ഡയറക്ടറുടെ വായ്പ കുടിശ്ശികയുടെ ബാധ്യത ഭരണസമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും

moonamvazhi

സഹകരണ സംഘത്തില്‍നിന്ന് ഡയറക്ടര്‍ ഈടില്ലാതെ വായ്പ എടുത്തതിന്റെ ബാധ്യത എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും ചുമത്തി സര്‍ക്കാര്‍ ഉത്തരവ്. കടമ്പളിപ്പുറം പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ കാര്യത്തിലാണ് സഹകരണ വകുപ്പിന്റെ ഇത്തരമൊരു തീര്‍പ്പാക്കല്‍. 42.10 ലക്ഷം രൂപയാണ് സെക്രട്ടറി ഉള്‍പ്പടെയുള്ള 12 പേര്‍ സംഘത്തിന് നല്‍കേണ്ടത്. ഇതില്‍ ഓരോരുത്തര്‍ക്കുമുള്ള വിഹതത്തിലും വ്യത്യാസമുണ്ട്.

സംഘത്തിലെ ഒരു ഭരണസമിതി അംഗവും അദ്ദേഹത്തിന്റെ ബന്ധുക്കളും മതിയായ ഈടില്ലാതെ വായ്പ എടുത്ത് കുടിശ്ശികയായിക്കെയന്നാണ് കേസ്. ഈ ഇടപാടുകള്‍ ക്രമപ്രകാരമല്ലെന്നും പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 79.71 ലക്ഷം രൂപ സംഘത്തിന് നഷ്ടമുണ്ടായെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘം സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് സഹകരണ വകുപ്പ് വിശീദകരണം തേടി. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ബാധ്യത 42.10 ലക്ഷമായി കുറച്ചു. ഇത് സെക്രട്ടറിയില്‍നിന്നും ഭരണസമിതി അംഗങ്ങളില്‍നിന്നുമായി ഈടാക്കണമെന്ന് സഹകരണ നിയമം 68(2) സര്‍ച്ചാര്‍ജ് അടിസ്ഥാനത്തില്‍ ഉത്തരവിറക്കി.

ഈ ഉത്തരവിനെതിരെ രണ്ട് അപ്പീലുകള്‍ സര്‍ക്കാരിന് ലഭിച്ചു. വീഴ്ചവരുത്തിയ ഭരണസമിതി അംഗം ഉള്‍പ്പടെയുള്ള നാലുപേര്‍ സമര്‍പ്പിച്ച അപ്പീലില്‍ സര്‍ച്ചാര്‍ജ് ചുമത്തുന്നത് നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. മറ്റൊരു ഭരണസമിതി അംഗം നല്‍കിയ അപ്പീലില്‍ വീഴ്ചവരുത്തി ഭരണസമിതി അംഗത്തിന് മാത്രമാണ് നഷ്ടത്തിന്റെ ഉത്തരവാദിത്തമെന്നാണ് ഉന്നയിച്ചത്. എന്‍ക്വയറി റിപ്പോര്‍ട്ടില്‍ സംഘത്തില്‍ നടന്ന ക്രമക്കേടുകളുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ടെന്നും, അതിനാല്‍ ഭരണസമിതി അംഗങ്ങളെല്ലാം അതിന്റെ ഉത്തരവാദികളാണെന്നുമാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. അതിനാല്‍, ബാധ്യതയായി കണക്കാക്കിയ 42.10ലക്ഷം രൂപയും ഉടന്‍ ഈടാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കി.

Leave a Reply

Your email address will not be published.