ജൈവ ഓണച്ചന്തയൊരുക്കാന്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക്

[email protected]

പൂര്‍ണമായും ജൈവ വിഭവങ്ങളുമായി ഓണച്ചന്തയൊരുക്കുകയാണ് വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക്. സബ്‌സിഡി നിരക്കില്‍ വിത്തുകളും വളങ്ങളും നല്‍കിയാണ് ബാങ്ക് കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്നത്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി) മുഖേനയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. നിലവില്‍ ബാങ്കിന് കീഴില്‍ 104 ഗ്രൂപ്പുകളാണ് ഉള്ളത്. കൂടാതെ വീടുകളിലും കൃഷി ചെയ്യുന്നതിന് ബാങ്ക് സഹായം നല്‍കുന്നുണ്ട്. സെമിനാറുകളും ക്ലാസുകളും നടത്തി കര്‍ഷകര്‍ക്ക് ആവശ്യമായവ ചോദിച്ച് മനസിലാക്കിയാണ് വിതരണം ചെയ്യുന്നത്. പച്ചക്കറി കൃഷിക്ക് ആലത്തൂര്‍, മണ്ണുത്തി എന്നിവിടങ്ങളില്‍ നിന്നും ഗുണനിലവാരമുള്ള തൈകള്‍ എത്തിച്ച് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നു. പൂര്‍ണമായും ബാങ്കിന്റെ പണമുപയോഗിച്ചാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വളങ്ങളും വിത്തുകളും നല്‍കുന്നത്.

ബാങ്കിന് കീഴില്‍ സംഘടിപ്പിച്ച ഞാറ്റുവേല ആഘോഷങ്ങള്‍ക്കെത്തിയ എല്ലാവര്‍ക്കും പയര്‍ വിത്ത് സമ്മാനമായി നല്‍കിയിരുന്നു. കൂടാതെ കര്‍ഷകര്‍ക്ക് എലിയെ പിടിക്കാനുള്ള കെണി, ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ കറക്കാനുള്ള പാത്രങ്ങള്‍, 300 കേര കര്‍ഷകര്‍ക്ക് തേങ്ങ പൊതിക്കുന്ന യന്ത്രം എന്നിവ നല്‍കി. ഞാറ്റുവേലയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ബാങ്കിന് കീഴില്‍ നടന്നത്. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കറവക്കാര്‍, തെങ്ങുകയറ്റ തൊഴിലാളികള്‍ എന്നിവര്‍ക്ക് മുണ്ടും ഷര്‍ട്ടും നല്‍കി. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് ബാങ്ക് നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള വായ്പ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.

കൃഷി വകുപ്പുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് പഠനയാത്രകളും പഠനക്ലാസുകളും ഉണ്ട്. കൃഷി ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പഠനക്ലാസുകള്‍ നയിക്കുന്നത്. സബ്‌സിഡിയായി കര്‍ഷകര്‍ക്ക് വിവിധയിനത്തില്‍ ഈ വര്‍ഷം 50 ലക്ഷത്തോളം രൂപയാണ് ബാങ്ക് നല്‍കിയത്. ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും ബാങ്കില്‍ കാര്‍ഷിക മേളകള്‍ സംഘടിപ്പിച്ചു വരുന്നു. കര്‍ഷകമിത്ര പദ്ധതിയിലൂടെ ബാങ്ക് അംഗങ്ങളായ കര്‍ഷകര്‍ക്ക് ജാതി, തെങ്ങ് എന്നീ കൃഷികള്‍ക്ക് മൂന്ന് കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, മൂന്നു കിലോഗ്രാം എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയും ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റയും 75 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. വളം, വിത്ത്, ചാണകപ്പൊടി, ചെട്ടി വട്ടി എന്നിവയും വാഴ, ചേമ്പ്, ചേന, മാവ്, പ്ലാവ് തൈകള്‍ തുടങ്ങിയവയും കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നു. ഓണത്തോടനുബന്ധിച്ച് വിവിധയിനം കന്നുകാലി വളര്‍ത്തു മൃഗങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. മാതൃകാ കര്‍ഷകര്‍ക്ക് അവാര്‍ഡും നല്‍കും.

കൂടാതെ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ലാബില്‍ എല്ലാവിധ പരിശോധനകള്‍ക്കും 50 ശതമാനം സബ്‌സിഡി നിരക്കിലാണ് അംഗങ്ങള്‍ക്ക് സേവനം ലഭ്യമാകുന്നത്. സാന്ത്വനം പദ്ധതിയിലൂടെ വിധവകളായ അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സബ്‌സിഡി നിരക്കില്‍ അരി വിതരണവും അംഗങ്ങള്‍ക്ക് നല്‍കുന്നു.

Leave a Reply

Your email address will not be published.

Latest News