ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ദേശീയതലത്തില്‍ പുതിയ സംഘടന വരുന്നു
ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ ( DCCB ) ഭിന്നിപ്പ് സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പുതിയ സംഘടന രൂപവത്കരിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയിലെ ഏതാനും ജില്ലാ ബാങ്ക് സാരഥികള്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. സത്താറ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ശ്രീമന്ദ് രാംരാജെ നായിക്കാണു പുതിയ ദേശീയ ഫെഡറേഷന്റെ മുഖ്യ പ്രൊമോട്ടര്‍. സഹകാര്‍ഭാരതി സ്ഥാപകാംഗം സതീഷ് മറാത്തെയാണു സംഘടനയുടെ ഉപദേഷ്ടാവ്. പുണെയില്‍ യോഗം ചേര്‍ന്ന സഹകാരികള്‍ സംഘടനയുടെ നിയമാവലി, ആസ്ഥാനം, അംഗത്വം, രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായി വരുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമ ( MSCS Act ) പ്രകാരം രൂപവത്കരിക്കുന്ന സംഘടന ഏപ്രിലില്‍ രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കും. മുംബൈയിലായിരിക്കും സംഘടനയുടെ ആസ്ഥാനം. പതിനെട്ട് ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സതീഷ് മറാത്തെക്കു പുറമേ സഹകാര്‍ഭാരതിയുടെ ദേശീയ സെക്രട്ടറി ഉദയ് ജോഷിയും പങ്കെടുത്തു. രാജ്യത്തെ ജില്ലാ സഹകരണ ബാങ്ക് പ്രതിനിധികളുടെ ദേശീയ സമ്മേളനം റായ്ഗഡിലെ അലിബാഗില്‍ മേയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ NAFSCOB, NAFCUB എന്നീ ദേശീയ സംഘടനകളുണ്ടെങ്കിലും ജില്ലാ സഹകരണ ബാങ്കുകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സംഘടനയില്ലെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ദേശീയതലത്തില്‍ NAFCDOB പോലൊരു സംഘടന ഇപ്പോള്‍ അനിവാര്യമായിത്തീര്ന്നിരിക്കു
അതേസമയം, നിലവിലുള്ള NAFSCOB ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ലിമിറ്റഡ് ) നേതൃത്വം പുതിയ സംഘടന വരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കുമാത്രമായി ഒരു പുതിയ ഫെഡറേഷന്‍ രൂപവത്കരിക്കുക എന്ന ആശയം അസ്വീകാര്യമാണെന്നു NAFSCOB ചെയര്‍മാന്‍ രവീന്ദര്‍ റാവു പറഞ്ഞു. കാരണം, ഗ്രാമീണ സഹകരണ ബാങ്കിങ് ഘടനയെ ശക്തിപ്പെടുത്താനാണു NAFSCOB പ്രവര്‍ത്തിക്കുന്നതെന്നു റാവു ചൂണ്ടിക്കാട്ടി.
സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1964 മെയ് 19 നാണു NAFSCOB രൂപവത്കരിക്കപ്പെട്ടത്. രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും വായ്പാ സംഘങ്ങളുടെയും അപക്‌സ് സംഘടനയാണു NAFCUB.