നയംമാറ്റത്തിനൊടുവില്‍ നടുക്കമല്ല വേണ്ടത്

moonamvazhi

സഹകരണത്തില്‍ സമഗ്രമായ നയംമാറ്റത്തിനൊരുങ്ങുകയാണു കേന്ദ്രസര്‍ക്കാര്‍. കേവലമായ ഒരു നയംമാറ്റം മാത്രമല്ല ഉണ്ടാകുന്നത്. സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സഹകരണ അപക്സ് സ്ഥാപനങ്ങളില്‍നിന്നും അഭിപ്രായം തേടി കേന്ദ്രീകൃതമായ ഒരു സഹകരണ കാഴ്ചപ്പാട് തയാറാക്കുകയാണു കേന്ദ്രം. ഏകപക്ഷീയമായ ഒരു നയം തയാറാക്കി പ്രഖ്യാപിച്ചുവെന്ന പരാതി ഉയരാതിരിക്കാനുള്ള കരുതല്‍ സഹകരണമന്ത്രാലയം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്. നയം മാത്രമല്ല മാറുന്നത്. ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും പരിഷ്‌കരണം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്രപദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ താഴെത്തട്ടില്‍ നടപ്പാക്കുന്ന ഏജന്‍സികളായി പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ പദ്ധതി തയാറാക്കാന്‍ സഹകരണ സംഘങ്ങളില്‍നിന്നുള്ള ഡേറ്റ ഉപയോഗപ്പെടുത്താന്‍ കേന്ദ്രീകൃത സഹകരണ ഡേറ്റസെന്റര്‍ മന്ത്രാലയം സ്ഥാപിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഇന്ത്യയിലാകെ ഏകീകൃതസ്വഭാവം കൈവരുത്തുന്നതിന് ഒരു പൊതുബൈലോയും തയാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരാന്‍ പൊതുസോഫ്റ്റ്‌വെയറും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. ഇതെല്ലാം നടപ്പാക്കാന്‍ പര്യാപ്തമായ വിധത്തില്‍ ഒരു ദേശീയ സഹകരണനയത്തിനാണു രൂപം നല്‍കുന്നത്.

 

പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ലക്ഷ്യമിട്ടാണു കേന്ദ്രത്തിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളുമെന്നത് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായാണു പ്രവര്‍ത്തിക്കുന്നത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രവര്‍ത്തനരീതിയാണ് ഈ സംഘങ്ങള്‍ക്കു കേരളത്തിലുള്ളതെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അതിനാല്‍, എല്ലാ കാര്‍ഷികസംഘങ്ങള്‍ക്കും ഒരേ രൂപവും പ്രവര്‍ത്തനഘടനയും നിശ്ചയിക്കുമ്പോള്‍ അതു കേരളത്തെ ബാധിക്കാനിടയുണ്ട്. കേന്ദ്രത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളൊന്നും പ്രത്യക്ഷത്തില്‍ അപകടമുള്ളതാണെന്നു തോന്നില്ല. പക്ഷേ, ഇതെല്ലാം പ്രയോഗത്തില്‍ വരുമ്പോള്‍ ഒട്ടേറെ മാറ്റങ്ങള്‍ ഇവിടെയുണ്ടാകാനിടയുണ്ട്. ബാങ്കിങ്പ്രവര്‍ത്തനം പരിമിതപ്പെടുമെന്നതാണു പ്രധാനമാറ്റം. ഈ സംഘങ്ങളെല്ലാം നബാര്‍ഡിന്റെ നിയന്ത്രണത്തിലേക്കു മാറുമെന്നതാണു രണ്ടാമത്തെ മാറ്റം. നബാര്‍ഡിനെ കാര്‍ഷികസംഘങ്ങളില്‍ കൂടുതല്‍ ഇടപെടീക്കുന്നതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ നിയന്ത്രണഅതോറിറ്റി എന്ന ചുമതലയില്‍നിന്ന് അതിനെ മാറ്റുമെന്ന പ്രചരണവും ശക്തമാണ്. ജില്ലാ ബാങ്കുകളുടെ നിയന്ത്രണം നബാര്‍ഡില്‍നിന്നു മാറ്റുന്നതിലാണു തര്‍ക്കമുള്ളത്. അതിനാല്‍, സംസ്ഥാന ബാങ്കിന്റെ നിയന്ത്രണം മാറാനുള്ള സാധ്യത ഏറെയാണ്. കേരളത്തില്‍ ജില്ലാ ബാങ്കുകളില്ല. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്കു മാറിയാല്‍ കാര്‍ഷിക വായ്പാസംഘങ്ങള്‍ നേരിട്ട് നബാര്‍ഡ് നിയന്ത്രണത്തിലാകും. ഇത്തരമൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. അതിനാല്‍, കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങളെപ്പറ്റി പഠിച്ചുമാത്രമേ പ്രതികരിക്കാനാവൂ. സഹകരണനയത്തിന്റെ കരടില്‍ അഭിപ്രായമറിയിക്കാന്‍ തമിഴ്നാട് 15 അംഗ കമ്മിറ്റി രൂപവത്കരിച്ചാണു പഠിച്ചത്. കേരളം അഭിപ്രായം അറിയിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു പഠനം നടന്നിട്ടില്ല. കേന്ദ്രത്തിനു ലഭിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ കേരളത്തിന്റെ ഒരഭിപ്രായവുമില്ലെന്നതും ഗൗരവമുള്ളതാണ്. കേരളം എന്തു നിര്‍ദേശമാണ് ഈ പരിഷ്‌കാരങ്ങളിലെല്ലാം നല്‍കിയിട്ടുള്ളതെന്നു സഹകാരികള്‍ക്കുപോലും അറിയില്ല. അതിനാല്‍, കേരളസര്‍ക്കാര്‍ ഇവ പരസ്യപ്പെടുത്തണം. കേന്ദ്രം പുതിയ സഹകരണനയവും പരിഷ്‌കാരങ്ങളുമെല്ലാം നടപ്പാക്കിയിട്ട് നടുക്കം രേഖപ്പെടുത്തിയിട്ടു കാര്യമില്ല. ചെയ്യേണ്ടതു ചെയ്യേണ്ടസമയത്തു ചെയ്യേണ്ടപോലെ ചെയ്യണം. – എഡിറ്റര്‍

Leave a Reply

Your email address will not be published.