ചെലവ് ചുരുക്കുന്നു; കേരളാബാങ്കും പ്രതിസന്ധിയില്‍

[email protected]

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കടുത്ത ചെലവുചുരുക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. എല്ലാവകുപ്പിലും സാമ്പത്തിക അച്ചടക്കം പാലിച്ച് വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് സഹകരണ വകുപ്പിനെയും ബാധിക്കും. പ്രധാനമായും കേരളബാങ്ക് രൂപവത്കരണത്തെ. .

നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തിലായ ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിലുള്ള ആശങ്കയാണ് റിസര്‍വ് ബാങ്ക് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് ഓണത്തിന് മുമ്പ് കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയതും. എന്നാല്‍, സഹകരണ മന്ത്രി നേരിട്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന ഉറപ്പാണ് റിസര്‍വ് ബാങ്കിന് നല്‍കിയത്. പ്രളയത്തിന് ശേഷം കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ കേരളബാങ്കിനായി വലിയൊരുതുക സര്‍ക്കാരിന് മാറ്റിവെക്കാനാകില്ല.

എല്ലാവകുപ്പിലെയും അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റും. അവശ്യ പദ്ധതികള്‍ രണ്ടാഴ്ചക്കകം അറിയിക്കാന്‍ വകുപ്പുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശ ഭരണം, കൃഷി വകുപ്പുകളുടെ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. പൊതുമരാമത്ത് പണികള്‍ക്കും കൂടുതല്‍ പണം നല്‍കേണ്ടിവരും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. പ്രാധാന്യമനുസരിച്ച് മാത്രമായിരിക്കും നിയമനം നടത്തുക. ആശുപത്രികളിലെയും സ്‌കൂളുകളിലെയും നിയമനം നടത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 20000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു. കേന്ദ്രം വായ്പാ പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.

Leave a Reply

Your email address will not be published.