ജൂനിയര്‍ ഓഡിറ്റര്‍ റാണി സുന്ദറിന് ‘അവള്‍റാണി’ ഇറക്കാം; സര്‍ക്കാരിനെ വിമര്‍ശിക്കാതെ
സഹകരണ വകുപ്പിലെ ജൂനിയര്‍ ഓഡിറ്ററായ റാണി സുന്ദറിന് അവരുടെ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി. ‘അവള്‍ റാണി’ എന്ന പേരിലുള്ള കവിതയും അതേപേരിലുള്ള കവിതാസമാഹാരവും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് റാണി സുന്ദര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സഹകരണ ഓഡിറ്റ് ഡയരക്ടറേറ്റിലെ ജൂനിയര്‍ ഓഡിറ്ററാണ് റാണി.
കവിതകളില്‍ ദേശവിരുദ്ധമായതോ സര്‍ക്കാരിന്റെ നയങ്ങളെയോ താല്‍പര്യങ്ങളെയോ വിമര്‍ശിക്കുന്നതോ ആയ ഉള്ളടക്കമുണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് രജിസ്ട്രാര്‍ പരിശോധിക്കണം. അതിന്ശേഷം രജിസ്ട്രാര്‍ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും പുറത്ത് അഭിപ്രായപ്രകടനം നടത്തുന്നതിനും സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് സര്‍വീസ് ചട്ടം. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിച്ചതിന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.