ദേശീയ സഹകരണനയം: ദേശീയതല സമിതി യോഗം ഹരിയാനയില്‍ തുടങ്ങി

moonamvazhi
ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനു കരടുരേഖ തയാറാക്കുന്നതിനുള്ള ദേശീയതല സമിതിയുടെ രണ്ടു ദിവസത്തെ യോഗം ഇന്നും നാളെയുമായി ( വെള്ളി, ശനി ) ഹരിയാനയില്‍ ചേരും. ഗുരുഗ്രാമിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു യോഗം. നയരൂപവത്കരണ സമിതി അധ്യക്ഷനായ മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലാണു യോഗം നടക്കുക.

നയരേഖയുടെ കരട് തയാറായിട്ടുണ്ടെന്നാണറിയുന്നത്. രണ്ടു ദിവസത്തെ യോഗത്തില്‍ ഇത് അംഗങ്ങള്‍ക്കു വിതരണം ചെയ്യും. ശനിയാഴ്ചയോടെ ഇതിനു അന്തിമരൂപം നല്‍കാനാണു സാധ്യത. സമിതിയുടെ ആദ്യയോഗം പുണെയിലെ വാംനികോമിലാണു ചേര്‍ന്നത്. അതിനുശേഷവും പലയിടത്തായി യോഗങ്ങള്‍ ചേര്‍ന്നിരുന്നു.

‘  സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള ദേശീയ സഹകരണനയരേഖയുടെ കരട് തയാറാക്കുന്നതിനായി 2022 സെപ്റ്റംബറില്‍ രൂപവത്കരിച്ച ദേശീയ നയരൂപവത്കരണ സമിതിയില്‍ 47 അംഗങ്ങളാണുള്ളത്. സഹകരണമേഖലയില്‍ നിന്നുള്ള വിദഗ്ധരും സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാര്‍മാരും സമിതിയിലുള്‍പ്പെടും.

സഹകരണസംഘങ്ങളുടെ സമഗ്രവികസനം സുഗമമാക്കുക, അവയ്ക്കാവശ്യമായ പിന്തുണയും സഹായവും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2002 ലാണു നിലവിലെ ദേശീയ സഹകരണനയം തയാറാക്കിയിട്ടുള്ളത്. ഏതാണ്ട് എട്ടര ലക്ഷം സഹകരണസംഘങ്ങളാണു രാജ്യത്തുള്ളത്. സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും താഴെത്തട്ടില്‍വരെ സഹകരണാശയം എത്തിക്കാനുമാണു പുതിയ നയരേഖ തയാറാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!