നിയമഭേദഗതിയില്‍ അപകടക്കെണിയോ?

കിരണ്‍ വാസു

സഹകരണമേഖലയെ ബാധിക്കുന്ന കേന്ദ്രനിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പോവുകയാണു കേന്ദ്രസര്‍ക്കാര്‍. സഹകരണമെന്നതു പ്രാദേശികസ്വഭാവത്തിനനുസരിച്ച് രൂപം കൊള്ളേണ്ട വിഷയമാണെന്നു രാജ്യം അംഗീകരിച്ചതു 1919 ലാണ്. എന്നാലിപ്പോള്‍ സഹകരണം വീണ്ടും കേന്ദ്രീകൃത വിഷയമാക്കിമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. സഹകരണമേഖലയ്ക്കു ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ കേരളസര്‍ക്കാരും ഒട്ടും പിറകിലല്ല. ഇവിടെയും സഹകരണനിയമത്തില്‍ സമഗ്രമാറ്റം വരുത്തുകയാണ്. അവയില്‍ ചിലതൊക്കെ കേന്ദ്രസര്‍ക്കാരിനെ സഹായിക്കും വിധത്തിലുള്ള വയാണെന്നു  സഹകാരികള്‍ ആരോപിക്കുന്നു.

സഹകരണമേഖലയില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും കാതലായ മാറ്റങ്ങള്‍ക്കു വഴിവെക്കുന്ന ഘട്ടമാണിത്. അതു നിയമനിര്‍മാണത്തിന്റെ രൂപത്തിലും പരിഷ്‌കരണത്തിന്റെ രൂപത്തിലും സംഭവിക്കുന്നുണ്ട്. സഹകരണമേഖലയെ ബാധിക്കുന്ന കേന്ദ്രനിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്ന നടപടിയിലാണു കേന്ദ്രസര്‍ക്കാര്‍. അതിനു പിന്നില്‍ കേരളത്തിലടക്കം രാഷ്ട്രീയസ്വാധീനം ഉറപ്പിക്കാനുള്ള കൗശലം കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി.ക്കുണ്ടെന്നാണു കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അതേസമയം, കേരളത്തിലെ സഹകരണനിയമത്തിലും സമഗ്രമാറ്റം നിര്‍ദേശിക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇതു സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ ബില്ലിലെ ഭേദഗതികളില്‍ കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്ന നീക്കം എളുപ്പത്തില്‍ നടപ്പാക്കാനുള്ള വ്യവസ്ഥയുണ്ടെന്നാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിമര്‍ശനം.

കേന്ദ്രത്തില്‍ ഒട്ടേറെ മാറ്റമാണ് ഈ കുറഞ്ഞ കാലത്തിനുള്ളില്‍ സംഭവിച്ചിട്ടുള്ളത്. ബാങ്കിങ് നിയന്ത്രണനിയമത്തില്‍ ഭേദഗതി വന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ ഭേദഗതി വരുത്തുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരാനുള്ള നടപടി തുടങ്ങി. ഇന്ത്യയിലെ ആകെ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള കേന്ദ്രീകൃത ഡേറ്റ സെന്റര്‍ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി. അര്‍ബന്‍ ബാങ്കുകള്‍ക്കും ക്രെഡിറ്റ് സംഘങ്ങള്‍ക്കുമായി കേന്ദ്രത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷന്‍ വരുന്നു. ഇതിനുപുറമെയാണു സംസ്ഥാനനിയമത്തിലും സമഗ്രമാറ്റം കൊണ്ടുവരുന്നത്. കേന്ദ്രതലത്തിലുള്ള മാറ്റം വിലയിരുത്തി സംസ്ഥാന നിയമത്തെ പരിശോധിക്കുമ്പോഴാണ് അപകടകരമാകാവുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്ന സംശയം സഹകാരികളിലുണ്ടാകുന്നത്.

സഹകരണ നിയമങ്ങള്‍ക്ക് ഏറെ പ്രത്യേകതയുണ്ട്. നമ്മുടെ ഇതുവരെയുള്ള നിയമനിര്‍മാണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണു സഹകരണസംഘങ്ങള്‍ രൂപം കൊള്ളുന്നത്. ഇവയെ കേന്ദ്രീകൃതമായ ഒരു നിയമത്തിലൂടെ നിയന്ത്രിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ക്കു പ്രത്യേകതയുണ്ടെന്നു പറയുന്നതിന്റെ അടിസ്ഥാനം. 1904 ലാണ് ഇന്ത്യയില്‍ ആദ്യത്തെ സഹകരണനിയമം ഉണ്ടാകുന്നത്. ഇതു നടപ്പാക്കിയപ്പോഴാണു വായ്‌പേതര സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്നതടക്കമുള്ള കുറെ പ്രശ്‌നങ്ങളുണ്ടെന്നു ബോധ്യപ്പെടുന്നത്. അങ്ങനെ പലവട്ടം തിരുത്തിയും മാറ്റിയും 1919 വരെ തുടര്‍ന്നു. 1919 ലാണു സഹകരണമെന്നതു പ്രാദേശികസ്വഭാവത്തിനനുസരിച്ച് പിറവിയെടുക്കേണ്ടതും എടുക്കുന്നതുമായ ഒരു വിഷയമാണെന്നു രാജ്യം അംഗീകരിക്കുന്നത്. 1914 ല്‍ നിയോഗിച്ച എഡ്വേര്‍ഡ് മക്‌ലഗന്‍ കമ്മിറ്റിയാണ് ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നത്. അന്നുമുതല്‍ സഹകരണം സംസ്ഥാന (പ്രവിശ്യ) വിഷയവും സംസ്ഥാന (പ്രവിശ്യ) നിയമവുമായി. ഇപ്പോള്‍ വീണ്ടും സഹകരണം കേന്ദ്രീകൃത വിഷയമായി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണു കേരളത്തിലെ ഒട്ടുമിക്ക സഹകാരികളും ഉയര്‍ത്തുന്ന ആശങ്ക. അങ്ങനെ വിശ്വസിക്കാനുള്ള ഒരുപാട് കാരണങ്ങള്‍ അവര്‍ക്കുണ്ട്. അതുകൊണ്ടാണു കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ വരുത്തുന്ന മാറ്റത്തെ സംശയത്തോടെ കാണുന്നത്.

റിസര്‍വ് ബാങ്ക്
പിടിമുറുക്കുന്നു

സഹകരണ സംഘങ്ങള്‍ക്കുണ്ടായിരുന്ന ഇളവുകള്‍ എടുത്തുമാറ്റുന്ന വിധത്തില്‍ ബാങ്കിങ് നിയന്ത്രണനിയമത്തിലുണ്ടായ ഭേദഗതിയാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പ്രധാന മാറ്റം. ഇതോടെ സഹകരണ ബാങ്കുകളുടെ ഭരണപരമായ നിയന്ത്രണം മാത്രം രജിസ്ട്രാറില്‍ പരിമിതപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളുടെ നിയന്ത്രണം ശക്തമാക്കി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പേരുപയോഗിക്കരുതെന്ന നിര്‍ദേശം വന്നു. ബാങ്കുകളുടെ ഭരണസമിതികളെ റിസര്‍വ് ബാങ്കിനു പിരിച്ചുവിടാനാകും. മാനേജിങ് ഡയറക്ടര്‍ പൂര്‍ണമായി ആര്‍.ബി.ഐ. നിയന്ത്രണത്തിലായി. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കു പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന പുതിയ സംവിധാനം കൊണ്ടുവന്നു. റിസര്‍വ് ബാങ്കിന് ആവശ്യമെങ്കില്‍ ഏതു സഹകരണ ബാങ്കിനെയും ഏതു ബാങ്കുമായും ലയിപ്പിക്കാന്‍ അധികാരമുണ്ടായി.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ മാറ്റത്തിനു പിന്നാലെ പ്രധാനമായും മൂന്നു പരിഷ്‌കാരങ്ങള്‍കൂടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിലൊന്നാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു കൊണ്ടുവരുന്ന ഏകീകൃത ബൈലോയും കോമണ്‍ സോഫ്റ്റ്‌വെയറും. ഏകീകൃത ബൈലോ എന്നത് അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥയായിട്ടല്ല കൊണ്ടുവരുന്നത്. ഒരു മാതൃകാ ബൈലോ കേന്ദ്രസര്‍ക്കാര്‍ തയാറാക്കുകയാണു ചെയ്യുന്നത്. ഇതിന്റെ കരട് സംസ്ഥാനങ്ങള്‍ക്കും സഹകരണ അപക്‌സ് ഫെഡറേഷനുകള്‍ക്കും അഭിപ്രായമറിയിക്കാന്‍ അയച്ചുകൊടുത്തു. കേരളമടക്കം ഇതില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവരുന്നതിന് ഒരു വിയോജിപ്പും കേരളം പ്രകടിപ്പിച്ചിട്ടില്ല. ഇതു സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വായ്പാ സംഘങ്ങള്‍ നടപ്പാക്കണമെന്ന് അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ല. പക്ഷേ, കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള ഒരു നിര്‍വചനം നല്‍കാന്‍ ഇതിലൂടെ കഴിയും. അതു രാജ്യമാകെ അംഗീകരിക്കേണ്ടിയും വരും. അതു കൂടുതല്‍ ബാധിക്കുക പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെയായിരിക്കും.

രാജ്യത്തെ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെയും ഒരു നെറ്റ്‌വര്‍ക്കിനു കീഴിലാക്കി നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു എന്നതാണു പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റം. ഇവയുടെ പ്രവര്‍ത്തനം പരിശോധിച്ച് സാമ്പത്തികസഹായം ലഭ്യമാക്കുന്ന രീതിയാണു കൊണ്ടുവരാനിരിക്കുന്നത്. കേന്ദ്രീകൃത ഡേറ്റ സെന്റര്‍ എന്നതാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന അടുത്ത മാറ്റം. എല്ലാ സഹകരണസംഘങ്ങളുടെയും വിവരങ്ങള്‍ കേന്ദ്ര ഡേറ്റ സെന്ററിലേക്കു കൈമാറണമെന്നാണു നിര്‍ദേശം. ഇതിനുള്ള ഫോര്‍മാറ്റ് തയാറാക്കി സംസ്ഥാനസര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. അടുത്തത് ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘംനിയമത്തിനുള്ള ഭേദഗതി ബില്ലാണ്.

കേരളം ഉയര്‍ത്തുന്ന
ആശങ്ക

കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ കേരളം എതിര്‍ക്കുന്നവയും എതിര്‍ക്കാത്തവയുമുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്ന മാറ്റം കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണെന്ന പൊതുഅഭിപ്രായം കേരളത്തിലെ സഹകാരികള്‍ക്കുണ്ട്. രാജ്യത്തെ സഹകരണമേഖലയിലെ ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കിയുള്ള കടന്നുകയറ്റമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് എന്നതാണ് അവര്‍ ഉയര്‍ത്തുന്ന പ്രധാന പരാതി. സഹകരണസംഘങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നുവെന്നതാണു മറ്റൊരു പരാതി. ഈ രണ്ടു കാര്യത്തിലും കുറെയേറെ ശരിയുണ്ട്. പ്രാഥമിക സംഘങ്ങള്‍ക്ക് ഏകീകൃത നെറ്റ്‌വര്‍ക്ക്, സഹകരണസംഘങ്ങള്‍ക്കു കേന്ദ്രത്തില്‍ ഡേറ്റ സെന്റര്‍ എന്നിവയെല്ലാം പരോക്ഷമായ കടന്നുകയറ്റമാണ്. ഈ രണ്ടു കാര്യത്തെയും ഇതുവരെ കേരളം എതിര്‍ത്തിട്ടില്ലെന്നതും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. പകരം, കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണത്തെ നമ്മള്‍ എതിര്‍ക്കുന്നതു സംസ്ഥാന വിഷയത്തിലുള്ള കടന്നുകയറ്റമാണിത് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്. ബാങ്കിങ് നിയന്ത്രണനിയമത്തിന്റെയും ഇപ്പോള്‍ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘംനിയമത്തിന്റെയും കാര്യത്തില്‍ ആ വിയോജിപ്പ് നമ്മള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കേന്ദ്രനടപടികളോടുള്ള വിയോജിപ്പിനു കേരളം ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം 97-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി എടുത്ത നടപടിയാണ്. സഹകരണം സംസ്ഥാനവിഷയമായതിനാല്‍ അതില്‍ കേന്ദ്രീകൃതമായ മാറ്റം വരുത്തുന്നതു ശരിയല്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. സുപ്രീംകോടതി ഒരു കാര്യംകൂടി വ്യക്തമാക്കി – കേന്ദ്ര ഭരണപ്രദേശങ്ങളിലും കേന്ദ്രനിയന്ത്രണത്തിലുള്ള സംഘങ്ങളിലും ഈ വ്യവസ്ഥകള്‍ കൊണ്ടുവരാം. അതും പാടില്ലെന്നാണു ജസ്റ്റിസ് കെ.എം. ജോസഫിന്റെ ഭിന്നവിധിയിലുള്ളത്. ഈ ഭിന്നവിധിയാണു ശരിയെന്നാണു നമ്മള്‍ പലരും ഇപ്പോഴും വിശ്വസിക്കുന്നത്. അതായത്, 97-ാം ഭരണഘടനാഭേദഗതി എന്നത് അത്രയും ദോഷകരമായ വ്യവസ്ഥകളായിരുന്നുവെന്നാണു നമ്മുടെ ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിലാണു കേന്ദ്രനിയമങ്ങളെ നമ്മള്‍ സംശയത്തോടെ കാണുകയും എതിര്‍ക്കുകയും ചെയ്യുന്നത്.

ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളൊന്നും സഹകരണമേഖലയ്ക്കു ദോഷകരമായിരുന്നില്ല. 2011 ഡിസംബര്‍ 21നാണ് ഇതുസംബന്ധിച്ചുള്ള ബില്‍ ലോക്സഭ പാസാക്കുന്നത്. ഏഴു ദിവസം കഴിഞ്ഞ് ഡിസംബര്‍ 28 നു രാജ്യസഭയും ബില്‍ പാസാക്കി. 2012 ജുവരി 12ന് ഇതു രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ജനുവരി 13 നു രാഷ്ട്രപതി ഒപ്പിട്ടു. 2012 ഫിബ്രവരി 15 മുതല്‍ ഭേദഗതി നിലവില്‍വന്നതായി കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഭേദഗതി നിലവില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇതനുസരിച്ച് സംസ്ഥാനനിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണു വ്യവസ്ഥ. അതനുസരിച്ച് കേരളം ഉള്‍പ്പടെയുള്ള 17 സംസ്ഥാനങ്ങള്‍ സംസ്ഥാനനിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു തട്ടിലുള്ള ഭേദഗതിയാണു 2012 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഒന്ന്, സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ പൗരന്മാര്‍ക്കു മൗലികാവകാശം നല്‍കി. രണ്ട്, സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം, ഘടന, ഭരണസംവിധാനം, പരിശോധന, ശിക്ഷാനടപടികള്‍ തുടങ്ങിയവയ്ക്കെല്ലാം വ്യവസ്ഥകള്‍ കൊണ്ടുവന്നു. ഇതടങ്ങുന്ന പാര്‍ട്ട് ഒമ്പതു ബി ഭരണഘടനയില്‍ കൊണ്ടുവന്നു.

പാര്‍ട്ട് ഒമ്പതു ബി യില്‍ 14 വ്യവസ്ഥകളാണുണ്ടായിരുന്നത്. സഹകരണസംഘങ്ങളുടെ ഭരണസമിതിയംഗങ്ങളുടെ എണ്ണം 21 ആയി നിജപ്പെടുത്തണം, ഇതില്‍ പട്ടികവിഭാഗത്തിനും വനിതകള്‍ക്കും സംവരണം ഉണ്ടായിരിക്കണം, ഭരണസമിതിയുടെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും, ഓഹരിയോ മറ്റു സാമ്പത്തിക സഹായമോ നല്‍കാത്ത സഹകരണസംഘങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവില്ല, അംഗങ്ങള്‍ക്കു സംഘത്തിന്റെ ഏതു രേഖയും പരിശോധിക്കാന്‍ അധികാരം നല്‍കണം, സാമ്പത്തികവര്‍ഷം അവസാനിച്ചാല്‍ ആറു മാസത്തിനുള്ളില്‍ പൊതുയോഗം വിളിച്ചുചേര്‍ക്കണം, ഓഡിറ്റ് – തിരഞ്ഞെടുപ്പ് എന്നിവയ്ക്കെല്ലാം പ്രത്യേക സംവിധാനം വേണം- ഇങ്ങനെ നീളുന്നു ആ വ്യവസ്ഥകള്‍.

ഇതിലൊന്നുപോലും കുഴപ്പമുള്ള വ്യവസ്ഥകളായിരുന്നില്ല. ഒരു നിയമം അതിന്റെ പ്രയോഗത്തില്‍ എത്രമാത്രം അപകടമുണ്ടാക്കുന്നതാണ് എന്നു പരിശോധിച്ചാവും അതിനെക്കുറിച്ചുള്ള നിലപാടിലെത്തുക. സഹകരണമേഖലയെ സംബന്ധിച്ച് കേന്ദ്രീകൃതമായ നിയന്ത്രണത്തിനും നിയമനിര്‍മണത്തിനും ശ്രമിക്കുന്നുവെന്നതാണു ഭരണഘടനാഭേദഗതിയുടെ കുറ്റം. അതാണു സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയത്. കേന്ദ്രനിയമനിര്‍മാണത്തിലും ഇതേ സംശയവും ആശങ്കയുമാണു കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കേന്ദ്രനിയമത്തില്‍ സഹകാരികള്‍ ആശങ്കയോടെ ഉയര്‍ത്തിക്കാണിക്കുന്ന പലതും അതിനേക്കാള്‍ ശക്തമായി സംസ്ഥാനനിയമത്തില്‍ കൊണ്ടുവരുന്നു എന്നു കാണാന്‍ കഴിയും. സംഘങ്ങളുടെ സ്വാശ്രയത്വവും സ്വയംഭരണാധികാരവും നഷ്ടപ്പെടുത്തുന്നതും രാഷ്ട്രീയതാല്‍പ്പര്യത്തിനു വിധേയമാക്കാവുന്നതുമായ വ്യവസ്ഥകള്‍ ഏറെയുള്ളതു സംസ്ഥാനനിയമത്തിലാണ്. മാത്രവുമല്ല, കേന്ദ്രത്തിന്റെ രാഷ്ട്രീയതാല്‍പ്പര്യത്തിനു വഴിവെച്ചുകൊടുക്കുന്ന വ്യവസ്ഥകളും നമ്മുടെ നിയമത്തിലുണ്ട്.

നിയമത്തിലില്ലാത്ത
വ്യവസ്ഥകള്‍

കേന്ദ്ര-സംസ്ഥാന നിയമങ്ങളിലെ വൈരുധ്യങ്ങളും സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കും. കേരള സഹകരണനിയമത്തില്‍ ഉള്‍പ്പെടുത്താത്ത വ്യവസ്ഥകള്‍ പ്രായോഗികമായി നടപ്പാക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ട ദുരവസ്ഥയിലാണു സഹകരണ ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലുമാണ് ഇത്തരം നിയമവ്യവസ്ഥയിലില്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടിവരുന്നത്. അത്തരം പരിഷ്‌കാരം സംസ്ഥാനം അംഗീകരിക്കുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റം നിയമത്തില്‍ കൊണ്ടുവന്നിട്ടില്ല. സംസ്ഥാന സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും ഭരണസമിതിക്കു പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നതാണു റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുന്ന ഒരു പ്രധാന കാര്യം. ഇതു കേരളത്തിലെ എല്ലാ ബാങ്കുകളിലും നടപ്പാക്കിക്കഴിഞ്ഞു. നമ്മുടെ നിലവിലെ നിയമത്തിലും പുതുതായി കൊണ്ടുവരുന്ന ഭേദഗതിവ്യവസ്ഥയിലും ഇത്തരമൊരു നിര്‍ദേശമില്ല. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെങ്കില്‍ അതിനുള്ള വ്യവസ്ഥ ബൈലോയില്‍ ഉണ്ടാകണം. ഇതിനായി ബൈലോ ഭേദഗതി ചെയ്യണം. ബൈലോ ഭേദഗതി അംഗീകരിക്കണമെങ്കില്‍ അതു സംസ്ഥാനനിയമത്തിനനുസരിച്ചുള്ളതാകണം. അങ്ങനെയൊരു വ്യവസ്ഥ നമുക്കില്ല.

അര്‍ബന്‍ ബാങ്കുകളിലെ മാനേജിങ് ഡയറക്ടര്‍ ഭരണസമിതിയിലെ എക്‌സ് ഒഫീഷ്യോ അംഗമാകണമെന്നതാണു മറ്റൊരു നിര്‍ദേശം. ഇതും സംസ്ഥാനനിയമത്തിലില്ലാത്ത വ്യവസ്ഥയാണ്. അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗങ്ങളുടെ കാലാവധി എട്ടു വര്‍ഷമായി റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ നിയമത്തില്‍ അതും പറയുന്നില്ല. റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് രണ്ടാമത്തെ ടേമില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അംഗത്തിന് ഒഴിയേണ്ടിവരും. സംസ്ഥാന നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഈ സഹകരണസ്ഥാപനങ്ങള്‍. കേന്ദ്രനിര്‍ദേശവും റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരവും ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ ഭാഗമായി നടപ്പാക്കുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റം സംസ്ഥാനനിയമത്തിലും കൊണ്ടുവരേണ്ടതുണ്ട്. കേരള ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിച്ചുകഴിഞ്ഞെങ്കിലും അതിനനുസരിച്ച് അര്‍ബന്‍ ബാങ്കുകളുടെ ബൈലോഭേദഗതി അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമത്തില്‍ വ്യവസ്ഥയില്ലാത്തതാണു കാരണം. ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ റിസര്‍വ് ബാങ്ക്തന്നെ സംസ്ഥാനനിയമത്തില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരണമെന്നു നിര്‍ദേശിച്ചതാണ്. അതു പുതിയ ഭേദഗതിബില്ലിലും പരിഗണിച്ചിട്ടില്ല.

അപ്രായോഗികമായ
രണ്ടു ടേം വ്യവസ്ഥ

ജനാധിപത്യരീതിയെ ദുര്‍ബലപ്പെടുത്തുന്നവിധത്തില്‍ ഭരണസമിതിയംഗങ്ങള്‍ക്കു ടേം വ്യവസ്ഥ കൊണ്ടുവരികയാണു സംസ്ഥാന നിയമഭേദഗതിയില്‍ ചെയ്യുന്നത്. വ്യത്യസ്തതരത്തിലുള്ള രണ്ടില്‍ക്കൂടുതല്‍ സംഘങ്ങളില്‍ ഭരണസമിതിയംഗമാകാന്‍ പാടില്ലെന്നും ഒരു സംഘത്തിലെ ഭരണസമിതിയില്‍ തുടര്‍ച്ചയായി രണ്ടു കാലയളവില്‍ക്കൂടുതല്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഉണ്ടായിരിക്കില്ലെന്നും 28-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ പറയുന്നു. പെട്ടെന്നു കാണുമ്പോള്‍ നല്ലകാര്യം എന്നു തോന്നാവുന്ന ഒരു വ്യവസ്ഥയാണിത്. ഒരു സ്ഥാനത്ത് ഒരുപാട് കാലം കടിച്ചുതൂങ്ങുന്നത് എന്തിനാണെന്ന് ഏതു സാധാരണക്കാരനും തോന്നാവുന്ന വ്യവസ്ഥ. അതിനു കാരണമുണ്ട്. സഹകരണമേഖല എന്നാല്‍ നമ്മുടെ മനസ്സിലെത്തുക ബാങ്കും വലിയ കാറില്‍ ഗമയില്‍ സഞ്ചരിക്കുന്ന പ്രസിഡന്റുമാണ്. എന്നാല്‍, സംസ്ഥാനത്തെ 25,0000 സംഘങ്ങളില്‍ 1625 എണ്ണം മാത്രമാണ് ഈ ഗണത്തിലുള്ളത്. ഒരുപാട് വനിതാ സംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍, പട്ടികജാതി സംഘങ്ങള്‍ എന്നിവയ്‌ക്കൊന്നും ഈ ഗമയില്ല. ഏതെങ്കിലും സഹകാരിയുടെ നിരന്തര ഓട്ടംകൊണ്ട് നിലനിന്നുപോകുന്നവയാണിവ. ആ സഹകാരിയെ നിങ്ങളുടെ ടേം കഴിഞ്ഞുവെന്നു പറഞ്ഞു മാറ്റിനിര്‍ത്തുന്നതോടെ തീരുന്നത് ആ സംഘത്തിന്റെ ആയുസ്‌കൂടിയാകും. സഹകരണ സംഘങ്ങളുടേതു ജനാധിപത്യസ്വഭാവമാണ്. കുറച്ചുപേര്‍ കൂടിച്ചേര്‍ന്ന് അവരുടെ സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനു രൂപവത്കരിക്കുന്ന കൂട്ടായ്മയില്‍ ആരെ ഭരണസമിതിയംഗമാക്കണമെന്നു നിശ്ചയിക്കാനുള്ള അവരുടെ അവകാശത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എന്തധികാരം എന്നതാണു ചോദ്യം.

പരിമിതമാകുന്ന
സ്വശ്രയത്വം

ഒരു നിയമം അതിന്റെ പ്രയോഗത്തില്‍ വരുത്തുന്ന രീതിയെയാണു നമ്മള്‍ കൂടുതലായി പഠിക്കേണ്ടത്. ആ പ്രയോഗരീതിയിലാണു കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ നമ്മള്‍ ആശങ്കയോടെ കാണുന്നതും. അതേസമയം, സംസ്ഥാനനിയമത്തില്‍ 13 എ. വകുപ്പിലെ ഭേദഗതിയില്‍ പറയുന്ന വ്യവസ്ഥ ഇങ്ങനെയാണ്: ‘ നിയമത്തിലോ ചട്ടങ്ങളിലോ വരുത്തിയ ഭേദഗതിക്കനുസരിച്ച് സംഘങ്ങള്‍ അവയുടെ ബൈലോകളില്‍ ഭേദഗതികള്‍ വരുത്തിയില്ലെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ ഭേദഗതി വരുത്താന്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശിക്കാം. സംഘത്തിന്റെ സാമ്പത്തിക പ്രായോഗികത അപകടാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടാല്‍ നിര്‍ണയിക്കുന്ന ഒരു കാലയളവിനുള്ളില്‍ ബൈലോ ഭേദഗതി വരുത്താന്‍ അദ്ദേഹം സംഘത്തോടു നിര്‍ദേശിക്കണം. ഈ നിര്‍ദേശം പാലിക്കുന്നതില്‍ സംഘം പരാജയപ്പെട്ടാല്‍ പൊതുതാല്‍പ്പര്യം കണക്കിലെടുത്തു ബൈലോ ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടാകും ‘. ഈ വ്യവസ്ഥ ഏതു സംഘത്തിലും ഏതു രീതിയിലും പ്രയോഗിക്കാന്‍ കഴിയുന്നവിധമാണ്. ഭരിക്കുന്ന കക്ഷിക്ക് ഒരു വാളായി ഉപയോഗിക്കാന്‍ കഴിയുന്ന വ്യവസ്ഥ. മാത്രവുമല്ല, വകുപ്പ് 65 എ ഒരു സംഘത്തില്‍ സര്‍ക്കാരിനു നേരിട്ട് അന്വേഷണം നടത്താമെന്നു പറയുന്നുണ്ട്. പോലീസിനെയും വിജിലന്‍സിനെയുമെല്ലാം ഇതിനായി ഉപയോഗിക്കാം. ആ വകുപ്പില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ സര്‍ക്കാരിന്, പൊതുതാല്‍പ്പര്യാര്‍ഥം, സംഘത്തിന്റെ പ്രവര്‍ത്തനം, സാമ്പത്തികസ്ഥിതി, സര്‍ക്കാര്‍ സഹായത്തിന്റെ വിനിയോഗം എന്നിവ സംബന്ധിച്ച് സ്വമേധയാ അല്ലെങ്കില്‍ ഫിനാന്‍സിങ് ബാങ്കില്‍നിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍, ഭൂരിപക്ഷം അംഗങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍, രജിസ്ട്രാറുടെയോ സഹകരണ ഓഡിറ്റ് ഡയറക്ടറുടെയോ ശുപാര്‍ശയുടെയോ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ഉത്തരവിറക്കാം. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാറുമായും ഫിനാന്‍സിങ് ബാങ്കുമായും കൂടിയാലോചിച്ച് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ ആവശ്യമെങ്കില്‍ സ്‌കീം തയാറാക്കേണ്ടതാണ്.’ 32 എ യില്‍ പറയുന്നത് ഇത്തരം അന്വേഷണറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംഘം ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാമെന്നാണ്.

ഇതെല്ലാം രാഷ്ട്രീയതാല്‍പ്പര്യത്തിനനുസരിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളായി ഉപയോഗിക്കാവുന്നതാണ്. സംഘങ്ങളുടെ സ്വാശ്രയ-സ്വയംഭരണ സ്വഭാവം നഷ്ടപ്പെടുത്തുന്നതുമാണ്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരമോ കമ്പനീസ് ആക്ട് പ്രകാരമോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലൊന്നുമില്ലാത്ത അധികാരപ്രയോഗം സംഘങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നതാണു ഗൗരവത്തോടെ കാണേണ്ടത്. ഇതേ വ്യവസ്ഥ കേന്ദ്രസര്‍ക്കാരാണു കൊണ്ടുവരുന്നതെങ്കില്‍ സംസ്ഥാനസര്‍ക്കാരും സഹകാരികളും എന്തു നിലപാടാകും സ്വീകരിക്കുകയെന്നതുകൂടി പരിശോധിച്ചാല്‍ മതി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന സഹകരണ ബാങ്കുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താനും കേന്ദ്രസര്‍ക്കാരിനു ഭരണസമിതിക്കെതിരെ സ്വമേധയാ നടപടിയെടുക്കാനും അധികാരം നല്‍കിയാല്‍ എന്താകും സ്ഥിതി എന്ന് ആലോചിച്ചാല്‍ മതിയാകും.

കേന്ദ്രലക്ഷ്യത്തിന്
സഹായം

സഹകരണമേഖലയിലെ പരിഷ്‌കാരങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണു കേരളത്തിലെ സഹകാരികളുടെയും സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം. അതേസമയം, കേരളത്തിലെ സഹകരണ നിയമഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുള്ള ചില വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരില്‍ ആരോപിക്കുന്ന ലക്ഷ്യം നടപ്പാക്കാനുള്ള വഴിയൊരുക്കുന്നതുകൂടിയാണ്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു വ്യവസ്ഥയുണ്ട്. സെക്ഷന്‍ 17- ഉപവകുപ്പ് (10) ല്‍ പറയുന്നു: Any co-operative society may, by resolution passed by majority of not less than two-third of the members present and votting at a general body meeting of such society, decide to merge into an existing multi-state co-operative society. provided that such resolution shall be subject to the provisions of the respective state co-operative societies Act for the time being in force under which such co-operative society is registered. ‘ അതായത് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതു സഹകരണ സംഘത്തിനും അവയുടെ പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ഏതു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിലും ലയിക്കാമെന്നാണിതില്‍ പറയുന്നത്. കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ഏറെ തിരക്ക് കൂട്ടുന്ന ഘട്ടമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 17 മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു വ്യവസ്ഥ കേന്ദ്രനിയമത്തിലുള്ളത്. ഇങ്ങനെ ലയിക്കുന്ന സംഘങ്ങള്‍ സമാനസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവയാകണം എന്നുപോലും ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ഇതിനെ സഹായിക്കുന്ന വ്യവസ്ഥയാണു സംസ്ഥാനത്തെ ഭേദഗതിയിലുള്ളത്. പുതിയ സഹകരണ ഭേദഗതിബില്ലിന്റെ 14-ാം വകുപ്പില്‍ പറയുന്നതു ‘ സംഘങ്ങള്‍ തമ്മില്‍ ലയിക്കുന്നതിന് അംഗങ്ങളുടെ മൂന്നില്‍ രണ്ട് എന്നതു മാറ്റി കേവല ഭൂരിപക്ഷം എന്ന വാക്ക് ചേര്‍ക്കേണ്ടതാണ് ‘ എന്നാണ്. അതായത്, ലയനത്തിനു കേന്ദ്രനിയമത്തില്‍ നിര്‍ദേശിച്ച മൂന്നില്‍ രണ്ട് ഭൂരിപക്ഷംപോലുമില്ലാതെ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലും മതിയെന്നാണു സംസ്ഥാനനിയമം നിര്‍ദേശിക്കുന്നത്.

രാജ്യത്തെ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെയും ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിച്ച് നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അതായത്, കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തുന്ന ഓരോ ഇടപാടും ഈ നെറ്റ്‌വര്‍ക്ക് വരുന്നതോടെ കേന്ദ്രസര്‍ക്കാരിനു നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. ഇതിനൊപ്പം മറ്റൊന്നുകൂടി കേന്ദ്രം ചെയ്തു. കാര്‍ഷിക വായ്പാസംഘങ്ങള്‍ എങ്ങനെയാവണം പ്രവര്‍ത്തിക്കേണ്ടത് എന്നതു സംബന്ധിച്ച് ഒരു മോഡല്‍ ബൈലോ തയാറാക്കി. ഇത് ഓരോ സംസ്ഥാനത്തിന്റെയും അനുമതിയോടെ അംഗീകരിക്കുന്ന ഘട്ടത്തിലാണ്. ഈ ബൈലോ അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു വായ്പ- വായ്‌പേതര മേഖലകളിലായി 25 പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. ഡെയറി, ഫിഷറീസ്, ഇന്ധനവിതരണ ഏജന്‍സി, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ളവയാണിത്. ഇതിനൊപ്പം ക്രെഡിറ്റ് ബിസിനസ് എങ്ങനെയായിരിക്കണമെന്നു പറയുന്നുണ്ട്. അതു ബാങ്കിങ് കറസ്‌പോണ്ടന്റ് എന്ന രീതിയിലായിരിക്കും. എങ്ങനെയാണു ബാങ്കിങ് കറസ്‌പോണ്ടന്റാവുക എന്നതു കേന്ദ്രത്തിന്റെ ബൈലോയില്‍ പറയുന്നില്ല. ഏകീകൃത സോഫ്റ്റ്‌വെയറിന്റെ മാന്വലിലാണ് ഇക്കാര്യം പറയുന്നത്. അതു സംസ്ഥാന-ജില്ലാ ബാങ്കുകളുടെ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കണമെന്നതാണ്. മുമ്പ് കേരളത്തിലെ സഹകാരികള്‍ ഒന്നടങ്കം എതിര്‍ത്ത ബക്ഷി കമ്മീഷന്‍ ശുപാര്‍ശയുടെ മറ്റൊരു രീതിയിലുള്ള പ്രാവര്‍ത്തികമാക്കലാണിത്. ഇതു കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. പക്ഷേ, ഇതിനെ സഹായിക്കുന്ന വ്യവസ്ഥയാണു കേരളനിയമത്തില്‍ ഇപ്പോള്‍ കൊണ്ടുവരുന്നത് എന്നതാണു വൈരുധ്യം. വകുപ്പ് 34 (എ) ല്‍ ഇങ്ങനെ പറയുന്നു : ‘ എല്ലാ സഹകരണ സംഘങ്ങള്‍ക്കുമുള്ള പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ീേശങ്ങള്‍ രജിസ്ട്രാര്‍ നിര്‍ണയിക്കപ്പെട്ട രീതിയില്‍ പുറപ്പെടുവിക്കേണ്ടതാണ്’ എന്ന്. കേരള ബാങ്കുമായി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയുണ്ടാക്കാനുള്ള ശ്രമത്തിലാണു നമ്മള്‍. ഇതിനുവേണ്ടിയാണ് ഏകീകൃത സോഫ്റ്റ്‌വെയര്‍ വേണമെന്നു പുതിയ ഭേദഗതിയില്‍ ഒരു വ്യവസ്ഥ കൊണ്ടുവന്നത്. ഇതോടെ കേന്ദ്ര പരിഷ്‌കാരം നടപ്പാക്കാന്‍ എളുപ്പമാകും. സംസ്ഥാന നിയമത്തില്‍ത്തന്നെ വ്യവസ്ഥ കൊണ്ടുവന്ന സ്ഥിതിക്കു കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ അവര്‍ക്കു ഭരണപരമായ ഒരു തീരുമാനം മാത്രം മതി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!