നിര്‍മാണപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങള്‍ക്കുള്ള മുന്‍ഗണന എല്ലാ സഹകരണ സ്ഥാപനങ്ങളും പാലിക്കണം
ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്കു പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്‍ഗണനാ വ്യവസ്ഥകളും ഉപാധികളും പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ 1969 ലെ കേരള സഹകരണ നിയമപ്രകാരം സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ബാധകമാക്കി.
സഹകരണ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവൃത്തികളില്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ പങ്കെടുക്കുമ്പോള്‍ അവയുടെ അപേക്ഷകള്‍ പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണു സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങളുുടെ അപേക്ഷകള്‍ പരിഗണിക്കാത്തതു സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നു സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിര്‍ദേശങ്ങള്‍ സംഘങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഉറപ്പു വരുത്തണമെന്നും മാര്‍ച്ച് ഒമ്പതിനു പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന കരാര്‍പണികളുടെ അടങ്കല്‍ത്തുകയുടെ പരിധി ഉയര്‍ത്തിയും ഇത്തരം സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുനര്‍നിര്‍ണയിച്ചും നേരത്തേ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സഹകരണ സ്ഥാപനങ്ങളുടെ നിര്‍മാണപ്രവൃത്തികളില്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ പങ്കെടുക്കുമ്പോള്‍ ഈ ഉത്തരവുകളിലെ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നും ഉത്തരവുകള്‍ സഹകരണ സ്ഥാപനങ്ങള്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ( ഉത്തരവില്‍ സര്‍ക്കാര്‍പ്രവൃത്തികള്‍ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ). സഹകരണ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ എന്നു പ്രത്യേകമായി പരാമര്‍ശിക്കാത്തതാണ് ഇതിനു കാരണമെന്നും ഉത്തരവുകള്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കി ഒരു പ്രത്യേക ഉത്തരവു പുറപ്പെടുവിക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവ്.
ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളിലെ അംഗങ്ങളായ തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുക, ലേബര്‍ സംഘങ്ങളുടെ വളര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.