നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രചോദന സ്രോതസ്സ് ശ്രീനാരായണ പ്രസ്ഥാനമാണെന്ന് ഡോ.കെ.ഇ.എൻ.കുഞ്ഞുമുഹമ്മദ്.
കേരളത്തിലെ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും പ്രചോദന സ്രോതസ്സായി പ്രവർത്തിച്ചത് ശ്രീനാരായണ പ്രസ്ഥാനമാണെന്നും, നവോത്ഥാനത്തിന് ആവശ്യമായ ഒരു സൈദ്ധാന്തിക പശ്ചാത്തലം ഒരുക്കുന്നതിൽ ഗുരുവിന്റെ സംഭാവന വളരെ വലുതായിരുന്നുവെന്നും കെ.ഇ.എൻ കുഞ്ഞുമുഹമ്മദ് പറഞ്ഞു.ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള സാംസ്കാരിക സമ്മേളനം
കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ഇ.എൻ.
എല്ലാ ആത്മീയ, ഭൗതിക വാദികൾക്കും മതവിശ്വാസികൾക്കും മതരഹിതർക്കും ഒരേ സമയം ഗുരുവിന്റെ ആത്മീയ ചിന്തകളെ ആധുനിക, ജനാധിപത്യ, മതേതര കാഴ്ചപ്പാടിന്റെ ഭാഗമായി അവതരിപ്പിച്ച് അനുഭൂതി നേടാൻ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾ ഓർത്തെടുക്കേണ്ട നിരവധി കാര്യങ്ങളിൽ പ്രമുഖമാണ് ഗുരു സ്മരണ.വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടിച്ച് ശക്തരാവുക എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവാണ് കേരളത്തിൽ തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. സംഘടനയില്ലാത്ത പ്രതിഷേധങ്ങളുയരാത്ത ഒരു ലോകമാണ് ആധുനിക മുതലാളിത്തം സ്വപ്നം കാണുന്നത്. നിലനിൽക്കുന്ന അവസ്ഥയിൽ നരകിച്ച് ജീവിക്കുക എന്നതാണ് മുതലാളിത്ത അജണ്ട. വലതുപക്ഷ ഫാസിസ്റ്റ് കാഴ്ചപ്പാടുകളും അതിനോട് ചേർന്നു നിൽക്കുന്നതാണ്. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും പ്രതിസന്ധികളെ മുറിച്ച് കടക്കാനും, പ്രതിഷേധിക്കാനും, പ്രകടനം നടത്തുന്നതിനും പുതിയ ലോകത്തെക്കുറിച്ച് കിനാവു കാണാനും സംഘടനകളുണ്ടാവണം.
രണ്ടാന കുത്തിയാൽ വീഴാത്ത വലിയ വീടുകളും ചുറ്റുമതിലും, മതിലിനു മുകളിൽ കുപ്പിച്ചില്ലുകളും അകത്ത് അൾസേഷ്യൻ നായ്ക്കളുമുണ്ടായാൽ സുരക്ഷിതമല്ല ജീവിതം. ഒരു ചെറിയ പൊട്ടിത്തെറിയും ഒരു ചെറിയ പ്രളയം കൊണ്ടും ദുരന്തഭൂമിയാവും. സംഘടനകളും കൂട്ടായ്മകളും പ്രളയത്തെയും എല്ലാ ദുരന്തങ്ങളെയും അതിജീവിക്കും.
മൃത്യു നഷ്ടപ്പെടുന്നതിനേക്കാൾ ഭയാനകമാണ് പൗരത്വം ഇല്ലാതാവുന്നത്. നമുക്കു ചുറ്റും ഭയമാണെങ്കിൽ ഭക്ഷണത്തിന് രുചിയുണ്ടാവില്ല. സ്വാതന്ത്ര്യമുണ്ടാകുമ്പോൾ മാത്രമേ കഴിക്കുന്ന ആഹാരത്തിന് സ്വാദുണ്ടാവൂ. സ്വാതന്ത്ര്യമെന്നാൽ നിർഭയമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുകയെന്ന സഹവർത്തിത്വത്തിന്റെ ലോകമാണ് ശ്രീ നാരായണ ഗുരു വിഭാവനം ചെയ്തത്. ഗുരു പറഞ്ഞതെല്ലാം അതേപോലെ ഏറ്റെടുക്കുകയല്ല, മറിച്ച് ഗുരു പറഞ്ഞതിൽ മൗലികമായതിനെ ഉയർത്തി പിടിക്കുകയാണ് ചെയ്യേണ്ടത്.
പല വിധ കാരണങ്ങളാൽ തിരസ്കരിക്കപ്പെട്ട പ്രതിഭകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. കീഴാള നവോത്ഥാനമെന്ന സവിശേഷ കാഴ്ചപ്പാട് വികസിച്ചു വന്നതിന് ശേഷമാണ് അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വേലുക്കുട്ടി അരയൻ എന്നിവരെക്കുറിച്ചെല്ലാം നമ്മൾ കൂടുതൽ പഠിക്കുന്നത്. അടിത്തട്ടിൽ നിന്നുള്ള കീഴാള ഇടപെടൽ വളർന്നു വരുന്നതിന് അനുസരിച്ചാണ് അവ ഉൾക്കൊണ്ട് മുന്നോട്ടു പോവാൻ ജനാധിപത്യത്തിന് കഴിയുന്നതെന്നും കെ.ഇ.എൻ.കൂട്ടിച്ചേർത്തു.കോഴിക്കോട് കല്ലായ് റോഡ് ,അർബൺ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡി.ബി. ഇ.എഫ് സംസ്ഥാന സെക്രട്ടറി കെ.പി.അജയകുമാർ അദ്ധ്യക്ഷനായിരുന്നു.
ബെഫി ജില്ലാ സെക്രട്ടറി ഗോപകുമാർ, പ്രസിഡണ്ട്
കെ.ടി.അനിൽകുമാർ, ഡി.ബി.ഇ.ഫ് ജില്ലാ പ്രസിഡണ്ട് കെ.ഷഗീല, വി.ബാബുരാജ്, ഹരിദാസ് പയ്യോളി, ഇന്ദു, കെ.ടി ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പ്രേമാനന്ദൻ സ്വാഗതവും, ഓർഗനൈസിംങ് സെക്രട്ടറി ടി.പി.അഖിൽ നന്ദിയും പറഞ്ഞു.