നിക്ഷേപം തിരിച്ചുനല്‍കാത്ത മള്‍ട്ടി സംഘങ്ങള്‍ക്കെതിരെ നടപടി; 45 എണ്ണം പൂട്ടുന്നു

moonamvazhi

നിക്ഷേപം തിരിച്ചുകൊടുക്കാത്ത മള്‍ട്ടി സ്റ്റേറ്റ് സഹകരണ വായ്പ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചട്ടം ലംഘിക്കുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

രാജ്യത്തെ 45 മള്‍ട്ടി സ്‌റ്റേറ്റ് വായ്പ സഹകരണ സംഘങ്ങള്‍ നിയമപരമായി പ്രവര്‍ത്തന അവസാനിപ്പിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം തീരുമാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണിത്. വേണ്ട സുരക്ഷയില്ലാതെ നിക്ഷേപ-വായ്പ ബിസിനസ് നടത്തുകയും അവ തിരിച്ചുകൊടുക്കാന്‍പോലും കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയാവുകയും ചെയ്ത സംഘങ്ങളാണ് ഇതിലേറെയും. ക്രഡിറ്റ് സംഘങ്ങളായി 20 എണ്ണം ആണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ ഇപ്പോള്‍ പൂട്ടല്‍ ഭീഷണി നേരിടുന്നില്ല.

ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡീഷ, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സംഘങ്ങളുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഘങ്ങളുള്ളത് രാജസ്ഥാനിലാണ്. മഹാലക്ഷ്മി, സുബ്ബ കല്യാണ്‍, ശ്രീധോകേശ്വര്‍ എന്നിങ്ങനെയുള്ള ഒരുഘട്ടത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെല്ലാം അടച്ചുപൂട്ടല്‍ നടപടിയിലാണ്. മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിലായി പത്തുവീതം സംഘങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഉത്തര്‍പ്രദേശ് -4, ഡല്‍ഹി -3, തമിഴ്‌നാട്, ഗുജറാത്ത്, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ ഓരോന്നുവീതം സംഘങ്ങളാണുള്ളത്.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള കരട് ബില്ല് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ബില്ല് പാസായതിന് ശേഷം പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ തീരുമാനം. വായ്പാ-വായ്‌പേതര മേഖലകളില്‍ പുതിയ നിരവധി സംഘങ്ങള്‍ രൂപീകരണത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്നും ഇത്തരം അപേക്ഷകളുണ്ടെന്നാണ് വിവരം.കാര്‍ഷിക-വിപണന- മാര്‍ക്കറ്റിങ് മേഖലയില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നിയമഭേദഗതിക്കൊപ്പം, കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്ക് കീഴിലുള്ള നിയന്ത്രണ-പരിശോധന സംവിധാനം ശക്തമാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഇ-ഓഫീസ് സംവിധാനമാണ് കേന്ദ്രരജിസ്ട്രാര്‍ക്കുമായി ഒരുക്കുന്നത്. ഇതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!