ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കാന്‍ വാംനികോം ഐ.സി.എ.യുമായി കൈകോര്‍ക്കുന്നു

Deepthi Vipin lal

ഗ്രാമീണരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പുണെയിലെ വാംനികോം ( വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് – VAMNICOM ) അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ. ) വുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ഗ്രാമീണ വനിതകളുടെ ശാക്തീകരണം എന്ന പരിശീലന പരിപാടിയുടെ ആദ്യഘട്ടം വിജയകരമായി സംഘടിപ്പിച്ചു.

കാര്‍ഷിക ബിസിനസ്സിലും സംരംഭകത്വത്തിലും വനിതകള്‍ നേതൃത്വപരമായ പങ്ക് വഹിക്കുക, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാര്‍ഷിക ബിസിനസ്സില്‍ കൂടുതല്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിത്തത്തിനും വനിതകളുടെ ബിസിനസ്സ് മാനേജുമെന്റ് കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ളതാണു പരിശീലന പരിപാടി. വാംനികോം ഡയറക്ടര്‍ ഡോ. ഹേമ യാദവിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യയിലുടനീളമുള്ള പ്രമുഖ വനിതാ കൂട്ടായ്മകളും സ്വാശ്രയ ഗ്രൂപ്പുകളും എഫ്.പി.ഒ.കളും പങ്കെടുത്ത 16 സെഷനുകളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നത്. വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ, ബില്‍ ഗേറ്റ്സ് മെലിന്‍ഡ ഫൗണ്ടേഷന്‍, ജയ്പൂര്‍ റഗ്സ് ഫൗണ്ടേഷന്‍, സേവ, മഞ്ജരി ഫൗണ്ടേഷന്‍, മന്‍ ദേശി, കുടുംബശ്രീ, ബാക്ക് ടു വില്ലേജ് ഓര്‍ഗനൈസേഷന്‍, ടിലോണിയ ബെയര്‍ഫൂട്ട്, കസ്തൂരി ഫൗണ്ടേഷന്‍, സമൃദ്ധി വുമണ്‍ എഫ.്പി.ഒ. തുടങ്ങിയ പ്രമുഖ സംഘടനകളില്‍ നിന്നായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രഭാഷകര്‍ ഓരോ സെഷനുകള്‍ കൈകാര്യം ചെയ്തു. ഗ്രാമീണ വനിതകള്‍ക്കായുള്ള സംഘടനകളുടെ വിപുലമായ പ്രവര്‍ത്തനങ്ങളും അവരെ ഉയര്‍ത്താനായി താഴേത്തട്ടില്‍ സ്വീകരിച്ച വിവിധ ബിസിനസ്സ് മോഡലുകളും സെഷനുകളില്‍ എടുത്തുകാണിച്ചു. ബിസിനസ്സ് സമ്പ്രദായങ്ങളും നേതൃത്വ പരിശീലനവും സ്വീകരിച്ച സ്ത്രീകളുടെ വീഡിയോ ഡോക്യുമെന്ററികളും സമൂഹ കഥകളും പ്രഭാഷകര്‍ പങ്കുവെച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഭാഷകരുടെയും സംഘടനകളുടെയും പങ്കാളിത്തം രാജ്യത്തുടനീളമുള്ള വ്യത്യസ്ത പ്രവര്‍ത്തന മാതൃകകളിലേക്കും നൈപുണ്യ വികസന പരിപാടികളിലേക്കും ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് സഹായകമായി. സഹകരണ കാര്‍ഷിക മേഖലയെ പ്രതിനിധീകരിച്ച് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 13 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!