപങ്കാളിയാക്കി
‘സുഭിക്ഷ കേരളം’ പദ്ധതി തുടങ്ങിയത്.
കൊയ്തിട്ട നെല്ല് പെട്ടെന്നു സംഭരിച്ചില്ലെങ്കില്‍
ആ വിള മുഴുവന്‍ നഷ്ടമാകുന്ന
അവസ്ഥയിലാണു കര്‍ഷകര്‍. അതിനാല്‍,
ഏതു ചൂഷണത്തിനും വഴങ്ങാന്‍ അവര്‍
നിര്‍ബന്ധിതരാകും. ഇവിടെ സഹകരണ
മേഖലയുടെ ഇടപെടല്‍ ഉണ്ടായേ തീരൂ.
നെല്ല് സംഭരണം പൂര്‍ണമായി ഏറ്റെടുക്കാനും
അരി വിപണിയിലെത്തിക്കാനും
സഹകരണ സംഘങ്ങള്‍ക്കു കഴിയണം.

 

കൃഷിക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തിനൊപ്പം കൃഷി നേരിട്ട് ഏറ്റെടുക്കുക എന്ന നിലയിലേക്കുകൂടി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനരീതി മാറിയ ഘട്ടമാണിത്. പ്രധാനമായും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റമാണിത്. അതിനുമുമ്പ് ഒറ്റപ്പെട്ട നിലയില്‍ സഹകരണ സംഘങ്ങള്‍, പ്രത്യേകിച്ച് പ്രാഥമിക കാര്‍ഷിക വായ്്പാ സഹകരണ സംഘങ്ങളായ സര്‍വീസ് സഹകരണ ബാങ്കുകള്‍, സ്വന്തം നിലയില്‍ കൃഷി ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനവും പിന്നാലെയുണ്ടായ ഭക്ഷ്യ പ്രതിസന്ധിയും ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന ബോധത്തിലേക്കു കേരളത്തെ എത്തിച്ചു. അങ്ങനെയാണു സഹകരണ സംഘങ്ങളെ മുഖ്യപങ്കാളിയാക്കി ‘സുഭിക്ഷ കേരളം’ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കര്‍ഷക കൂട്ടായ്മകള്‍ക്കും കാര്‍ഷിക കര്‍മസേനകള്‍ക്കും വായ്പ നല്‍കി തരിശുനിലങ്ങളെല്ലാം കൃഷിയിടമാക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു ഇതില്‍ സഹകരണ സംഘങ്ങളുടെ ദൗത്യം. ആ ദൗത്യത്തിനൊപ്പം, സ്വന്തമായി തരിശുനിലങ്ങളില്‍ സഹകരണ സംഘങ്ങള്‍ കൃഷിയിറക്കി. ഏക്കറുകണക്കിനു പാടശേഖരങ്ങളില്‍ അങ്ങനെ നെല്ലു കിളിര്‍ത്തു. സുഭിക്ഷ കേരളം പദ്ധതി ഭക്ഷ്യോല്‍hdhാദനത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാക്കിയെന്നാണു സര്‍ക്കാരിന്റെ കണക്ക്. ഇപ്പോള്‍ അതിന്റെ രണ്ടാം ഘട്ടത്തിനുള്ള തീരുമാനവുമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ 500 ഏക്കര്‍ ഭൂമിയില്‍ കൃഷിയൊരുക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇതു നിലവിലുള്ള കൃഷിയിടത്തിനു പുറമെയാണ്. ഇതിനായി, സഹകരണ സംഘങ്ങള്‍ക്കു സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കാമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്്.

കൃഷിയിലേക്കും അതുവഴി ഭക്ഷ്യോല്‍പ്പാദനം കൂട്ടുന്നതിനും സഹകരണ മേഖലയെ എങ്ങനെ വഴിതിരിച്ചുവിടാമെന്നതിന്റെ ഉദാഹരണങ്ങളാണു മേല്‍പ്പറഞ്ഞവയെല്ലാം. പക്ഷേ, കൃഷിക്കുശേഷമുള്ള കര്‍ഷകന്റെ പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കാന്‍ സഹകരണ മേഖല തയാറാകേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് നെല്‍ക്കര്‍ഷകരുടെ കാര്യത്തില്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന കര്‍ഷക വിഭാഗമാണിത്. കാലാവസ്ഥാ വ്യതിയാനവും അതിവര്‍ഷവുമെല്ലാം തീര്‍ക്കുന്ന ദുരിതത്തെ അതിജീവിച്ച് കര്‍ഷകരുണ്ടാക്കുന്ന നെല്ല് സംഭരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കൊടിയ ചൂഷണവും നീതിനിഷേധവുമാണ് ഇവിടെ നടക്കുന്നത്. നിലവില്‍ സപ്ലൈകോയാണു കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കുന്നത്. സപ്ലൈകോയ്ക്കു നേരിട്ട് സംഭരണത്തിനുള്ള സംവിധാനമില്ല. അതിനാല്‍, സ്വകാര്യ മില്ലുവഴിയാണ് ഇതു നിര്‍വഹിക്കുന്നത്. തൂക്കം കുറച്ചുകാണിക്കുക, എതിര്‍ക്കുന്നവരുടെ നെല്ല് സംഭരിക്കാതിരിക്കുക, ഗുണനിലവാരമില്ലെന്നു ചൂണ്ടിക്കാട്ടി തൂക്കത്തിനാനുപാതികമായി ഒരുവിഹിതം തള്ളുക എന്നിങ്ങനെ പല ഏര്‍പ്പാടുകള്‍ മില്ലുകാര്‍ ചെയ്യുന്നുണ്ട്. കൊയ്തിട്ട നെല്ല് പെട്ടെന്നു സംഭരിച്ചില്ലെങ്കില്‍ ആ വിള മുഴുവന്‍ നഷ്ടമാകുമെന്ന പ്രതിസന്ധി കര്‍ഷകര്‍ നേരിടുന്നുണ്ട്. അതിനാല്‍, ഏതു ചൂഷണത്തിനും വിധേയപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇവിടെ സഹകരണ മേഖലയുടെ ഇടപെടല്‍ അനിവാര്യമാണ്. നെല്ല് സംഭരണം പൂര്‍ണമായി ഏറ്റെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയുംവിധത്തില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്.

പരാജയം നല്‍കിയ
പാഠം

കൊയ്ത്തു തുടങ്ങുന്ന ഘട്ടത്തിലെല്ലാം നെല്ല് സംഭരണം സംബന്ധിച്ചുള്ള പ്രതിസന്ധിയും ഉയരും. പലവട്ടം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയാവും ഇതിലൊരു തീരുമാനമുണ്ടാവുക. സംഭരണം നടക്കുമ്പോള്‍ ചുമട്ടുകൂലി, വാഹനവാടക, ബാങ്കില്‍നിന്ന് പണം കൊടുക്കുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തു സംഭരണം സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനമുണ്ടായി. ഭക്ഷ്യ-സഹകരണ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. സപ്ലൈകോയ്ക്കു വേണ്ടി സംഭരിക്കുന്ന നെല്ലിനു സ്വകാര്യമില്ലുകളാണു തൂക്കം നിശ്ചയിച്ചിട്ടുള്ള സ്ലിപ്പ് നല്‍കുക. ഈ സ്ലിപ്പിനനുസരിച്ച് പണം നല്‍കിയിരുന്നതു സഹകരണ ബാങ്കുകളായിരുന്നു. ഈ സഹകരണത്തിന്റെ ബലത്തിലാണു സംഭരണം സഹകരണ സംഘങ്ങളിലൂടെ തന്നെയാക്കാമെന്ന് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. പക്ഷേ, ഈ തീരുമാനം വിജയിപ്പിക്കാനായില്ല. കാരണം, സംഭരിച്ച നെല്ല് അരിയാക്കി മാറ്റാനുള്ള സംവിധാനം സഹകരണ മേഖലയിലുണ്ടായിരുന്നില്ല. നെല്ല് സംഭരിച്ചുവെക്കാനുള്ള ഗോഡൗണുകളും സംഘങ്ങള്‍ക്കുണ്ടായിരുന്നില്ല. സംഭരണം ഏറ്റെടുക്കാനുള്ള തീരുമാനം എടുത്തുചാട്ടമായിപ്പോയെന്ന വിമര്‍ശനം ഇതോടെയുണ്ടായി. പക്ഷേ, സഹകരണ മേഖലയ്ക്ക് അതൊരുപാഠമായിരുന്നു. ആ പാഠത്തില്‍നിന്നാണു നെല്ല് സംഭരണത്തിനും സംസ്‌കരണത്തിനുമായി സഹകരണ സംഘം തുടങ്ങണമെന്ന തീരുമാനമുണ്ടായത്.

പാലക്കാട് ജില്ലയില്‍ ആദ്യത്തെ നെല്ല് സംസ്‌കരണ-വിപണന സഹകരണ സംഘം രൂപവത്കരിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളെ അംഗങ്ങളാക്കിയാണ് ഇതിനു രൂപം കൊടുത്തത്. ആധുനിക മില്ലടക്കം സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു സഹകരണ മന്ത്രിയായ വി.എന്‍. വാസവനും നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരണ മേഖല ഇടപെടണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. അതോടെ, സംസ്ഥാനത്താകെ നെല്ല് സംഭരിക്കാന്‍ കഴിയുന്നവിധത്തില്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനമുണ്ടാകണമെന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം എന്ന പേരില്‍ പുതിയ ഒരു സഹകരണ സംഘംകൂടി രൂപവത്കരിച്ചു. പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകള്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലാണ്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമാണു റൈസ് മില്ലുകള്‍ സ്ഥാപിക്കുക. കര്‍ഷകരില്‍ നിന്നു വിപണി വിലയ്ക്കു നെല്ല് സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുകയാണു ലക്ഷ്യം. നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സഹകരണ സംഘം വഴി നടപ്പാക്കും. കേരളത്തിന്റെ തനത് ഉല്‍പ്പന്നമായി അരി വിപണനം ചെയ്യും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും സ്വകാര്യ മേഖലയിലും ഓണ്‍ലൈന്‍ വഴിയുമായിരിക്കും വില്‍പ്പന. ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച വില ഉറപ്പു വരുത്തുന്നതു വഴി നെല്‍ക്കര്‍ഷകര്‍ക്കു ലാഭകരമായി കൃഷി വ്യാപിപ്പിക്കാനുള്ള നടപടിയാണു സ്വീകരിക്കുന്നത്.

കര്‍ഷകനിപ്പോഴും
സങ്കടങ്ങളാണ്

ആലപ്പുഴ കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ നെല്ലുസംഭരണത്തില്‍ വലിയ കുറവാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്്. ന്യൂനമര്‍ദം കാരണമുണ്ടായ തുടര്‍ച്ചയായ മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയാണു വിളവ് കുറയാന്‍ കാരണമായത്. രണ്ടര ലക്ഷം ക്വിന്റല്‍ നെല്ല് കുറഞ്ഞതായാണു കണക്ക്. 5.10 ലക്ഷം ക്വിന്റല്‍ നെല്ലാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സംഭരിക്കാനായതു 2.86 ലക്ഷം ക്വിന്റല്‍ മാത്രമാണ്.
പല പാടങ്ങളിലും മഴയില്‍ വെള്ളം കെട്ടിനിന്നു നെല്ല് ചീഞ്ഞുനശിച്ചിരുന്നു. സമയത്തു കൊയ്ത്തു നടക്കാതിരുന്നതും വിളവെടുപ്പിനെ ബാധിച്ചു. കൊയ്ത്തുയന്ത്രങ്ങളുടെ ക്ഷാമവും തിരിച്ചടിയായി. വിളവെടുപ്പുസമയം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമാണു പല പാടങ്ങളിലും കൊയ്ത്തു നടന്നത്. ഒക്ടോബറില്‍ തുടങ്ങേണ്ട പുഞ്ചക്കൃഷി ഇത്തവണ ഡിസംബറോടെയാണ് ആരംഭിച്ചത്. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതു പുഞ്ചയാണ്. രണ്ടാംകൃഷി പകുതി പാടശേഖരങ്ങളില്‍ മാത്രമാണു നടക്കാറുള്ളത്. 2018 ലെ പ്രളയത്തിനുശേഷം എക്കല്‍ അടിഞ്ഞു നല്ല വിളവാണു കുട്ടനാട്ടില്‍ ലഭിക്കുന്നത്. എന്നാല്‍, ഇത്തവണ കാലവര്‍ഷക്കെടുതിയില്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. കോവിഡ് പ്രതിസന്ധിക്കിടയില്‍ കടം വാങ്ങി കൃഷിയിറക്കിയവര്‍ക്കാണു വിളവ് കുറഞ്ഞതു തിരിച്ചടിയായത്.

ജില്ലയില്‍ ശരാശരി 25,000 ഹെക്ടറിലാണു പുഞ്ചക്കൃഷിയിറക്കിയത്. സാധാരണ തുലാമാസത്തിലാണു വിത നടക്കുന്നത്. എന്നാല്‍, കാലവര്‍ഷക്കെടുതിയില്‍ വിളവെടുപ്പ് താമസിച്ചതിനാല്‍ പുഞ്ചക്കൃഷിയും വൈകി. തോട്ടപ്പള്ളി സ്പില്‍വേ വഴി ഉപ്പുവെള്ളം കയറിത്തുടങ്ങിയതായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം കണ്ടെത്തി. തണ്ണീര്‍മുക്കം ബണ്ടിലൂടെയും കായംകുളം പൊഴിയിലൂടെയും ഉപ്പുവെള്ളം കയറുന്നതും തിരിച്ചടിയായിട്ടുണ്ട്. കുട്ടനാട്ടില്‍ ഇത്തവണയുണ്ടായതു കനത്ത കൃഷിനാശമാണ്. കാലംതെറ്റി വിതയിറക്കിയതിനാല്‍ പുഞ്ചക്കൃഷിയിലും വിളവ് കുറയും. ഓരുവെള്ള ഭീഷണി നിലനില്‍ക്കുന്നു.

പാലക്കാട്ട്
ഉണക്കു ഭീഷണി

ആലപ്പുഴയില്‍നിന്നു വിഭിന്നമാണു പാലക്കാട് ജില്ലയിലെ സ്ഥിതി. പെരുങ്ങോട്ടുകുറുശ്ശി പോലുള്ള അതിര്‍ത്തിമേഖലയില്‍ കനാല്‍വെള്ളം കൃത്യമായി എത്താത്തതുമൂലം രണ്ടാംവിള നെല്‍ക്കൃഷി പരക്കെ ഉണക്കു ഭീഷണി നേരിടുന്നു. മലമ്പുഴ ഇറിഗേഷന്‍ കനാലിന്റെ വാലറ്റ മേഖലയായ ഒടുവന്‍കാട്ടിലാണു വിവിധ പാടശേഖര സമിതിയിലെ രണ്ടാംവിള നെല്‍ക്കൃഷി യഥാസമയം വെള്ളം എത്താത്തതുമൂലം കടുത്ത പ്രതിസന്ധി നേരിടുന്നത്. ഈ വര്‍ഷം അധികമഴ ലഭിച്ചതിനെത്തുടര്‍ന്നു മേഖലയിലെ കര്‍ഷകര്‍ക്ക് ഒന്നാംവിള നെല്‍ക്കൃഷിയില്‍ നിന്നുള്ള ആദായവും നാമമാത്രമായി മാറിയിരുന്നു. ജില്ലയില്‍ ഇത്തവണ രണ്ടാംവിള 35,000 ഹെക്ടറിലാണു ഇറക്കുന്നത്. മെയിന്‍ കനാലില്‍ നിന്നു പാടശേഖരങ്ങളിലേക്കു വെള്ളം തിരിച്ചുവിടാനായി നിര്‍മിച്ചിട്ടുള്ള പ്രദേശത്തെ കാഡ കനാലുകള്‍ വ്യാപകമായി തകര്‍ന്നുകിടക്കുന്നതും കര്‍ഷകര്‍ക്കു തലവേദനയാവുകയാണ്. കനാല്‍വെള്ളം എത്തിയാലും കാഡ കനാലുകളുടെ തകര്‍ച്ച മൂലം പാടശേഖരങ്ങളില്‍ വെള്ളം പരക്കുന്നതിനു ഏറെ കാത്തിരിക്കേണ്ട ദുരവസ്ഥയാണുള്ളത്. ജില്ലയിലെ വാലറ്റ പ്രദേശങ്ങളെക്കൂടാതെ മലമ്പുഴ കനാല്‍വെള്ളം പോകുന്ന ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളം എത്താത്ത പ്രശ്‌നമുണ്ട്. ഇടവിട്ട് കനാല്‍വെള്ളം ലഭ്യമാകുന്നുണ്ടെങ്കിലും പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, ചിതലി, കോട്ടായി പ്രദേശങ്ങളില്‍ വെള്ളം എത്തുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. തുറന്നുവിടുന്ന ജലത്തിന്റെ തോതു കുറച്ചാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു വെള്ളം കിട്ടില്ല. ഇങ്ങനെ ഒട്ടേറെ ദുരവസ്ഥകളോട് പടവെട്ടിയാണു കര്‍ഷകര്‍ വിതയിട്ടത്. അതു വിളവെടുക്കുമ്പോഴുള്ള പ്രശ്‌നം അതിലേറെയാണ്.

ചുമട്ടുകൂലിയും
മില്ലുകാരുടെ വിലപേശലും

പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന കൂലിച്ചെലവും മറികടന്ന്, പാടത്തുനിന്നു നെല്ല് കരയിലെത്തിച്ചാലും കര്‍ഷകന് ആശ്വസിക്കാന്‍ വകയില്ല. അപ്പോഴും വിലപേശലുമായി ഒട്ടേറപ്പേരാണ് അവരെ കാത്തിരിക്കുന്നത്. ചുമട്ടുതൊഴിലാളികള്‍ മുതല്‍ സംഭരണത്തിനെത്തുന്ന മില്ലുകാര്‍ വരെ തര്‍ക്കിക്കാന്‍ നില്‍ക്കും. ഇവരെയെല്ലാം ഒത്തുതീര്‍പ്പിലെത്തിച്ചാലേ നെല്ല് മില്ലുകളിലെത്തുകയുള്ളൂ. ഇത്തവണ പാലക്കാട്-തൃശ്ശൂര്‍ മേഖലകളില്‍ മുണ്ടകന്‍ നേരത്തെ കൃഷിയിറക്കിയിരുന്നു. വരള്‍ച്ച മുന്നില്‍ക്കണ്ടായിരുന്നു ഇത്്. എന്നിട്ടും ഒട്ടേറെ പ്രശ്‌നങ്ങളാണു നേരിടേണ്ടിവന്നത്. വെള്ളം ഉയരാത്ത പാടശേഖരങ്ങളില്‍പ്പോലും കതിരിടുന്ന സമയങ്ങളില്‍ പെയ്ത മഴ പ്രതികൂല സാഹചര്യങ്ങളാണുണ്ടാക്കിയത്. കതിര്‍പ്പോളകളില്‍ വെള്ളം കയറിയതോടെ നെന്‍മണികള്‍ക്കു കരുത്തു കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ ഇത്തവണ 20 ശതമാനം വിളവ് കുറവാണ്. നിലമൊരുക്കുന്നതുമുതല്‍ വിളവെടുക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ചെലവ് വര്‍ധിച്ചു.

നെല്ല് സംഭരണത്തിനെത്തിക്കുമ്പോഴാണു ചുമട്ടുകൂലി, ഗുണനിലവാരംപോലുള്ള പുതിയ തര്‍ക്കങ്ങളുയരുന്നത്. കിലോഗ്രാമിന് 28 രൂപ നിരക്കിലാണു സപ്ലൈകോ വഴിയുള്ള സംഭരണം. 55 കിലോഗ്രാം വരെ തൂക്കമുള്ള ചാക്കിനു 20.69 രൂപയാണു സര്‍ക്കാര്‍ നിശ്ചയിച്ച കയറ്റുകൂലി. എന്നാല്‍, 24 രൂപവരെ കയറ്റുകൂലിയായി വാങ്ങിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതിനുപുറമേ, ക്ഷേമനിധിയിലേക്കും തുക വേണമെന്നാണു തൊഴിലാളികളുടെ ആവശ്യം. ഇതു ചിലയിടങ്ങളില്‍ തര്‍ക്കത്തിനിടയാക്കുന്നുണ്ട്. നെല്ല് സംഭരണത്തിലുള്ള കിഴിവ് സംബന്ധിച്ച തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സപ്ലൈകോ 17 ശതമാനംവരെ ഈര്‍പ്പമാകാമെന്നാണു നിഷ്‌കര്‍ഷിക്കുന്നത്. രണ്ട് ശതമാനം വരെയുള്ള കിഴിവ് കര്‍ഷകരും അംഗീകരിക്കുന്നുണ്ട്. പാടത്തിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ ഇടങ്ങളില്‍ കൂട്ടിയിടുന്ന നെല്ല് രാവിലെ പരിശോധിക്കുമ്പോള്‍ ഈര്‍പ്പത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകും. ഗുണനിലവാരമില്ലെന്നപേരില്‍ മില്ലുകാര്‍ കിഴിവ്ശതമാനം വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ മില്ലുകാര്‍ കിലോഗ്രാമിന് 19 മുതല്‍ 22 രൂപ വരെയാണു കര്‍ഷകര്‍ക്കു നല്‍കുന്നത്. അതിനാല്‍ത്തന്നെ ഭൂരിഭാഗം കര്‍ഷകരും സപ്ലൈകോയ്ക്കു നെല്ല് നല്‍കാനാണു താല്‍പ്പര്യപ്പെടുന്നത്. കിഴിവ് ശതമാനം വര്‍ധിക്കുന്നതോടെ കര്‍ഷകരുടെ നഷ്ടം കൂടും. കാലതാമസമില്ലാതെ നെല്ല് സംഭരിക്കാന്‍ സപ്ലൈകോ സംവിധാനം ഒരുക്കിയിട്ടുള്ളതാണു കര്‍ഷകര്‍ക്ക് ആശ്വാസം.

രാസവളവും
കിട്ടാനില്ല

പൊട്ടാഷടക്കമുള്ള രാസവളങ്ങള്‍ കിട്ടാനില്ലാത്തതാണു കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. നേരത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ മിക്കവയ്ക്കും വളം ഡിപ്പോകളുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് അമിതവിലയീടാക്കാത രാസവളങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ആ സഹകരണ ഇടപെടല്‍ ഗുണം കണ്ടു. വളത്തിനുണ്ടായിരുന്ന വിലക്കയറ്റം ഇല്ലാതായി. വളം പൂഴ്ത്തിവെപ്പും അമിത വിലയ്ക്കു വില്‍ക്കുന്നതും നിന്നു. ക്രമേണ സഹകരണ സംഘങ്ങളും വളം ഡിപ്പോയില്‍നിന്ന് പിന്മാറി. പഴയ സ്ഥിതി വീണ്ടും തിരിച്ചുവരുന്നു എന്നാണ് ഇപ്പോഴത്തെ സാഹചര്യം ബോധ്യപ്പെടുത്തുന്നത്. രാസവളങ്ങള്‍ കിട്ടാനില്ല. കിട്ടുന്നതിന് ഉയര്‍ന്ന വില നല്‍കേണ്ടിയും വരുന്നു. ഇതു നെല്‍ക്കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. രണ്ടാംവിളയ്ക്ക് അടിവളമായി അവശ്യംവേണ്ട പൊട്ടാഷ് വിപണിയില്‍ ലഭിക്കാതായതോടെ ഇക്കുറി വിളവ് കുറയുമെന്നു കര്‍ഷകര്‍ പറയുന്നു. നെല്ലിനു കതിരു വരുന്നതിനുമുമ്പ് ആവശ്യമായ വളം നല്‍കിയില്ലെങ്കില്‍ രോഗബാധയ്ക്കും സാധ്യതയേറെയാണ്. ഒന്നാംവിളയ്ക്കു നെല്ലുല്‍പ്പാദനം കുറഞ്ഞതോടെ രണ്ടാംവിളക്കാലത്തെ അധികവിളവില്‍ നഷ്ടം നികത്താമെന്ന കര്‍ഷകരുടെ പ്രതീക്ഷയ്ക്കും വളംക്ഷാമം തിരിച്ചടിയായി.

സംസ്ഥാനത്തു പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡാണ്. നെല്‍ക്കൃഷി വ്യാപകമായ പാലക്കാട്ടടക്കം വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ വിതരണത്തിനുള്ള പൊട്ടാഷ് വളവുമായി രണ്ടാഴ്ചമുമ്പു തൃശ്ശൂരില്‍ ചരക്കുതീവണ്ടി എത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ തുറമുഖത്തുനിന്നുള്ള ചരക്കുതീവണ്ടിയിലെ 60 ശതമാനം വളവും പാലക്കാട് ജില്ലയിലേക്ക് നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിനു വളം ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. വളം അടിയന്തരമായി നല്‍കേണ്ട ഘട്ടത്തില്‍ കൂട്ടുവളങ്ങളെയാണ് ഏറെ കര്‍ഷകരും ആശ്രയിച്ചത്. നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി മിശ്രിതവളത്തിന്റെ വില ഉല്‍പ്പാദകര്‍ കൂട്ടിയതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. വളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിവേണമെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ പൊതുമേഖലാസ്ഥാപനമായ എഫ്.എ.സി.ടി.യുടെ നേതൃത്വത്തില്‍ വളം ഇറക്കുമതി ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡീലര്‍മാരുള്ള എഫ്.എ.സി.ടി. ഈ വളം കൂടുതലായി കര്‍ഷകരിലേക്ക് എത്തിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തില്‍ വിദേശവിപണികളില്‍ പൊട്ടാഷ് ( മ്യൂറേറ്റ് ഓഫ് പൊട്ടാഷ് ) വില കുതിച്ചുയര്‍ന്നതോടെ എഫ്.എ.സി.ടി. ഇറക്കുമതിക്കു തയാറാവാത്തതും വളത്തിന്റെ ലഭ്യത കുത്തനെ കുറയാനിടയാക്കി.

അതേസമയം, സംസ്ഥാനത്ത് വളംവ്യാപാരികളുടെ കൈവശം 7,740 ടണ്‍ രാസവളം സ്റ്റോക്കുണ്ടെന്ന് ഇവിടേക്ക് എത്തിയ വളത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. ഇത്രയും വളം സംസ്ഥാനത്തു സ്റ്റോക്കുണ്ടായിട്ടും അതു കര്‍ഷകനു കിട്ടാത്തതിനു കാരണം പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവുമാണ്. കേന്ദ്ര രാസവളം മന്ത്രാലയത്തിന്റെ പോയന്റ് ഓഫ് സെയില്‍ ( പി.ഒ.എസ് ) കണക്കുപ്രകാരം ഡിസംബര്‍ 31 നു സംസ്ഥാനത്തെ വ്യാപാരികളുടെ കൈവശമുള്ള നീക്കിയിരിപ്പാണു 7,740 ടണ്‍ വളം. എഫ്.എ.സി.ടി. സംസ്ഥാനത്തെ വിവിധ വില്‍പ്പനശാലകളും ഡിപ്പോകളും വഴി വിറ്റഴിക്കുന്ന വളത്തിനു പുറമേയാണിത്. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് (ഐ.പി.എല്‍.), എം.എഫ്.എല്‍., ഇഫ്കോ, സ്പിക് തുടങ്ങിയ പ്രധാന വളം ഉല്‍പ്പാദക വിതരണക്കമ്പനികള്‍ സംസ്ഥാനത്തു വില്‍പ്പനക്കെത്തിച്ചതാണ് ഈ വളം. ഇതില്‍ സഹകരണ ബാങ്കുകളുടെ സംഭരണകേന്ദ്രങ്ങളില്‍ മാത്രമാണു സ്‌റ്റോക്ക് തീരുവോളം കര്‍ഷകനു വിതരണം ചെയ്യുന്നത്. വ്യാപാരികള്‍ പി.ഒ.എസ്. യന്ത്രം ഉപയോഗിക്കാതെ വളം വില്‍ക്കുന്നരീതി നിലവിലുള്ളതിനാല്‍ യന്ത്രത്തില്‍ വളത്തിന്റെ സ്റ്റോക്കുനില ഉയര്‍ന്നിരിക്കുന്ന സാഹചര്യമുണ്ട്. സംഭരണശാലകളില്‍ നേരിട്ടുള്ള പരിശോധന വഴി മാത്രമേ യഥാര്‍ഥ അളവ് കണ്ടെത്താനാവൂ. പി.ഒ.എസ്. യന്ത്രത്തിലെ കണക്കുപ്രകാരം വിറ്റഴിക്കാത്ത വളത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണു സംസ്ഥാനത്തിനുള്ള രാസവളം ക്വാട്ട കേന്ദ്ര രാസവളം, രാസവസ്തു മന്ത്രാലയം വെട്ടിക്കുറച്ചത്.

കര്‍ഷകരക്ഷ
സഹകരണത്തില്‍ മാത്രം

ഇടനിലക്കാരന്റെ ചൂഷണത്തില്‍നിന്നു സാധാരണക്കാരെ മോചിപ്പിക്കുക എന്നതാണ് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രാഥമികമായ ലക്ഷ്യം. അതിനാല്‍, നെല്‍ക്കര്‍ഷകരെ ഈ കൊടിയ ചൂഷണത്തില്‍നിന്നു മോചിപ്പിക്കേണ്ടതു സഹകരണ മേഖലയുടെ അടിയന്തര ദൗത്യമാണ്. രണ്ടര വര്‍ഷം മുമ്പ് തുടങ്ങിയ പാലക്കാട്ടെ നെല്ല് സംസ്‌കരണ വിപണന സംഘത്തിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കേണ്ടതുണ്ട്. സ്വന്തം മില്ല് പൂര്‍ത്തിയാക്കാന്‍ വൈകുമെങ്കില്‍ സ്വകാര്യമില്ലുകള്‍ വാടകയ്‌ക്കെടുത്തെങ്കിലും സംഭരണ, സംസ്‌കരണ രംഗത്തേക്കു സംഘം ഇറങ്ങേണ്ടത് അനിവാര്യമാണ്. കോട്ടയം ആസ്ഥാനമായി തുടങ്ങിയ സംഘവും നടപടികള്‍ വേഗത്തിലാക്കണം. കാരണം, കുട്ടാനാട്ടിലേയും തൃശ്ശൂരിലേയും കര്‍ഷകരുടെ സങ്കടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

നെല്ല് സംഭരണം മാത്രമല്ല സഹകരണ ബ്രാന്‍ഡ് അരി എന്ന നിര്‍ദേശവും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടുവെച്ചിരുന്നു. അന്ന് ഒരു നിര്‍ദേശം എന്നതിലുപരി അതിനു കര്‍മപരിപാടികളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല. കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ കേരളത്തിലാകെ ഒരു സഹകരണ വിപണന ശൃംഖല തുറക്കാനുള്ള ഒരുക്കത്തിലാണു സഹകരണ വകുപ്പ്്. അതില്‍ സഹകരണ ബ്രാന്‍ഡ് അരി കൂടി ഉറപ്പുവരുത്താനായാല്‍ അതു സഹകരണ വകുപ്പിനു വലിയ നേട്ടമാകുമെന്നു മാത്രമല്ല കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസവുമാകും. അതുകൊണ്ട്, നെല്‍ക്കര്‍ഷകരെ സഹായിക്കുകയും അവര്‍ക്കു വിത്തും വിളവും ഉറപ്പാക്കുകയും നെല്ല് സംഭരിച്ച് അരിയാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നതിനുള്ള ഒരു കര്‍മപദ്ധതി സഹകരണ മേഖലയ്ക്ക് അനിവാര്യമാണ്. കര്‍ഷകരുടെ രക്ഷ സഹകരണത്തില്‍ മാത്രമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!