ക്ഷേമപെന്‍ഷന്‍ വിതരണം; ഒമ്പത് മാസമായി സംഘങ്ങള്‍ക്ക് കമ്മീഷന്‍ കുടിശ്ശിക

[email protected]

ഓണത്തിന് മുമ്പ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടി തുടങ്ങി. രണ്ടുമാസത്തെ പെന്‍ഷനാണ് സഹകരണ സംഘങ്ങളിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത്. പെന്‍ഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 3000 കോടി കടമെടുത്തിട്ടുണ്ട്. ഈ ജനക്ഷേമനിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപ പിരവുകാരുടെ സ്ഥിതി അത്ര ക്ഷേമത്തിലല്ല. പെന്‍ഷന്‍ വിതരണം ചെയ്തവകയില്‍ ഒമ്പതുമാസത്തെ കമ്മീഷനാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

സംസ്ഥാനത്തൊട്ടാകെ ഏഴായിരത്തോളം ആളുകള്‍ക്കാണ് കമ്മിഷന്‍ കിട്ടാനുള്ളത്. ഇതില്‍ കളക്ഷന്‍ ഏജന്റുമാരും ബാങ്ക് ജീവനക്കാരുമുണ്ട്. കോവിഡ് പ്രത്യേക ധനസഹായം ദുര്‍ബലവിഭാഗങ്ങള്‍ക്ക് വിതരണംചെയ്തയിനത്തില്‍ ഇവര്‍ക്ക് വാഗ്ദാനംചെയ്ത കമ്മിഷനും ഇതേവരെ കൊടുത്തിട്ടില്ല. ലോക്ഡൗണ്‍സമയത്ത് ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ വീടുകളില്‍ ആശ്വാസധനം എത്തിച്ചത്. പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയുള്ള സംഘങ്ങളില്‍ കുറഞ്ഞത് മൂന്നുപേരെങ്കിലും ഇത് വീട്ടിലെത്തിച്ച് നല്‍കുന്നവരായിട്ടുണ്ട്.

40 രൂപയാണ് ഒരു ഗുണഭോക്താവിന് പെന്‍ഷന്‍ കൊടുക്കുമ്പോള്‍ ലഭിക്കുന്ന കമ്മിഷന്‍. ഓരോ വാര്‍ഡിലും ശരാശരി 150 പേര്‍വരെയാണ് പെന്‍ഷന് അര്‍ഹതയുള്ളവര്‍. ഇത്രയും വീടുകയറി പെന്‍ഷന്‍ കൊടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് ഏജന്റുമാരുടേത്. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് കമ്മീഷന്‍ തുക പ്രത്യേകമായാണ് സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. ഇത് സംഘങ്ങള്‍ക്കാണ് നല്‍കുക. സാമ്പത്തികപ്രയാസം കാരണം പണം വൈകുന്നുവെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിന് മുമ്പുതന്നെ സംഘങ്ങള്‍ക്ക് ഈ തുക പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്ക് നല്‍കുന്നതില്‍ തടസ്സമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കമ്മീഷന്‍ എത്രയാണെന്ന് നേരത്തെ നിശ്ചയിച്ചതിനാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകില്ലെന്നും വിശദീകരിക്കുന്നു.

ഇത്തരത്തില്‍ അഡ്വാന്‍സായി സംഘങ്ങള്‍ക്ക് പണം അനുവദിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കിയിട്ടില്ല. അതിനാല്‍, തുക അനുവദിച്ചാല്‍ അത് ഓഡിറ്റില്‍ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുമെന്നതാണ് സംഘങ്ങളുടെ ആശങ്ക. പെന്‍ഷന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുമ്പോഴും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതിലൂടെ അവര്‍ നേരിടുന്നുണ്ട്. പെന്‍ഷന്‍ വിതരണം ചെയ്യാത്ത തുകയ്ക്ക് സംഘങ്ങള്‍ പലിശ നല്‍കണമെന്ന വ്യവസ്ഥ പോലും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ചവരുത്തിയ സഹകരണ സംഘങ്ങളുടെ നീണ്ട പട്ടിക കഴിഞ്ഞ നിയമസഭയില്‍ മന്ത്രി നല്‍കിയിട്ടുണ്ട്. അസുഖം കാരണം ആശുപത്രിയിലുള്ള പെന്‍ഷന്‍കാരന്റെ പെന്‍ഷന്‍തുക നല്‍കാന്‍ വൈകിയതുവരെയാണ് സംഘങ്ങളുടെ കുറ്റമായി മാറുന്നത്. ഇതൊക്കെ നേരിടുന്നതിനൊപ്പമാണ് കമ്മീഷന്‍ തുകപോലും കുടിശ്ശികയായി മാറുന്നത്.

Leave a Reply

Your email address will not be published.

Latest News