ദേശീയ സഹകരണനയം: അന്തിമ കരടുരേഖ തയാറാക്കാന്‍ ഈ മാസം 24 ന് ഒരു യോഗംകൂടി

moonamvazhi
രാജ്യത്തിനു പുതിയൊരു ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള 47 അംഗ ദേശീയതല സമിതി അന്തിമ കരടുരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഈ മാസമൊടുവില്‍ ഒരു തവണകൂടി യോഗം ചേരും. ജനുവരി 24 നു ഡല്‍ഹിയിലെ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) ആസ്ഥാനത്തായിരിക്കും ഈ യോഗം ചേരുക.

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ദേശീയതല സമിതി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേര്‍ന്നിരുന്നു. അന്തിമകരടുരേഖ പുറത്തുവിടാനായി ജനുവരി 24 നു യോഗം ചേരാനാണു തീരുമാനിച്ചിരിക്കുന്നതെന്നു എന്‍.സി.യു.ഐ. പ്രസിഡന്റ് ദിലീപ് സംഘാനി അറിയിച്ചു. ദേശീയ സഹകരണനയരേഖയ്ക്കു അന്തിമരൂപം നല്‍കാന്‍ എന്‍.സി.യു.ഐ. ആസ്ഥാനംതന്നെയാണു ഏറ്റവും യോജിച്ചത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയതല സമിതിയുടെ അഞ്ചാമത്തെ യോഗമാണു കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുഗ്രാമില്‍ ചേര്‍ന്നത്. ഓരോ ഉപസമിതിയും തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ വെച്ചു. അംഗങ്ങളുടെ കാഴ്ചപ്പാടുകളെല്ലാം അന്തിമരേഖയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദേശീയതല സമിതി പുണെ. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണു യോഗം ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തിയത്. സഹകരണം ഒരു സംസ്ഥാനവിഷയമായിരിക്കെ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ദേശീയ സഹകരണനയം രൂപവത്കരിക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണു സഹകരണരംഗത്തെ പ്രമുഖര്‍ പറയുന്നത്.

2002 മാര്‍ച്ചില്‍ അന്നത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയനയമാണ് ഇപ്പോള്‍ നിലവിലുള്ളത്. പുതിയ സമിതിയുടെ ആദ്യയോഗം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ അന്തിമകരടുരേഖ സമര്‍പ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള ദേശീയ സഹകരണനയരേഖയുടെ കരട് തയാറാക്കുന്നതിനുള്ള സമിതിയില്‍ സഹകരണമേഖലയിലെ വിദഗ്ധരും സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാര്‍മാരും അംഗങ്ങളാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!