ടയര്‍-3, ടയര്‍-4 വിഭാഗങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഷെഡ്യൂള്‍ഡ്ബാങ്ക് പദവി നല്‍കുന്നു

moonamvazhi

ടയര്‍ -3, ടയര്‍- 4 വിഭാഗങ്ങളില്‍പ്പെട്ട അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 1934 ലെ റിസര്‍വ്ബാങ്ക് നിയമത്തിലെ ഷെഡ്യൂള്‍ II ല്‍ ഉള്‍പ്പെടുത്തിയാണ് ഈ പദവി നല്‍കുന്നത്. തങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്നതാണ് ഇക്കാര്യമെന്നു സര്‍ക്കാര്‍തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് NAFCUB ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ) പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത അറിയിച്ചു.

1000 കോടി രൂപമുതല്‍ 10,000 കോടി രൂപവരെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ ടയര്‍- 3 വിഭാഗത്തിലും 10,000 കോടിയിലധികം നിക്ഷേപമുള്ളവ ടയര്‍- 4 വിഭാഗത്തിലുംപെടുന്നു. ഈ രണ്ടു വിഭാഗത്തിലുംകൂടി ഇപ്പോള്‍ 84 അര്‍ബന്‍ ബാങ്കുകളുണ്ട്. നിലവില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള അര്‍ബന്‍ ബാങ്കുകളുടെ എണ്ണം അമ്പത്തിരണ്ടാണ്.

ടയര്‍-3, ടയര്‍- 4 വിഭാഗങ്ങളില്‍പ്പെട്ട അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് പദവി നല്‍കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര സഹകരണമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി കുമാര്‍ റാം കൃഷ്ണ അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ തുടങ്ങിയവയുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കും സി.ഇ.ഒ.മാര്‍ക്കും വെള്ളിയാഴ്ച കത്തയച്ചിട്ടുണ്ട്. അര്‍ബന്‍ സഹകരണ ബാങ്ക്‌മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നു കത്തില്‍ പറയുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷം നിശ്ചിതതോതിലുള്ള നിക്ഷേപം കാത്തുസൂക്ഷിക്കുന്നതും സാമ്പത്തികമായി അടിത്തറയുള്ളതും നന്നായി കാര്യനിര്‍വഹണം നടത്തിപ്പോരുന്നതുമായ പ്രാഥമിക ( അര്‍ബന്‍ ) സഹകരണ ബാങ്കുകള്‍ക്കാണു 1934 ലെ റിസര്‍വ് ബാങ്ക് നിയമത്തിലെ വ്യവസ്ഥപ്രകാരം ഷെഡ്യൂള്‍ഡ് പദവി ലഭിക്കുകയെന്നു കത്തില്‍ വിശദീകരിക്കുന്നു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള മാധവ്പുര മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതിനെത്തടര്‍ന്ന് അര്‍ബന്‍ ബാങ്കുകള്‍ക്കു ശാഖകള്‍ തുറക്കാന്‍ ലൈസന്‍സ് നല്‍കുന്നതും ഷെഡ്യൂള്‍ഡ് പദവി അനുവദിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം ആരംഭിച്ചതോടെ നിലപാടില്‍ മാറ്റം വരുത്തി. 500 കോടിയിലധികം രൂപ നിക്ഷേപമുള്ള അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് പദവി നല്‍കണമെന്നായിരുന്നു അര്‍ബന്‍ ബാങ്കുകളുടെ ആവശ്യം. അങ്ങനെ പരിഗണിച്ചിരുന്നെങ്കില്‍ ഇരുനൂറോളം അര്‍ബന്‍ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് പദവി കിട്ടുമായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!