ഗുജറാത്തില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സഹകാരികള്‍ക്ക്
ബി.ജെ.പി. വന്‍ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയ ഗുജറാത്തില്‍ ഇക്കുറി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ അലങ്കരിക്കുക പ്രമുഖ സഹകാരികളായിരിക്കും. ബനാസ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം ചെയര്‍മാന്‍ ശങ്കര്‍ ഭായ് ചൗധരിയായിരിക്കും പുതിയ നിയമസഭാ സ്പീക്കര്‍. പഞ്ചമഹാല്‍ ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്‍മാനായ ജീത്താഭായ് ഭര്‍വാഡായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍. ഇവരുടെ പേരുകള്‍ പാര്‍ട്ടി അംഗീകരിച്ചുകഴിഞ്ഞു. ഡിസംബര്‍ ഇരുപതിനാണു പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുക.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പതു പ്രമുഖ സഹകാരികളാണു ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ചത്. ഇവരില്‍ ഒരാളൊഴികെ എട്ടുപേരും വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താരാഡ് മണ്ഡലത്തില്‍നിന്നാണു ശങ്കര്‍ഭായ് ചൗധരി 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചത്. ഡെപ്യൂട്ടി സ്പീക്കറാകുന്ന ജീത്താഭായ് ഭെര്‍വാദഡ് ഷെഹ്‌റാ മണ്ഡലത്തില്‍നിന്നാണു ജയിച്ചത്.