നെല്ലില്‍ നേട്ടത്തിന് കെട്ടിനാട്ടി കൃഷിരീതി

moonamvazhi
അനില്‍ വള്ളിക്കാട്

– അനില്‍ വള്ളിക്കാട്

നെല്‍ക്കൃഷിയിലെ പുതുരീതിയാണു കെട്ടിനാട്ടി. വിത്തുപയോഗത്തിലും വളപ്രയോഗത്തിലും വിളവിലും ഏറെ ലാഭകരം എന്നു തെളിയിച്ചതാണു കെട്ടിനാട്ടി കൃഷിരീതി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദനവും നല്ല ഭക്ഷണവും ഇതു വാഗ്ദാനം ചെയ്യുന്നു.

 

നെല്‍ക്കൃഷിയില്‍ പുതിയ രീതിശാസ്ത്രവുമായി ‘കെട്ടിനാട്ടി ‘ വരുന്നു. മണ്ണിനനുയോജ്യമായി നെല്ലിനങ്ങളുടെ പെല്ലറ്റ് രൂപത്തിലുള്ള ഞാറ്റടി തയാറാക്കി വയലില്‍ നിക്ഷേപിച്ച് വളര്‍ത്തുന്ന ഈ രീതി കാര്‍ഷിക പരീക്ഷണത്തിന്റെയും നവീകരണത്തിന്റെയും പുതിയ വിജയച്ചുവടായി പരിഗണിക്കുന്നു. നെന്മേനി ചിറ്റുണ്ട എന്ന പേരില്‍ വയനാട്ടില്‍ പ്രചാരം നേടിയ കെട്ടിനാട്ടി രീതി പാലക്കാട് മലമ്പുഴ ബ്‌ളോക്കിലും പരീക്ഷിക്കപ്പെട്ടു. മലമ്പുഴ ആരക്കോട് പാടശേഖരത്തില്‍ വിവേക് എന്ന യുവകര്‍ഷകനാണു പാട്ടത്തിനെടുത്ത ഒരേക്കര്‍ പാടത്ത് കൃഷിവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ ചിറ്റുണ്ട നിക്ഷേപിച്ചത്. വിത്തുപയോഗത്തിലും വളപ്രയോഗത്തിലും വിളവിലും ഏറെ ലാഭകരമെന്നതാണു കെട്ടിനാട്ടിയുടെ പ്രത്യേകത. രാസവളപ്രയോഗം കുറച്ചും രാസകീടനാശിനി പ്രയോഗം തീര്‍ത്തും ഒഴിവാക്കിയുമുള്ള പരിസ്ഥിതി സൗഹാര്‍ദമേന്മയും ഇതിന്റെ സവിശേഷതയാണ്. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഉല്‍പ്പാദനം മാത്രമല്ല നല്ല ഭക്ഷണവും ‘കെട്ടിനാട്ടി ‘ ഉറപ്പു നല്‍കുന്നു.

ഒറ്റയാള്‍ പരീക്ഷണം

നെല്ലുല്‍പ്പാദന രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കെട്ടിനാട്ടി രീതി ഒരു കര്‍ഷകന്റെ ദീര്‍ഘകാല പരീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞതാണെന്നതു കാര്‍ഷിക കേരളത്തിന്റെ ചരിത്രത്തില്‍ അഭിമാനരേഖയായി മാറുകയാണ്. മുമ്പേ ചെയ്തു ശീലിച്ച കൃഷിരീതികളില്‍ നിന്നു മാറാന്‍ താല്‍പ്പര്യമില്ലാത്തവരാണു പൊതുവെ നെല്‍ക്കൃഷിക്കാര്‍. എന്നാല്‍, പാരമ്പര്യ നെല്‍ക്കര്‍ഷകര്‍ക്കും നന്നേ ബോധിക്കും വയനാട് അമ്പലവയല്‍ സ്വദേശി അജി തോമസ് വികസിപ്പിച്ച കെട്ടിനാട്ടി കൃഷി രീതി. സ്വന്തമായുള്ളതും പാട്ടത്തിനെടുക്കുന്നതും ചേര്‍ത്തു വര്‍ഷംതോറും ശരാശരി നാലേക്കറില്‍ നെല്‍ക്കൃഷി ചെയ്യന്ന അജി ദീര്‍ഘകാല പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണു പുതിയ രീതി വികസിപ്പിച്ചത്. ഇതിനായി മണ്ണും വിത്തും വളര്‍ച്ചയും പൊരുത്തപ്പെടുത്താന്‍ മുപ്പതിലേറെ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടു. ചെയ്തറിവുകള്‍ ചേര്‍ത്തു വീണ്ടും പരിഷ്‌കരിച്ച് ‘നെന്മേനി ചിറ്റുണ്ട ഞാറ്റടി’ എന്ന പേരില്‍ കര്‍ഷകര്‍ക്കിടയില്‍ ഈ രീതി അജി പ്രചാരത്തിലെത്തിക്കുകയാണ്. ഉല്‍പ്പാദനമികവും ഗുണമേന്മയും കണക്കിലെടുക്കുമ്പോള്‍ ലളിതമായ നെല്‍ക്കൃഷിയുടെ രീതിശാസ്ത്രത്തില്‍ ആഗോളതലത്തില്‍ത്തന്നെ അവസാനവാക്കാണ് ‘കെട്ടിനാട്ടി’ എന്നാണ് അജി തോമസിന്റെ അവകാശവാദം ഇതിനകം സംസ്ഥാനത്തു 400 ഏക്കറോളം സ്ഥലത്തു സ്വന്തം കൃഷിരീതി വിജയിപ്പിച്ചെടുത്തിട്ടുണ്ട് പാരമ്പര്യ കര്‍ഷക കുടുംബാംഗമായ ഈ പ്രീഡിഗ്രിക്കാരന്‍.

ഗുളികരൂപത്തില്‍ വളക്കൂട്ട് തയാറാക്കി അതില്‍ വിത്തിട്ട് മുളപ്പിച്ച് ഞാറ്റടിയൊരുക്കി കൃഷി ചെയ്യുന്ന രീതിയാണു കെട്ടിനാട്ടി. വിത്തിനെ ചെറിയ വളക്കൂട്ടില്‍ മുളപ്പിച്ച് കൃഷിയിറക്കുന്ന പെല്ലറ്റ് (അജി പരിചയപ്പെടുത്തുന്നതു ചിറ്റുണ്ട എന്ന് ) സാങ്കേതികവിദ്യ വിദേശരാജ്യങ്ങളില്‍ മുന്നേ ഉപയോഗിച്ചിട്ടുള്ളതാണ്. ചെറുവിത്തുകളെ കൃത്യമായ അളവകലത്തില്‍ വിന്യസിക്കാമെന്നതാണ് ഇതിന്റെ പ്രധാന മെച്ചം. ഈ രീതി നെല്‍ക്കൃഷിയില്‍ പരീക്ഷിച്ച് വിജയിപ്പിക്കുകയും ഒപ്പം അതിനൊരു രീതിശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്തു എന്നതാണ് അജിയുടെ വിജയം. കെട്ടിനാട്ടി രീതിയില്‍ ഞാറ്റടി തയാറാക്കി കര്‍ഷകര്‍ക്കു കൈമാറുന്ന ഒരു കര്‍ഷകസംഘംതന്നെ വയനാട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

മലമ്പുഴയില്‍ ചിറ്റുണ്ട വിളവിറക്കിയ വിവേക് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ അക്കൗണ്ടിങ് പ്രൊഫഷണലാണ്. ജോലിത്തിരക്കിലും കൃഷിയിലെ ആഹ്ലാദവും ആവേശവുമാണു പുതിയ പരീക്ഷണങ്ങളുമായി മണ്ണിലിറങ്ങാന്‍ വിവേകിനെ പ്രേരിപ്പിക്കുന്നത്. സഹായിയായി സഹോദരന്‍ ഒപ്പമുണ്ട്.

കുറഞ്ഞ അധ്വാനം കൂടുതല്‍ വിളവ്

ഞാറ് തയാറാക്കാന്‍ സാധാരണ രീതിയില്‍ ഒരേക്കറിന് 30 -35 കിലോ ഗ്രാം വിത്ത് വേണം. എന്നാല്‍, കെട്ടിനാട്ടിയില്‍ രണ്ടര കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ മതി. ജീരകശാലപോലുള്ള ചെറുമണി ഇനങ്ങളാണെങ്കില്‍ രണ്ടര കിലോഗ്രാം. വലുപ്പം കൂടിയ വിത്താണെങ്കില്‍ അഞ്ച് കിലോഗ്രാമും. കൃഷിയിറക്കിയശേഷം നല്‍കുന്ന മേല്‍വളം സാധാരണയുള്ളതിന്റെ പകുതി മതി. ഞാറ്റടി തയാറാക്കാനും നടാനും കളയെടുക്കാനുമെല്ലാം അധ്വാനം പതിവുരീതിയുടെ നാലിലൊന്നു മാത്രം. വിളവാകട്ടെ 30 ശതമാനം അധികവും ലഭിക്കും. നെല്‍ച്ചെടിക്കുള്ള 40 ദിവസത്തെ വളം ചിറ്റുണ്ടയില്‍ ഉണ്ടാകും. സാധാരണ ഞാറ്റടി പറിച്ചു നടുമ്പോഴുണ്ടാകുന്ന വളര്‍ച്ചയുടെ ശരാശരി കാലതാമസമായ 14 ദിവസം വരെ ഇതിലൂടെ ഒഴിവാക്കാം. അതായതു, പതിവു കൃഷിയേക്കാള്‍ രണ്ടാഴ്ച മുമ്പു കൊയ്ത്തു നടത്താം. വിത്തുകള്‍ നഷ്ടപ്പെടുന്നില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

വളക്കൂട്ടും കളിക്കൂട്ടും

വിത്തുള്‍പ്പടെയുള്ള കൂട്ട് തയാറാക്കി പ്രത്യേക അച്ചില്‍ നിറച്ചാണു ചിറ്റുണ്ട ഒരുക്കുന്നത്. വളക്കൂട്ടും കളിക്കൂട്ടും ചേരുന്നതാണ് ഓരോ ചിറ്റുണ്ടയും. ചാണകവും ചെടിവളര്‍ച്ചക്കു സഹായകരമായ സൂക്ഷ്മജീവികളും ചേരുന്ന മിശ്രിതമാണു വളക്കൂട്ട്. അതിനു മുറുക്കം ലഭിക്കാന്‍ ചേര്‍ക്കുന്ന പശയാണു കളിക്കൂട്ട്. വളക്കൂട്ടിനായി ഏക്കറിന് 300 കിലോ ചാണകം വേണ്ടിവരും. ഒപ്പം സ്യൂഡോമോണാസ്, വാം, പി.ജി.പി.ആര്‍ 1 എന്നിവയില്‍ ഏതെങ്കിലുമൊന്നു ചേര്‍ക്കാം. ഈ മൂന്നിനും പകരം ഏക്കറിനു രണ്ടു ലിറ്റര്‍ എന്ന കണക്കില്‍ പഞ്ചഗവ്യം ഉപയോഗിക്കാം.

കളിക്കൂട്ടിന്റെ പശിമക്കു കറ്റാര്‍ വാഴയോ ചെമ്പരത്തിയിലയോ ചതച്ചെടുത്തു ചേര്‍ക്കും. ഈ കൂട്ടില്‍ നെല്‍വിത്തിട്ട് ഇളക്കി അച്ചില്‍ നിറയ്ക്കും. അല്‍പ്പസമയത്തിനകം അച്ച് മാറ്റാം. ഓരോ ചിറ്റുണ്ടയിലും നാല് വിത്തുകള്‍ വരെ ചേര്‍ന്നിട്ടുണ്ടാകും. മൂന്നു ദിവസത്തിനുള്ളില്‍ അതു മുളച്ചുയരും. ഒരാഴ്ച പിന്നിട്ടാല്‍ ഈ ഞാറ്റടി പാടത്ത് 25 സെന്റിമീറ്റര്‍ ഇടയകലത്തില്‍ നട്ടാല്‍ മതി. ഒരേക്കറിനു 64,000 ചിറ്റുണ്ടകളാണു വേണ്ടിവരുക. ഇത്രയും ചിറ്റുണ്ടകള്‍ രണ്ടു പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസംകൊണ്ട് തയാറാക്കാം. ചെടിവളര്‍ച്ചക്കുള്ള വളവും സൂക്ഷ്മ ജീവികളുമെല്ലാം ചേര്‍ന്നതാണു ചിറ്റുണ്ട എന്നതിനാല്‍ വയലില്‍ പ്രത്യേകം അടിവളപ്രയോഗത്തിന്റെ ആവശ്യവും വരുന്നില്ല.

പരീക്ഷണം മാത്രം

കെട്ടിനാട്ടി കൃഷിരീതി പാലക്കാടന്‍ പാടശേഖരങ്ങളില്‍ എത്രമാത്രം പ്രയോഗപരമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നു മലമ്പുഴ കൃഷി ഓഫീസര്‍ പദ്മജ അഭിപ്രായപ്പെട്ടു. ഇത് ഒരേക്കറിലെ പരീക്ഷണമാണ്. ഈ കൃഷിരീതിക്കു വെള്ളം കൂടുതല്‍ കെട്ടിനിര്‍ത്തേണ്ടതില്ല. വെള്ളം ഒഴിഞ്ഞു പോകാന്‍ പറ്റുന്ന വയലുകള്‍ വേണം. വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുന്ന പാടങ്ങളാണു പാലക്കാട്ട് അധികം. കെട്ടിനാട്ടി കൃഷിയിലെ വെള്ളക്കുറവ് കളശല്യം കൂട്ടും. അതേസമയം, നെല്‍ച്ചെടികള്‍ തമ്മില്‍ അകലം കൂടുതലുള്ളതുകൊണ്ട് കള വലിക്കാന്‍ എളുപ്പവുമാണ്. ജൈവരീതിയാണെന്ന ഗുണമുണ്ട് – കൃഷി ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!