ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മയില്‍ സഹകരണ ഡ്രൈവിങ് സ്‌കൂള്‍

moonamvazhi

എറണാകുളം ജില്ലയിലെ അഞ്ചു താലൂക്കുകളിലെ ഡ്രൈവിങ്
സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്നുണ്ടാക്കിയ സഹകരണ
ഡ്രൈവിങ് സ്‌കൂള്‍ പതിമൂന്നു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 6800 പേരെ
ഇതുവരെ ഈ സംഘം ഡ്രൈവിങ് പഠിപ്പിച്ചു. നിര്‍ദിഷ്ട അക്രെഡിറ്റഡ്
ട്രെയിനിങ് സെന്റര്‍ സംവിധാനത്തെക്കുറിച്ചു സംഘത്തിന്
ആശങ്കയുണ്ട്.
ഡ്രൈവിങ് പഠിപ്പിക്കലിലൂടെ പ്രവര്‍ത്തനച്ചെലവു കണ്ടെത്തുന്ന ഒരു സഹകരണസംഘം. അതാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ചേരാനല്ലൂര്‍ ഫെറി റോഡില്‍ സ്ഥിതി ചെയ്യുന്ന കോ-ഓപ്പറേറ്റീവ് ഡ്രൈവിങ് സ്‌കൂള്‍. എറണാകുളം ജില്ലയിലെ അഞ്ചു താലൂക്കുകളിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണസംഘമാണ് ഈ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നത് എന്നതും പ്രത്യേകത. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമായി നൂറോളം പേരാണ് അംഗങ്ങള്‍. ഓരോരുത്തരും 500 രൂപയുടെ നാല് ഓഹരികള്‍ വീതമാണ് എടുത്തിട്ടുള്ളത്.

2009 ല്‍ കാക്കനാട് കളക്ടറേറ്റിനു മുന്‍വശം ഒരു വാടകക്കെട്ടിടത്തിലാണ് എറണാകുളം ജില്ലാ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സഹകരണസംഘം തുടങ്ങിയത്. കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഡ്രൈവിങ് സ്‌കൂളുകളുടെ കൂട്ടായ്മ എന്ന നിലയില്‍ അവയുടെയും അവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശ്യം. ഡ്രൈവിങ് സ്‌കൂളുകള്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ സഹായിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.

2012 ലാണു ഫെറി റോഡില്‍ ഒരു കെട്ടിടം വാടകയ്‌ക്കെടുത്തു ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചത്. ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് പരിശീലിപ്പിക്കാന്‍ ചേരാനല്ലൂരില്‍ വാടകയ്ക്കു ഗ്രൗണ്ടുമുണ്ട്. പരിശീലനാവശ്യങ്ങള്‍ക്കായി മൂന്നു കാറും രണ്ടു ടൂവീലറും സ്വന്തമായുണ്ട്. മൂന്നു പേരാണു പ്രായോഗികപരിശീലനം നല്‍കാനുള്ളത്. ഡ്രൈവിങ് സംബന്ധമായ നിയമങ്ങളും ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളുമടക്കം ഡ്രൈവിങ്ങിന്റെ പാഠ്യപദ്ധതിയില്‍ വരുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി ഒരു ഇന്‍സ്ട്രക്ടറുമുണ്ട്. കൂടാതെ, ഓഫീസ് ജോലികള്‍ നിര്‍വഹിക്കാന്‍ ഒരു ഓഫീസ് അസിസ്റ്റന്റും.

ഡ്രൈവിങ് പഠിക്കാന്‍
നിത്യവും 30-40 പേര്‍

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു വിവിധ ബാച്ചായി പരിശീലനം. ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് വരെയുള്ള ഡ്രൈവിങ്ങിന്റെ എല്ലാ കാര്യത്തിലും പരിശീലനവും സേവനവും നല്‍കും. ഇരുചക്രവാഹനങ്ങള്‍ ഓടിക്കാനും നാലുചക്രവാഹനങ്ങള്‍ ഓടിക്കാനും പരിശീലനം നല്‍കുന്നുണ്ട്. ദിവസം 30 മുതല്‍ 40 വരെ പേര്‍ ഡ്രൈവിങ് പഠിക്കാനുണ്ടാവും. 6800 പേരെ ഇതുവരെ ഡ്രൈവിങ് പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ചേരാനല്ലൂരില്‍ സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ചു സംഘം ജനങ്ങളുടെ സഹകരണത്തോടെ ബോധവത്കരണം സംഘടിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് എല്ലാ അംഗങ്ങള്‍ക്കും സംഘം 5000 രൂപ സഹായം നല്‍കി. ഡ്രൈവിങ് പരിശീലനം നല്‍കുന്നതിലൂടെ ലഭിക്കുന്ന തുകയാണു സംഘത്തിന്റെ പ്രധാന വരുമാനം. ഇതില്‍നിന്നാണു കോവിഡ് കാലത്തു സഹായം നല്‍കിയത്. സുധാകരന്‍.എന്‍.വി.യാണു സംഘം പ്രസിഡന്റ്. ബേബി.വി.വി. (വൈസ് പ്രസിഡന്റ്), ജോര്‍ജ് ആല്‍ബി (സെക്രട്ടറി), ലെനിന്‍.കെ. ദാസ്, ദിലീപ് രാജ്, ഷൈജു. സി.കെ, പ്രസന്നാരാമചന്ദ്രന്‍, ശ്രീപ്രിയ, സോളി രാജു, ബിജു.എന്‍.ജി. (ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. ഇവരെല്ലാം വിവിധ സ്ഥലങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ഉടമകളാണ്.

നിര്‍ദിഷ്ട അക്രെഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍ (ADTC) സംവിധാനത്തെക്കുറിച്ചു സംഘത്തിന് ആശങ്കയുണ്ടെന്നു പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. ഇതനുസരിച്ചുള്ള വിപുലമായ സംവിധാനങ്ങളോടെ ഒരു ഡ്രൈവിങ് പരിശീലനകേന്ദ്രം സ്ഥാപിക്കാന്‍ രണ്ടു-രണ്ടരക്കോടി രൂപ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ്
എ.ഡി.ടി.സി ?

ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ ഏര്‍പ്പെടുത്താനും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അതു പുതുക്കാനുമൊക്കെ വ്യവസ്ഥകളുള്ളതാണ് എ.ഡി.ടി.സി. സംവിധാനം. ഇരുചക്രവാഹനങ്ങള്‍ക്കടക്കം സമഗ്രമായ പ്രായോഗികപരിശീലനവും പുസ്തകരൂപത്തിലുള്ള പാഠ്യക്രമവും ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയപരിശീലനം നല്‍കുക മാത്രമല്ല റോഡ് ഉപയോഗിക്കുന്ന കാര്യത്തിലും റോഡുസുരക്ഷയിലും ഉത്തരവാദിത്വപൂര്‍ണമായ പെരുമാറ്റശീലങ്ങള്‍ പകര്‍ന്നുകൊടുക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. ഇന്ധനം ലാഭിക്കുന്ന ഡ്രൈവിങ് രീതികള്‍ പാഠ്യക്രമത്തിലുണ്ട്. ഇരുചക്രവാഹനഡ്രൈവിങ് പരിശീലനത്തിനു രണ്ടാഴ്ച കൊണ്ട് 20 സെഷനുകളില്‍ പങ്കെടുക്കേണ്ടിവരുംവിധമുള്ള പരിശീലനങ്ങളാണു മാര്‍ഗരേഖകളിലുള്ളത്. ഗതാഗതവിദ്യാഭ്യാസം, പ്രഥമശുശ്രൂഷ, റോഡു പെരുമാറ്റമര്യാദാചട്ടങ്ങള്‍, അപകടകാരണങ്ങള്‍, ഇന്ധനം ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ടാകും.

അടിസ്ഥാനഡ്രൈവിങ്, വൈദഗ്ധ്യപൂര്‍ണമായ ഡ്രൈവിങ്, രാത്രിഡ്രൈവിങ്, ഒറ്റവരിപ്പാതയിലൂടെയും രണ്ടും അതിലേറെയുംവരികളുള്ള പാതകളിലൂടെയുമുള്ള ഡ്രൈവിങ് തുടങ്ങിയവയില്‍ പ്രായോഗികപരിശീലനം നല്‍കണം. ഇരുചക്രവാഹനം ഓടിക്കാന്‍ പഠിക്കുന്നവരെ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താനും ടയറുകള്‍ മാറ്റാനും മറ്റും പരിശീലിപ്പിക്കണം. 1989 ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടങ്ങള്‍ പ്രകാരമുള്ള സ്ഥലസൗകര്യങ്ങള്‍ പരിശീലനകേന്ദ്രത്തിനുണ്ടായിരിക്കണം. ഇതു പൊതുഗതാഗതസൗകര്യമുള്ള മികച്ച റോഡുമായി ബന്ധപ്പെട്ട സ്ഥലത്തായിരിക്കണമെന്നുമുണ്ട്. സ്വന്തം വെബ്‌സൈറ്റ് ഉണ്ടായിരിക്കണം. പരിശീലനകലണ്ടര്‍ പ്രസിദ്ധീകരിക്കണം. പരിശീലനകോഴ്‌സ് ഘടന, പരിശീലനസമയം, പ്രവൃത്തിദിവസങ്ങള്‍, പരിശീലനപ്പട്ടിക, ഇന്‍സ്ട്രക്ടര്‍മാരുടെ വിവരങ്ങള്‍, പരിശീലനഫലം, പരിശീലനസൗകര്യങ്ങള്‍, അവധിദിനങ്ങളുടെ പട്ടിക, പരിശീലനഫീസ് തുടങ്ങിയവയും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പരിശീലനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനും ഫീസ് അടയ്ക്കാനും പരിശീലനസ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും പോര്‍ട്ടല്‍ തുടങ്ങണം. എല്ലാ വര്‍ഷവും ആര്‍.ടി.ഒ.മാര്‍ക്കും ഡി.ടി.ഒ.മാര്‍ക്കും പ്രവര്‍ത്തനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 1989 ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടങ്ങളും സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനനിയമങ്ങളും തൊഴില്‍നിയമങ്ങളും പാലിക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വന്നാല്‍ അധികൃതര്‍ക്ക് അക്രെഡിറ്റേഷന്‍ റദ്ദാക്കാം. ഇത്തരം വിപുലമായ സംവിധാനം നടത്തിക്കൊണ്ടുപോകാനാവശ്യമായ സാമ്പത്തികസ്ഥിതി സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്ടെന്നു തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കണം.

വേണ്ടത്ര പാര്‍ക്കിങ് ഏരിയ, കമ്പ്യൂട്ടറുകളും മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും അടക്കമുള്ള രണ്ടു ക്ലാസ് മുറികള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കും വേണ്ട സിമുലേറ്ററുകള്‍, ബ്രോഡ്ബാന്റ് കണക്ടിവിറ്റി, ഡ്രൈവിങ് ട്രാക്കുകള്‍, ദ്വിതല കണ്ട്രോള്‍ സംവിധാനമുള്ള വാഹനങ്ങള്‍, വര്‍ക്‌ഷോപ്പ്, ബയോമെട്രിക് ഹാജര്‍സംവിധാനം, നിര്‍ദിഷ്ടയോഗ്യതയുള്ള പരിശീലകര്‍, ഇ-പേമെന്റ് സംവിധാനം, റിയല്‍ടൈം വിലയിരുത്തലും ഓണ്‍ലൈന്‍ വിലയിരുത്തലും എന്നിവ ഉണ്ടായിരിക്കണം. വേണ്ടത്ര അധ്യാപകജീവനക്കാരും ഐ.ടി.വിദഗ്ധരും ക്ലീനിങ് ജീവനക്കാരും വേണം. അധ്യാപകര്‍ 1989 ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടങ്ങള്‍ പ്രകാരമുള്ള യോഗ്യതകള്‍ ഉളളവരായിരിക്കണം. കൂടാതെ ഇവര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നു മോട്ടോര്‍ മെക്കാനിക്‌സില്‍ വൈദഗ്ധ്യപരീക്ഷാസര്‍ട്ടിഫിക്കറ്റോ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ യോഗ്യതയോ നേടിയിരിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഈ പരിശീലനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം യഥാസമയം ഓഡിറ്റ് ചെയ്യണം. ഇങ്ങനെയുള്ള നിരവധി വ്യവസ്ഥകളാണ് എ.ഡി.ടി.സി.കള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.

എന്തായാലും, നിലവിലുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഇത്രയും വിപുലമായതോതില്‍ സ്ഥലസൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്താനാവശ്യമായ വന്‍തുക കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നു സംഘം പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങളെ ഇപ്പോഴുള്ള രീതിയില്‍ത്തന്നെ തുടരാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചിട്ടിയും മറ്റു നിക്ഷേപപദ്ധതികളും തുടങ്ങിക്കൊണ്ടു സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!