ചാലിയാര്‍ തീരത്തെ രാമനാട്ടുകര ബാങ്ക് നൂറിലെത്തി

- യു.പി. അബ്ദുള്‍ മജീദ്

1922 ല്‍ ഐക്യനാണയ സംഘമായി ആരംഭിച്ച കോഴിക്കോട്ടെ
രാമനാട്ടുകര സഹകരണ ബാങ്കിനു ഇന്നു41,378 അംഗങ്ങളുണ്ട്.
ഏഴു ശാഖകളിലായി 53 സ്ഥിരം ജീവനക്കാരുള്ള ബാങ്കിനു
318 കോടി രൂപ നിക്ഷേപമുണ്ട്. നഗരവല്‍ക്കരണം നടക്കുന്ന
രാമനാട്ടുകരയില്‍ കാര്‍ഷിക മേഖലയുടെ പ്രാധാന്യം
നഷ്ടപ്പെടാതിരിക്കാനുളള ശ്രമങ്ങള്‍ക്കു മുന്നില്‍
നില്‍ക്കുന്നതു രാമനാട്ടുകര ബാങ്കാണ്.

നഗരത്തോടു ചേര്‍ന്നുകിടക്കുമ്പോഴും നാട്ടുമ്പുറത്തിന്റെ നന്മകള്‍ നിലനിര്‍ത്തുന്ന പ്രദേശമാണു രാമനാട്ടുകര. ചാലിയാറിന്റെ കൈവഴിയായി രാവണാറ് എന്ന പുഴയൊഴുകി കടലുണ്ടിപ്പുഴയില്‍ ചേര്‍ന്നിരുന്നു എന്നും രാവണാറിന്റെ കര രാവണാട്ടുകരയും പിന്നീടു രാമനാട്ടുകരയും ആയെന്നും സ്ഥലനാമപുരാണം. ഇവിടെ ബലിപ്രം കേന്ദ്രമായി ആരംഭിച്ച ഐക്യനാണയ സംഘമാണു പിന്നീട് സഹകരണ സംഘവും രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്കുമായി വളര്‍ന്നുപന്തലിച്ചത്. കാര്‍ഷികകേരളത്തിന്റെ തനിപ്പകര്‍പ്പായിരുന്നു കടുങ്ങോന്‍ചിറ എന്നറിയപ്പെട്ടിരുന്ന രാമനാട്ടുകര. വിശാലമായ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പച്ചപ്പ് മായാത്ത കുന്നുകളും നിറഞ്ഞ പ്രദേശത്തു കൃഷിക്കാരെക്കാള്‍ കൂടുതല്‍ പരമ്പരാഗത കൈത്തൊഴിലുകാരായിരുന്നു. തൊണ്ടു തല്ലിയും ചൂടി പിരിച്ചും പായ നെയ്തും മണ്‍പാത്രം നിര്‍മിച്ചും ഉപജീവനത്തിനു വക കണ്ടെത്തുന്നവര്‍ക്കു പുറമെ ഇഷ്ടികക്കളങ്ങളിലും ഓട്ടുകമ്പനികളിലും തൊഴിലെടുക്കുന്നവര്‍ ഏറെയുള്ള പ്രദേശം. 1950 ല്‍ ഇവിടെ ആരംഭിച്ച സേവാമന്ദിരം ഭൂദാനപ്രസ്ഥാനത്തിന്റെ ആസ്ഥാനമായി മാറിയതും ആചാര്യ വിനോബ ഭാവെയുടെ സന്ദര്‍ശനവും ചരിത്രത്തിന്റെ ഭാഗമാണ്.

വിദ്യാഭ്യാസ -സംസ്‌കാരിക രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ പ്രദേശത്തു പരസ്പരസഹായത്തിന്റെ പ്രതീകമായി വളര്‍ന്ന സ്ഥാപനമാണു രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്ക്. ദേശീയ സ്വാതന്ത്യ പ്രസ്ഥാനം ശക്തി പ്രാപിച്ചുവന്ന കാലത്തു ഗ്രാമങ്ങളിലെ കൂട്ടായ്മയുടെ ഭാഗമായി 1922 ല്‍ ആരംഭിച്ച ബലിപ്രം ഐക്യനാണയ സംഘമാണു രാമനാട്ടുകരയിലെ ആദ്യസഹകരണ സ്ഥാപനം. ഐക്യനാണയ സംഘം പിന്നീട് സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കി ബലിപ്രം സഹകരണ സംഘമായും 1975 ല്‍ ബലിപ്രം സഹകരണ ബാങ്കായും മാറി. 1979 ലാണു രാമനാട്ടുകര പഞ്ചായത്ത് പ്രവര്‍ത്തനപരിധിയായി രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് എന്നു പുനര്‍നാമകരണം ചെയ്തത്.

പ്രവര്‍ത്തനമൂലധനം
325 കോടി

ബാങ്കിങ്‌മേഖലയിലും ബാങ്കിങ് ഇതര മേഖലയിലും വലിയ മുന്നേറ്റം നടത്തിയ രാമനാട്ടുകര സഹകരണ ബാങ്ക് കൃഷിയും കച്ചവടവും കോര്‍ത്തിണക്കിയും ജനകീയ സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയും സേവനരംഗത്തു മികവ് തെളിയിച്ചും കോഴിക്കോട് ജില്ലയിലെ പ്രമുഖ
ബാങ്കുകളുടെ പട്ടികയില്‍ എത്തിക്കഴിഞ്ഞു. 41,378 അംഗങ്ങളുള്ള ബാങ്കിന്റെ പ്രവര്‍ത്തനമൂലധനം 325 കോടി രൂപയാണ്. 318 കോടിരൂപ നിക്ഷേപവും 221 കോടി രൂപ വായ്പയുമുളള രാമനാട്ടുകര സഹകരണ ബാങ്കിന്റെ ഏഴ് ശാഖകളിലായി 53 സ്ഥിരം ജീവനക്കാരും
15 കലക്ഷന്‍ ഏജന്റുമാരും 17 കരാര്‍ ജീവനക്കാരുമുണ്ട്.

ആധുനിക ബാങ്കിങ് രംഗത്തുണ്ടായ എല്ലാ മാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് നടപ്പാക്കിയ ആധുനികീകരണ പദ്ധതികള്‍ മാതൃകാപരമാണ്. കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയിലുളള രാമനാട്ടുകരയിലെ സ്വകാര്യ, ദേശസാല്‍കൃത ബാങ്ക് ശാഖകളില്‍ നിന്നു കടുത്ത മത്സരം നേരിടുമ്പോഴും ഇടപാടുകാരെ ഒപ്പം നിര്‍ത്താന്‍ സഹകരണ ബാങ്കിനു കഴിയുന്നതു നൂതന ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുന്നതുകൊണ്ടാണ്. ഇടപാടുകാരോട് പെരുമാറുന്നതില്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കുകയും പ്രൊഫഷണല്‍ രീതികള്‍ എല്ലാ തലത്തിലും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കാര്‍ഷികവായ്പകള്‍ ഏറ്റവും കുറഞ്ഞ പലിശയില്‍ ലഭ്യമാക്കുന്നതിനു പുറമെ കാര്‍ഷികേതര വായ്പകളുടെ കാര്യത്തിലും സാധാരണക്കാരുടെആവശ്യങ്ങള്‍ക്കു ബാങ്ക് പരിഗണന നല്‍കുന്നുണ്ട്. വായ്പാ തിരിച്ചടവില്‍ മികച്ചുനില്‍ക്കുന്ന ബാങ്കുകളിലൊന്നാണു രാമനാട്ടുകര ബാങ്ക്. വായ്പ നല്‍കുന്നതിനു മുമ്പുതന്നെ അപേക്ഷകരുടെ യോഗം വിളിച്ച് തിരിച്ചടവു നിബന്ധനകള്‍ വിശദീകരിക്കുന്ന രീതിയുണ്ട്. തിരിച്ചടവ് കൃത്യമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കുകയും സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഡയറക്ടര്‍മാരും ജീവനക്കാരും ഫീല്‍ഡിലിറങ്ങി കുടിശ്ശികനിവാരണത്തിലും നിക്ഷേപ സമാഹരണത്തിലും പങ്കാളിത്തം വഹിക്കുന്നു.

കാര്‍ഷികമേഖലയ്ക്കും
പ്രാധാന്യം

ത്വരിതഗതിയില്‍ നഗരവത്കരണം നടക്കുന്ന രാമനാട്ടുകരയില്‍ കാര്‍ഷികമേഖലയുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനുളള ശ്രമങ്ങള്‍ക്കു
ചുക്കാന്‍ പിടിക്കുന്നതും രാമനാട്ടുകര സഹകരണ ബാങ്കാണ്. കൃഷിക്കാര്‍ക്ക് ഉപകരണങ്ങളും നടീല്‍വസ്തുക്കളും ലഭ്യമാക്കാന്‍ ബാങ്ക്
കാര്‍ഷിക വിപണന സേവനകേന്ദം ആരംഭിച്ചിട്ടുണ്ട്. വളം ഡിപ്പോ വഴി മികച്ച വളങ്ങള്‍ ന്യായവിലക്കു നല്‍കുന്നു. ജൈവക്കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനു ബാങ്ക് വര്‍ഷംതോറും സ്വന്തമായി കൃഷിയിറക്കി പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്. നെല്‍ക്കൃഷിയും നടത്തുന്നുണ്ട്. ഉപഭോക്തൃസേവന രംഗത്തു സജീവമായി ഇടപെടുന്ന ബാങ്ക് മാവേലി സ്റ്റോര്‍, റേഷന്‍ ഷോപ്പ് തുടങ്ങിയവ നടത്തുന്നുണ്ട്. ഓണച്ചന്ത, ക്രിസ്മസ് ചന്ത തുടങ്ങിയവ മികച്ച രീതിയില്‍ സംഘടിപ്പിക്കാറുണ്ട്. നീതി മെഡിക്കല്‍ ലാബ് ആരംഭിച്ചതോടെ ആരോഗ്യമേഖലയിലേക്കും ശ്രദ്ധ തിരിക്കാനായി. ഈ രംഗത്തു കൂടുതല്‍ പണം മുടക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ ലാബ് തുറക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചതിനു പുറമെ 53.35 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയും ചെയ്തു. ബാങ്കിന്റെ കീഴില്‍ കമ്യൂണിറ്റി കിച്ചണ്‍ തുറന്നു രോഗികള്‍ക്കു ഭക്ഷണം എത്തിച്ചുകൊടുത്തു. നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലേക്കു മരുന്നുകളും ഉപകരണങ്ങളും നല്‍കി. വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകളും മറ്റും നല്‍കി വിദ്യാഭ്യാസമേഖലയിലും പങ്കാളിത്തം വഹിച്ചു. ബാങ്കംഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികളും നല്ലനിലയില്‍
നടപ്പാക്കുന്നുണ്ട്.

ബാങ്കിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ ഉടമസ്ഥതയിലുളള ഒരേക്കര്‍ സ്ഥലത്തു
കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നുണ്ട്. മാവേലിസ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റാക്കി മാറ്റാനുള്ള പണികളും ഹെഡ് ഓഫീസ് നവീകരണ
പ്രവര്‍ത്തനവും പുരോഗമിക്കുന്നു. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി വായ്പാ കുടിശ്ശികക്കാര്‍ക്കു വലിയ ആശ്വാസ നടപടികളുംപ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമുഖ സഹകാരിയും പൊതുപ്രവര്‍ത്തകനുമായ വിജയന്‍. പി. മേനോനാണു ബാങ്കിന്റെ ചെയര്‍മാന്‍. ഐ.ടി. ബാലസുബ്രഹ്മണ്യന്‍ വൈസ്
ചെയര്‍മാനാണ്. കെ. ഗംഗാധരന്‍, കെ. ചന്ദ്രദാസന്‍, പി. സ്വര്‍ണമണി, പി.എം. ബീന, പി.പി. മുഹമ്മദാലി, എന്‍. രാജേഷ് കുമാര്‍, വി. സുജിത,
എ. ദീപേഷ്, എ.പി. ജലീല്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. എം.ഹരിദാസനാണു ജനറല്‍ മാനേജര്‍.

 

Leave a Reply

Your email address will not be published.