തൊഴില്‍സൃഷ്ടിക്കുംഉല്‍പ്പാദനവര്‍ധനവിനുംഉതകണംസഹകരണ മേഖല

moonamvazhi

വി.എന്‍. പ്രസന്നന്‍

ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ കൊണ്ടുവരാനുള്ള
പദ്ധതിയുടെ വിജയത്തിനു സര്‍ക്കാര്‍ പ്രധാനമായും സഹകരണ പ്രസ്ഥാനത്തിലാണു
പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നു ഏപ്രില്‍ 18 മുതല്‍ 25 വരെ കൊച്ചിയില്‍ നടന്ന സഹകരണ
എക്‌സ്‌പോ – 2022 ലെ വ്യവസായ സെമിനാര്‍ വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ മാതൃകയില്‍ വൈവിധ്യ
വല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.

ഏപ്രില്‍ 23നു നടന്ന ‘വ്യവസായം, ചെറുകിടവ്യവസായം, തൊഴില്‍വരുമാനവര്‍ധനവ് എന്നീ മേഖലകളില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക്-അവസരങ്ങളും സാധ്യതകളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി പി. രാജീവ് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പുതിയസംരംഭങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ വിജയത്തിനു സഹകരണപ്രസ്ഥാനത്തിലാണു പ്രധാനമായും പ്രതീക്ഷയര്‍പ്പിക്കുന്നതെന്നു സൂചിപ്പിച്ചു. സഹകരണസ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ തങ്ങളെക്കൊണ്ട് എത്രത്തോളം കഴിയുന്നുവെന്നതു പ്രത്യേകപ്രാധാന്യത്തോടെ പരിഗണിക്കണം. സഹകരണപ്രസ്ഥാനത്തിന്റെ സാധ്യതകളെ ഉല്‍പ്പാദനവുമായി കണ്ണിചേര്‍ക്കണം. കേരളത്തിലെ മികച്ച വിദ്യാഭ്യാസ,ആരോഗ്യസൂചകങ്ങളെ ഇനി ഉയര്‍ന്നഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉയര്‍ന്നഗുണനിലവാരമുള്ള ആരോഗ്യപരിചരണവുമായി ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസിതരാജ്യങ്ങള്‍ ഉല്‍പ്പാദനമേഖലയില്‍നിന്നുള്ള സമ്പത്തിനെ ആശ്രയിച്ചാണു മുന്നേറുന്നത്. എന്നാല്‍, കേരളത്തില്‍ ഉല്‍പ്പാദനമേഖലയില്‍ അവയ്ക്കുതുല്യമായ സമ്പത്തുല്‍പ്പാദനം നടക്കുന്നില്ല. ഈ ദൗര്‍ബല്യം പരിഹരിക്കാനാണ് ഒന്നാംപിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ഈ കാഴ്ചപ്പാടോടെ കാര്‍ഷികമേഖലയില്‍ എങ്ങനെ 40ലക്ഷം തൊഴിലവസരം സൃഷ്ടിക്കാമെന്നാണു നോക്കിയത്. കേരളത്തില്‍ ഭൂമിലഭ്യത കുറവാണ്. ഒരുവശത്തു പശ്ചിമഘട്ടമാണ്. തീരദേശത്തു തീരപരിപാലനനിയമത്തിന്റെയും മറ്റും നിയന്ത്രണങ്ങളുണ്ട്. നമ്മുടെ ശക്തി യോഗ്യതാസമ്പന്നമായ മനുഷ്യവിഭവശേഷിയാണ്. ഇതു വിനിയോഗിക്കാന്‍ കഴിയുന്ന എക്കോസിസ്റ്റം രൂപപ്പെടുത്തണം. ഇതിനായുള്ള എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇഎസ്ജി)നിക്ഷേപത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എം.എസ്.എം.ഇ.കള്‍ക്കും മറ്റും പ്രയോജനപ്പെടുന്ന വിധത്തില്‍ കൊച്ചി-ബംഗളൂരു വ്യവസായഇടനാഴിക്കായി 2000 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലും പുതിയവ്യവസായങ്ങള്‍ വരും. ഭക്ഷ്യസംസ്‌കരണവ്യവസായമാണ് ഒന്ന്. കേരളത്തില്‍ 10 ഭക്ഷ്യസംസ്‌കരണവ്യവസായങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. കേരളം ജൈവവൈവിധ്യത്തില്‍ മുന്‍പന്തിയിലാണ്. കെല്‍ട്രോണ്‍ 650 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ഒരു മേഖലയായിരിക്കും. പെട്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കും. കെ.ഡിസ്‌ക്കുമായി സഹകരിച്ചുകൊണ്ട് ഇതിനൊക്കെ കണ്‍സോര്‍ഷ്യം രൂപവല്‍ക്കരിക്കുകയെന്നതു ഫോക്കസ് ഏരിയയായി മാറുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് എം.എസ്.എം.ഇ.കള്‍ വരിക. അഞ്ചുവര്‍ഷംകൊണ്ടു കേരളത്തില്‍ എം.എസ്.എം.ഇ.കള്‍ ഇരട്ടിച്ചു. ഒരുവര്‍ഷംകൊണ്ട് ഒരുലക്ഷം എം.എസ്.എം.ഇ.കള്‍ ആണ് ലക്ഷ്യം. തദ്ദേശസ്വയംഭരണവകുപ്പും സഹകരണവകുപ്പുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കുവഹിക്കേണ്ടത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികളിില്‍ കിന്‍ഫ്രയുമായി ചേര്‍ന്നു പദ്ധതികള്‍ നടപ്പാക്കും. 10 ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ സ്വകാര്യവ്യവസായപാര്‍ക്ക് ആവാം എന്നു തീരുമാനിച്ചിട്ടുണ്ട്. ഇതു സഹകരണമേഖലയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വ്യവസായങ്ങള്‍ക്കു മൂന്നുകോടിരൂപ വരെ സര്‍ക്കാര്‍ ഇന്‍സന്റീവ് നല്‍കും. നടപ്പാക്കാവുന്ന പദ്ധതികള്‍ക്കായി പ്രൊജക്ട് റിപ്പോര്‍ട്ടുകളുടെ ഒരു സമാഹാരം തന്നെ തയ്യാറാക്കിവച്ചിട്ടുണ്ട്. കോമണ്‍ഫെസിലിറ്റി സംവിധാനം ഉണ്ടാക്കിയാല്‍ ഉല്‍പ്പാദനച്ചെലവു കുറയ്ക്കാം. വിവിധഇനം ഉല്‍പ്പന്നങ്ങള്‍ക്കായി പൊതുവായി കേരള ബ്രാന്റ് തുടങ്ങും. വിപണനത്തിനായി ഇ-കോമേഴ്‌സ് ശക്തിപ്പെടുത്തും. മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റും ഒരുക്കാവുന്നതാണ്. വെളിച്ചണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രീതികള്‍ ടൂറിസ്റ്റുകള്‍ക്കും മറ്റും കാണാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ ചെറിയ മില്ലുകള്‍ സ്ഥാപിക്കാം. ജാതി, കാന്താരിമുളക് തുടങ്ങിയവ കൊണ്ടുവരെ വീഞ്ഞ് ഉണ്ടാക്കാനാവും. ചെറുസ്റ്റാര്‍ട്ടപ്പുകള്‍ വരണം. തൊഴില്‍സൃഷ്ടിക്കും ഉല്‍പ്പാദനവര്‍ധനയ്ക്കും ഉതകുന്നതായി സഹകരണമേഖല മാറണം. വീടുകളുടെ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ സജ്ജീകരിച്ച് വര്‍ക്ക് ഫ്രം ഹോം ആയി ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തണം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ ഏറ്റവും കൂടുതലുള്ള നാടാണു കേരളം. ഇവരെ കാലഘട്ടത്തിനനുസരിച്ചു നൈപുണ്യം സ്‌കെയില്‍അപ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതില്‍ സഹകരണസംഘങ്ങള്‍ക്കു സഹായിക്കാന്‍ കഴിയും. വീട് ഇപ്പോള്‍ സ്വകാര്യഇടമല്ല. അതു സിനിമാതിയേറ്ററും ക്ലാസ്സും തൊഴിലിടവുമൊക്കെയായിരിക്കുന്നു. സംരംഭകത്വവികസനത്തിനായി 1150 ഇന്റേണുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബി.ടെക്കും എംബിഎയുമൊക്കെ ഉള്ളവരാണിവര്‍. ഇവര്‍ക്കു താലൂക്കുതലങ്ങളില്‍ വ്യവസായസംരംഭഫെസിലിറ്റേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സഹകരണസംഘങ്ങള്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ഇതിനൊക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഏഴിനം കൈപ്പുസ്തകങ്ങള്‍ തയ്യാറാണ്. സംരംഭകത്വസംഗമം, വായ്പാ-ലൈസന്‍സ് മേളകള്‍ തുടങ്ങിയവയൊക്കെ അടുത്തുതന്നെ നടത്തും. കേരളത്തിന്റെ ഭാവിവ്യവസായവളര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് ഇതൊക്കെ ചെയ്യുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിച്ചേ ഇനി മുന്നോട്ടുപോകാനാവൂ. സഹകരണപ്രസ്ഥാനത്തിന് ഇതില്‍ വലിയപങ്കു വഹിക്കാനാവും. സഹകരണസ്ഥാപനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ മാതൃകയില്‍ വൈവിധ്യവല്‍ക്കരണം നടത്തണം. ഖാദി-കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കൊക്കെ ഇപ്പോള്‍ നല്ല വില്‍പന ലഭിക്കുന്നുണ്ട്. വ്യവസായസംരംഭകത്വത്തിന്റെ കാര്യത്തില്‍ സംശയിച്ചുനില്‍ക്കുന്നരീതി മാറ്റി വിശ്വാസത്തോടെ തുനിഞ്ഞിറങ്ങുന്ന രീതി വരണം. സഹകരണമേഖലയ്ക്ക് വ്യവസായരംഗത്ത് വലിയമാറ്റങ്ങള്‍ കൊണ്ടുവരാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News