ജെം ഓണ്‍ലൈന്‍ വിപണി എട്ടര ലക്ഷം സംഘങ്ങള്‍ക്ക് പ്രയോജനപ്പെടും

Deepthi Vipin lal

സര്‍ക്കാരിനാവശ്യമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ജെം ( GeM – Government e Marketplace ) എന്ന ഓണ്‍ലൈന്‍ വിപണിയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും സംഭരണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്തെ എട്ടര ലക്ഷം സഹകരണ സ്ഥാപനങ്ങള്‍ക്കു ഇ വിപണിയുടെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണു കേന്ദ്ര ഓണ്‍ലൈന്‍ വിപണി സഹകരണ സംഘങ്ങള്‍ക്കും തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

സഹകരണ സ്ഥാപനങ്ങള്‍ക്കു ജെം വഴി ഇനി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാനാകും. സംഘങ്ങളിലെ 27 കോടി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണു പ്രതീക്ഷ. ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്കു സഹകരണ സംഘങ്ങള്‍ക്കു വാങ്ങാനാകും. ഇതിനായി ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി.

2016 ജനുവരിയില്‍ സെക്രട്ടറിമാരുടെ രണ്ടു ഗ്രൂപ്പുകള്‍ നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണു ഇ മാര്‍ക്കറ്റ് പ്ലേസ് പ്രാവര്‍ത്തികമായത്. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഒരു ഇ വിപണി ഏര്‍പ്പെടുത്തേണ്ടതാണ് എന്നായിരുന്നു ഈ ഗ്രൂപ്പുകളുടെ ശുപാര്‍ശ. 2016-17 ലെ കേന്ദ്ര ബജറ്റില്‍ ഇ വിപണിയുടെ പ്രഖ്യാപനമുണ്ടായി. ഇതേത്തുടര്‍ന്നു 2016 ആഗസ്റ്റ് ഒമ്പതിനു കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാനും വില്‍ക്കാനുമായി GeM ( Government e-Marketplace ) സ്ഥാപിച്ചു. ഇപ്പോള്‍ 7400 ലധികം ഉല്‍പ്പന്നങ്ങള്‍ ജെം പോര്‍ട്ടലില്‍ കിട്ടും. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കാണു കേന്ദ്ര ഓണ്‍ലൈന്‍ വിപണിയില്‍ ഇതുവരെ സംഭരണം അനുവദിച്ചിരുന്നത്.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഏറെ ഗുണകരമാണ് ഇ മാര്‍ക്കറ്റ്. ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശദവിവരങ്ങളുള്ള പോര്‍ട്ടലില്‍നിന്നു വാങ്ങുന്നവര്‍ക്കു ഉല്‍പ്പന്നങ്ങളുടെ താരതമ്യവും സെലക്ഷനും നടത്താം. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാം. ഇടപാടുകള്‍ വളരെ സുതാര്യമാണ്. ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും പെയ്‌മെന്റിനും ഉപയോഗിക്കാനെളുപ്പമായ ഡാഷ് ബോര്‍ഡുകള്‍ ലഭ്യമാണ്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും നേരിട്ടുള്ള പ്രവേശനം സാധ്യമാണ്. പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കിട്ടും. വാങ്ങാനുള്ള നടപടിക്രമങ്ങള്‍ സ്ഥിരവും ഏകീകൃതവുമായിരിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!