നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം; സഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം
സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം നിക്ഷേപസമാഹരണത്തില്‍ സ്വന്തമാക്കി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഒന്നര ഇരട്ടിയാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി എത്തിയത്. നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് സഹകരണ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് ഓരോ ജില്ലയില്‍നിന്നും സമാഹരിക്കേണ്ട തുക ടാര്‍ജറ്റായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള പിന്തുണയാണ് നിക്ഷേപകരില്‍നിന്ന് സഹകരണ ബാങ്കുകള്‍ക്ക് ലഭിച്ചത്.
ഫിബ്രവരി 12വരെയുള്ള കണക്ക് കണക്ക് അനുസരിച്ച് 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാന്‍ സാധിച്ചു. ലക്ഷ്യമിട്ടതിലും ഒന്നര ഇരട്ടി. ജില്ലകളില്‍നിന്ന് സഹകരണ സംഘങ്ങളും ബാങ്കുകളും വഴി 7000 കോടിയും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതാണ് 23263.73 കോടിയിലെത്തിയത്. ‘സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെ ആയിരുന്നു നിക്ഷേപ സമാഹരണ ക്യാമ്പയിന്.
എറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാന്‍ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാര്‍ജറ്റ് 800 കോടി) , മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ലയില്‍ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേര്‍ന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും ( ടാര്‍ജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാര്‍ജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.
മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങള്‍, ടാര്‍ജറ്റ് ബ്രാക്കറ്റില്‍ തിരുവനന്തപുരം 1171.65 കോടി (ടാര്‍ജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി ( ടാര്‍ജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി ( ടാര്‍ജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ ( ടാര്‍ജറ്റ് 500 കോടി രൂപ), തൃശൂര്‍ 1169.48 കോടി രൂപ ( ടാര്‍ജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി ( ടാര്‍ജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ ( ടാര്‍ജറ്റ് 150 കോടി രൂപ), കാസര്‍ഗോഡ് 865.21 കോടി രൂപ ( ടാര്‍ജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയളവില്‍ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.
കടുത്ത ആക്രമണം നേരിട്ട സമയത്തും നിക്ഷേപ സമാഹരണത്തില്‍ ഉണ്ടായ ഈ നേട്ടം ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന് പറഞ്ഞു. ജനങ്ങള്‍ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നില്‍ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങള്‍. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപസമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. നിക്ഷേപ സമാഹരണത്തേയും, കേരളത്തിലെ സഹകരണ മേഖലയെയും ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.