ഡിജിറ്റല്‍ വായ്പയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി

moonamvazhi

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ കൂടിയ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വായ്പക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. സഹകരണ ബാങ്കുകള്‍ ഡിജിറ്റല്‍ വായ്പ നല്‍കാന്‍ യോഗ്യതയുള്ള ധനകാര്യ സ്ഥാപനമായാണ് ആര്‍.ബി.ഐ. കണക്കാക്കിയിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെയോ നിയമപ്രകാരമുള്ള മറ്റേതെങ്കിലും നിയന്ത്രണ അതോറിറ്റിയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമെ ഡിജിറ്റല്‍ വായ്പ നല്‍കാന്‍ പാടുള്ളൂവെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കി ഓണ്‍ലൈന്‍ വായ്പ കച്ചവടം നടത്തുന്ന ഏജന്‍സികളെ നിയന്ത്രിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള വായ്പ വിതരണ രീതികളെ ആര്‍.ബി.ഐ. വിലക്കിയിട്ടുണ്ട്. സ്വകാര്യ വാണിജ്യബാങ്കുകള്‍, പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്കുകള്‍, ജില്ലാ സഹകരണബാങ്കുകള്‍, ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആര്‍.ബി.ഐ.യുടെ പൊതുമാര്‍ഗനിര്‍ദ്ദേശം ബാധകമായിരിക്കും.

വായ്പയെടുക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി വിവരശേഖരണത്തിലുള്‍പ്പെടെ കര്‍ശനനിയന്ത്രണം ഉറപ്പാക്കുന്നതാണ് നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് വായ്പാസ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ അടിസ്ഥാനവിവരങ്ങളല്ലാതെ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ല. വായ്പനല്‍കുന്നതിനും തിരിച്ചടവ് സ്വീകരിക്കുന്നതിനും ആവശ്യമായ പേര്, വിലാസം, ഫോണ്‍, ഇമെയില്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ തുടങ്ങിയവ മാത്രമേ സൂക്ഷിക്കാവൂ. ബയോമെട്രിക് വിവരങ്ങള്‍ ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍വഴി ശേഖരിച്ച് സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2022 നവംബര്‍ 30ന് ശേഷം ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ച പുതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഡിജിറ്റല്‍വായ്പകള്‍ നല്‍കാനാകൂ. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അവരുടെ ഡിജിറ്റല്‍ വായ്പാ ആപ്പുകളുടെയും ഡിജിറ്റല്‍ വായ്പാ സേവനങ്ങള്‍ നല്‍കുന്നവരുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഇത് തട്ടിപ്പ് ഏജന്‍സികളെ പിടിക്കാനാണ്. ഡിജിറ്റല്‍വായ്പയ്ക്കാവശ്യമായ എല്ലാ ചെലവുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം. തിരിച്ചടവ് മുടങ്ങിയാലുള്ള പിഴയും ചാര്‍ജുകളും നേരത്തേ അറിയിക്കണം. ഇതില്‍ ഉള്‍പ്പെടാത്ത ഒരു തുകയും പിന്നീട് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വായ്പാപരിധി ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മാറ്റരുത്. എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അനുമതി നിഷേധിക്കാന്‍ സംവിധാനമുണ്ടായിരിക്കണം. തര്‍ക്കപരിഹാരസംവിധാനം ഏര്‍പ്പെടുത്തണം. പരാതികള്‍ നല്‍കാന്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും സൗകര്യംവേണം. പരാതിയില്‍ 30 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ആര്‍.ബി.ഐ.യുടെ ഓംബുഡ്‌സ്മാന്‍ പദ്ധതിയില്‍ പരാതിനല്‍കാം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ എന്തെല്ലാം വിവരങ്ങള്‍ എത്രകാലം സൂക്ഷിക്കുമെന്ന് അവരെ അറിയിച്ചിരിക്കണം. അവ ഒഴിവാക്കാനുള്ള നയവും രീതിയും വ്യക്തമാക്കണം. എന്നിങ്ങനെയാണ് റിസര്‍വ് ബാങ്കിന്റെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

Leave a Reply

Your email address will not be published.