ദുരന്തബാധിതര്‍ക്കിടയില്‍ ആശ്വാസവുമായി സഹകരണ സ്ഥാപനങ്ങള്‍

[email protected]

എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് നാട്. സര്‍ക്കാര്‍ സംവിധാനമെല്ലാം ഒരമനസോടെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്നും, ഒരുപടികടന്ന് നാടിനൊപ്പം നിന്നുമാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രളയബാധിതരെ സഹായിക്കാനെത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ പലതും വാഹനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനമെത്തിക്കുന്നതിനും മറ്റും വിട്ടുനല്‍കി. ചില സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ദുരിതമേറ്റുവാങ്ങുന്നവര്‍ക്ക് സാധനങ്ങളെത്തിക്കാന്‍ അവ ശേഖരിക്കുന്നത് മുന്നിട്ടിറങ്ങി.

സാധനങ്ങളും സഹായവും നല്‍കാന്‍ പലര്‍ക്കും മനസുണ്ടെങ്കിലും അത് എവിടെ എത്തിക്കുമെന്ന സംശയമായിരുന്നു പലര്‍ക്കും. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചവരുണ്ട്. സാധനങ്ങള്‍ കളക്ടറേറ്റുകളിലും മറ്റും സ്വീകരിക്കുന്നുണ്ടെങ്കിലും എല്ലാവരും അവിടെ എത്തിപ്പെടുന്നില്ല. ഇവര്‍ക്കിടയിലേക്കാണ് സഹകരണ സ്ഥാപനങ്ങളും ജീവനക്കാരും ഇറങ്ങിയത്. നാടിന്റെ ആവശ്യം നാട്ടുകാര്‍ക്കൊപ്പം നിന്ന് നിറവേറ്റാന്‍ ഈ സഹകരണ കൂട്ടായ്മ തീര്‍ത്ത മാതൃക അഭിനന്ദനാര്‍ഹമാണ്. ഇതിനൊപ്പം സഹകരണ ജീവനക്കാരുടെ സംഘങ്ങളും സഹായവും പണം നല്‍കിയിട്ടുണ്ട്.

അബ്ദുറഹ്മാന്‍ നഗര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് പായയും പുതപ്പും തോര്‍ത്തുമടക്കം നല്‍കിയത് ഇവിടെയുള്ള സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഒളവണ്ണ റൂറല്‍ ബാങ്കില്‍ എല്ലാവിധ സാധനങ്ങളും ശേഖരിച്ച് ദുരിതബാധിതര്‍ക്കെത്തിക്കാന്‍ ജീവനക്കാര്‍ ഒരുങ്ങിയിറങ്ങി. ഇതുവരെ രണ്ടുഘട്ടങ്ങളിലായി സാധനങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഒളവണ്ണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. തേഞ്ഞിപ്പാലം റൂറല്‍ ബാങ്കും ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. സഹകരണ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്ക് നേരിട്ട് സഹായങ്ങളെത്തിച്ചു. തിമരി, മേപ്പയ്യൂര്‍ തുടങ്ങിയ ബാങ്കുകള്‍ രജിസ്ട്രാറുടെ സര്‍ക്കുലറിങ്ങുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി.

സഹായം നല്‍കിയ സ്ഥാപനങ്ങളും ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ച സഹകരണ ജീവനക്കാരും ഇതിലും എത്രയോ ഏറെയാണ്. ഇതുവരെ ഒരു ഫോട്ടോ പോലും പകര്‍ത്തി സമൂഹമാധ്യമത്തിലിടാത്തവര്‍പോലുമുണ്ട് ഇക്കൂട്ടത്തില്‍.ഈ നാടിനൊപ്പമാണ് സഹകരണ സ്ഥാപനങ്ങള്‍. അവരുടെദുരിതത്തില്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു സ്ഥാപനങ്ങളും ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല. ഓരോ നാട്ടിലും എല്ലാവര്‍ക്കും ഇടയില്‍ ഒരാളായി ഓരോ സംഘവും നിലകൊണ്ടു. സഹകരണ പ്രസ്ഥാനം നാടിന്റെ ശക്തിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

Leave a Reply

Your email address will not be published.