തമിഴ്‌നാട്ടില്‍ 20 കൊല്ലം മുമ്പു അടച്ചുപൂട്ടിയ സഹകരണ സംഘത്തിനു പുനര്‍ജന്മം

moonamvazhi

തമിഴ്‌നാട്ടില്‍ ഇരുപതു വര്‍ഷം മുമ്പു പ്രവര്‍ത്തനം നിലച്ചുപോയ ഒരു കാര്‍ഷിക വായ്പാ സഹകരണസംഘം സര്‍ക്കാരിന്റെ ശ്രമഫലമായി ഞായറാഴ്ച പുതുജീവന്‍ കൈവരിച്ചു. തെങ്കാശി ജില്ലയിലെ കരിസല്‍കുളത്തുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘമാണു വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തില്‍ സംസ്ഥാന സഹകരണമന്ത്രി എ.ആര്‍. പെരിയകറുപ്പനാണു സംഘത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കര്‍ഷകരുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 6.8 കോടി രൂപ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. 1124 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

കാര്‍ഷികമേഖലയായ കരിസല്‍കുളത്തു പതിനായിരം ഏക്കറിലധികം കൃഷിഭൂമിയുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു ഇരുപതു വര്‍ഷം മുമ്പു സംഘത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെച്ചത്. സഹകരണസംഘമില്ലാത്തതിനാല്‍ രാസവളം കിട്ടാതെ തങ്ങള്‍ ഏറെ കഷ്ടപ്പെട്ടുപോയെന്നു കര്‍ഷകനായ സി.എസ്. മുതല്‍രാജ് പറഞ്ഞു. രാസവളം സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നതിനാല്‍ ഗ്രാമവാസികള്‍ക്ക് ഒരു പാക്കറ്റുപോലും കിട്ടിയില്ലെന്നു അദ്ദേഹം പറഞ്ഞു. മുന്‍ സഹകരണമന്ത്രി ഐ. പെരിയസാമിയാണു ഈ കാര്‍ഷിക വായ്പാ സഹകരണസംഘത്തിന്റെ പുനരുജ്ജീവനത്തിനു മുന്‍കൈയെടുത്തതെന്നു എം.ഡി.എം.കെ. ചീഫ് സെക്രട്ടറി ദുരൈ വൈക്കോ അറിയിച്ചു. ഇപ്പോഴത്തെ മന്ത്രി പെരിയകറുപ്പന്‍ ഒട്ടും ഉപേക്ഷ കാട്ടാതെ ആ ശ്രമം തുടര്‍ന്നതിനാലാണു സംഘം രക്ഷപ്പെട്ടത്- ദുരൈ വൈക്കോ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!