ക്ഷീര സഹകരണ സാഗര സ്രഷ്ടാവ് – 2

moonamvazhi

ധവള വിപ്ലവ നായകന്‍

 

വി.എന്‍. പ്രസന്നന്‍

 

( കഴിഞ്ഞ ലക്കം തുടര്‍ച്ച )

അമുല്‍ എന്ന സഹകരണ മാതൃക വളര്‍ത്തിയെടുത്ത ഡോ. വര്‍ഗീസ് കുര്യന്റെ ജന്മ-ശതാബ്ദി വര്‍ഷമാണിത്. I too had a dream എന്ന ആത്മകഥയില്‍ കുര്യന്റെയും കുടുംബത്തിന്റെയും ജീവിതകഥയില്ല. പകരം, അമുല്‍ എന്ന ലോകോത്തര ബാ്രന്‍ഡിന്റെ വിജയകഥയാണുള്ളത്. പുസ്തകാവലോകനത്തിന്റെ അവസാന ഭാഗം.

ധവള വിപ്ലവത്തിന്റെ ആശയം എങ്ങനെയുണ്ടായി എന്നു ഡോ. വര്‍ഗീസ് കുര്യന്റെ വാക്കുകളില്‍ത്തന്നെ വിവരിക്കാം: ‘ വികസ്വര രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നു ജനങ്ങള്‍ക്കു ഒരധികാരവും ഇല്ലെന്നതാണ്. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഡെയറികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കില്ലെന്നു വ്യക്തമായിരുന്നു – പ്രത്യേകിച്ച് സംസ്ഥാനത്തെ സ്രോതസ്സുകളില്‍നിന്നു തുക അനുവദിക്കേണ്ടിവരും എന്നു കരുതിയ സാഹചര്യത്തില്‍. അപ്പോള്‍ കൂടുതല്‍ ആനന്ദുകള്‍ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെങ്കില്‍ സ്വന്തം ഫണ്ട് വേണമെന്ന നിഗമനത്തില്‍ ഞാനെത്തി. അങ്ങനെയാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അടുത്തുപോയി എനിക്കു പറയാമല്ലോ ‘നിങ്ങളുടെ സംസ്ഥാനത്ത് ഒരു ആനന്ദ് സൃഷ്ടിക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അഞ്ചു കോടി രൂപ തരാം. പക്ഷേ, ഒരു വ്യവസ്ഥ – ഗ്രാമീണ സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും സഹകരണ സംവിധാനങ്ങളിലൂടെയാണു പാല്‍ ശേഖരിക്കപ്പെടുന്നതെന്നു ഉറപ്പു വരുത്തുകയും വേണം. അതായത്, ക്ഷീര കര്‍ഷകര്‍ക്കായി ഡെയറി സംഘടിപ്പിക്കുകയും കര്‍ഷകര്‍ ഡെയറിയുടെ ഉടമസ്ഥരാകുന്നവിധത്തില്‍ യഥാര്‍ഥ കര്‍ഷകരുടെതായ സഹകരണ സംഘം സ്ഥാപിക്കുകയും വേണം. ധവള വിപ്ലവത്തിന്റെ വിത്തുകള്‍ എന്റെ മനസ്സില്‍ മുളപൊട്ടിത്തുടങ്ങി.’

ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ വിദഗ്ധനായ മൈക്കേല്‍ ഹാല്‍സിന്റെ സഹായത്തോടെ കുര്യന്‍ പദ്ധതിനിര്‍ദേശം തയാറാക്കി. വികസിത രാജ്യങ്ങളില്‍ അക്കാലത്തു ക്ഷീരോല്‍പ്പന്ന മേഖലയിലുണ്ടായ അമിതോല്‍പ്പാദനവും കുര്യന്‍ പ്രയോജനപ്പെടുത്തി. അവര്‍ സംഭാവന ചെയ്ത ക്ഷീരോല്‍പ്പന്നങ്ങളില്‍നിന്നുള്ള വരുമാനം ഇവിടെ ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള കന്നുകാലികളുടെ സംരക്ഷണത്തിനും മറ്റുമായി പ്രയോജനപ്പെടുത്തി. ജീവകാരുണ്യ സഹായത്തിനു പിന്നിലെ രാഷ്ട്രീയം ഇവിടെ വ്യക്തമാകുന്നുണ്ട്. അമിതോല്‍പ്പാദനത്തിലൂടെയുള്ള ഉല്‍പ്പന്നങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കു ജീവകാരുണ്യ സഹായമായി നല്‍കി പിന്നീട് അത്തരം ഉല്‍പ്പന്നങ്ങളുടെമേല്‍ ആശ്രിതത്വം വളര്‍ത്തിയെടുത്ത് അവിടങ്ങളിലെ വിപണി പിടിച്ചെടുക്കുക എന്ന തന്ത്രം വികസിത രാജ്യങ്ങളുടെ സഹായങ്ങള്‍ക്കു പിന്നിലൂണ്ട്. കുര്യനാകട്ടെ ഇത്തരം സഹായം ഇവിടത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇവിടത്തെ വിപണി കൂടുതല്‍ കൂടുതലായി സ്വകാര്യ വ്യാപാരികളില്‍നിന്നു പിടിച്ചെടുക്കാനും പ്രയോജനപ്പെടുത്തി.

ശതകോടി ലിറ്റര്‍ ആശയം

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടിയുടെ ( World Food Programme – WFP ) അംഗീകാരത്തിനായി ഇന്ത്യ പദ്ധതി സമര്‍പ്പിച്ചു. ഈ പദ്ധതി സ്ഥലപ്പേരുകള്‍ മാത്രം മാറ്റി കോപ്പിയടിച്ച് ഡബ്ലിയു.എഫ്.പി.യുടെ സഹായം കരസ്ഥമാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ച കഥ കുര്യന്റെ ആത്മകഥയിലുണ്ട്. യൂറോപ്പില്‍നിന്നുള്ള ഭക്ഷ്യസഹായ സംഭാവനയ്ക്കുള്ള പദ്ധതിനിര്‍ദേശം ഡബ്ലിയു.എഫ്.പി. അംഗീകരിക്കുകയും 1970 മാര്‍ച്ചില്‍ ഡബ്ലിയു.എഫ്.പി.യും ഇന്ത്യാഗവണ്‍മെന്റും കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇത്തരം സംഭാവനകള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഡെയറി കോര്‍പ്പറേഷന്‍ എന്ന കമ്പനി രൂപവത്കരിച്ചു. അതിന്റെയും അധ്യക്ഷന്‍ കുര്യനായിരുന്നു. 1970 ജൂലായില്‍ എന്‍.ഡി.ഡി.ബി. ( ദേശീയ ക്ഷീര വികസന ബോര്‍ഡ് ) ‘ ശതകോടി ലിറ്റര്‍ ആശയ ‘ത്തിനു ( Billion litre idea ) ഔദ്യോഗികമായി തുടക്കമിട്ടു. ലോകത്തെ ഏറ്റവും വലിയ ക്ഷീര വികസന പരിപാടിയായി അതു വളര്‍ന്നു. 1975 ആയപ്പോഴേക്കും പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഇറക്കുമതി പൂര്‍ണമായി ഇന്ത്യയ്ക്കു നിര്‍ത്താനായി.

എന്‍.ഡി.ഡി.ബി.യുടെ വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട അഴിമതികളുടെ കാര്യവും കുര്യന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. 275 ബേബിഫുഡ് ഫാക്ടറികളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ നല്‍കി. അന്വേഷിച്ചപ്പോള്‍ 275 എണ്ണവും ഓഫീസ് പോലുമില്ലാത്ത വെറും നെയിംബോര്‍ഡുകള്‍ മാത്രം. ഡമ്മിഫാക്ടറികളുടെ മറവില്‍ ഇറക്കുമതി ലൈസന്‍സ് സമ്പാദിച്ച് ബേബിഫുഡ്ഡൊന്നും ഉല്‍പ്പാദിപ്പിക്കാതെ ഇറക്കുമതി ചെയ്ത ബേബിഫുഡ് വിറ്റ് വന്‍ലാഭമുണ്ടാക്കുകയായിരുന്നു അവ.


ഉദ്യോഗസ്ഥ മേധാവിത്വം സൃഷ്ടിക്കുന്ന വച്ചുതാമസിപ്പിക്കലുകള്‍ ഒഴിവാക്കാന്‍ 1977 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സഹായത്തോടെ എന്‍.ഡി.ഡി.ബി.യുടെ ഫയലുകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കി. കൃഷിമന്ത്രാലയം ഫയല്‍ കണ്ടാലുടന്‍ അത് സെക്രട്ടറിമാരുടെ ഒരു സമിതിക്കു പോവുകയും വേഗം ഫയലില്‍ തീരുമാനങ്ങളുണ്ടാവുകയും ചെയ്യുന്ന സംവിധാനമാണു വന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കര്‍ഷകര്‍ ആവേശപൂര്‍വം ക്ഷീരവിപ്ലവത്തിന്റെ ഭാഗമായി. എന്തൊക്കെ വിമര്‍ശനമുണ്ടായാലും ആനന്ദ് മാതൃകയില്‍ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായിത്തന്നെ ഇതു നടപ്പാക്കാന്‍ എന്‍.ഡി.ഡി.ബി. ദൃഢനിശ്ചയം ചെയ്തിരുന്നു. തങ്ങളുടെ ‘ ശവശരീരങ്ങള്‍ക്കു മുകളിലൂടെയേ ധവളവിപ്ലവം നടപ്പാക്കാനാവൂ ‘ എന്നു പറഞ്ഞവരുണ്ട്. ഏറ്റവും രൂക്ഷമായ എതിര്‍പ്പുണ്ടായ സംസ്ഥാന സര്‍ക്കാരുകളിലൊന്നു കര്‍ണാടകത്തിലെതായിരുന്നു. പക്ഷേ, അവരും നടപ്പാക്കാന്‍ നിര്‍ബന്ധിതമായി. കാരണം, എന്തുകൊണ്ടിതു നടപ്പാക്കുന്നില്ല എന്നു ചോദിച്ചു നിയമസഭയില്‍ ബഹളമുണ്ടായി.

ആദ്യ ഘട്ടം തീരാന്‍ പത്തു കൊല്ലം

ധവള വിപ്ലവത്തിന്റെ പദ്ധതി തയാറാക്കാന്‍ എളുപ്പമായിരുന്നെങ്കിലും നടപ്പാക്കാന്‍ വളരെ പ്രയാസമായിരുന്നുവെന്നു കുര്യന്‍ വ്യക്തമാക്കുന്നു. മൂന്നു ഘട്ടമായി നടപ്പാക്കാനാണു തീരുമാനിച്ചത്. മൂന്നു ഘട്ടം പൂര്‍ത്തിയാക്കാന്‍ ഫലത്തില്‍ മൂന്നു ദശാബ്ദമെടുത്തു. അഞ്ചു വര്‍ഷംകൊണ്ട് ഒന്നാം ഘട്ടം തീര്‍ക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ, ഇരട്ടി സമയമെടുത്തു. ലോക ഭക്ഷ്യപരിപാടി വഴി ഇ.ഇ.സി. നല്‍കിയ സ്‌കിംഡ് പാല്‍പ്പൊടിയുടെയും ബട്ടര്‍ ഓയിലിന്റെയും വില്‍പ്പനവഴിയാണ് ഈ ഘട്ടത്തിനു പണം കണ്ടെത്തിയത്. ഈ ഘട്ടത്തില്‍ ഇന്ത്യയിലെ 18 പ്രമുഖ ക്ഷീരോല്‍പ്പാദന കേന്ദ്രങ്ങളെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധപ്പെടുത്തി. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥ മേധാവിത്വം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നേരത്തേ പറഞ്ഞ സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കിയത്. വെന്റിങ്് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കാതിരുന്നതാണ് ഒന്നാം ഘട്ടം വൈകാന്‍ പ്രധാന കാരണം. ഇത്തരം യന്ത്രങ്ങള്‍ സ്വയം രൂപകല്‍പ്പന ചെയ്തു നിര്‍മിക്കേണ്ടിവന്നു. ഇവ രൂപകല്‍പ്പന ചെയ്ത് അനുമതി ലഭിക്കാന്‍ നാലു വര്‍ഷമെടുത്തു. നാലു പ്രധാന നഗരങ്ങളില്‍ മദര്‍ ഡെയറികള്‍ കെട്ടിപ്പടുക്കലും വൈകലിനു കാരണമാണ്. 17 ആനന്ദ് മാതൃകാ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും ഒരു ദശലക്ഷം കര്‍ഷകരെ സംഘടിപ്പിക്കാനും ഇവിടങ്ങളില്‍ വിപണി ഉറപ്പുവരുത്താതെ കഴിയില്ലായിരുന്നു.

ധവള വിപ്ലവത്തിന്റെ 1981 മുതല്‍ 85 വരെയുള്ള രണ്ടാം ഘട്ടത്തെയും 85 മുതല്‍ 96 വരെയുള്ള മൂന്നാം ഘട്ടത്തെയുംപറ്റി കണക്കുകള്‍ സഹിതം കുര്യന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യയിലെ ക്ഷീര വികസനത്തിന്റെ ഫലത്തെയും അതില്‍ തങ്ങളുടെ സംഭാവനയെയുംപറ്റി 1998 ല്‍ ലോകബാങ്ക് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ധവള വിപ്ലവത്തില്‍ ലോകബാങ്ക് നിക്ഷേപിച്ച 200 കോടി രൂപയ്ക്ക് 10 വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ 24,000 കോടി രൂപയുടെ വമ്പിച്ച അറ്റ വരുമാനമുണ്ടായിട്ടുണ്ടെന്നു ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടു. അതിനുമുമ്പോ ശേഷമോ ഒരു വികസന പരിപാടിക്കും ഇത്ര ശ്രദ്ധേയമായ നിക്ഷേപ – ഫലാനുപാതം ഉണ്ടായിട്ടില്ല. വികസ്വര രാജ്യമായ ഇന്ത്യ സ്വയംപര്യാപ്തമാവുന്നതില്‍ വികസിത ക്ഷീരോല്‍പ്പാദക രാജ്യങ്ങള്‍ക്കുള്ള അസ്വസ്ഥത വിമര്‍ശനങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്നു കുര്യന്‍ കരുതുന്നു.

 

എങ്കില്‍ മന്ത്രി പോട്ടെ എന്നു ഇന്ദിരാഗാന്ധി

പില്‍ക്കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചിലതും കുര്യനെ വ്യക്തിപരമായി ആക്രമിച്ചു. വിമര്‍ശിച്ചു പുസ്തകങ്ങള്‍ പോലും ഇറങ്ങി. ഇതൊക്കെ വായിച്ചിരുന്ന പ്രമുഖ ക്ഷീരോല്‍പ്പാദക രാജ്യമായ നെതര്‍ലാന്റ്‌സിലെ രാജ്ഞി ഒരിക്കല്‍ ആനന്ദ് സന്ദര്‍ശിച്ചു. വിമര്‍ശനബുദ്ധ്യാ കുര്യനോടു സംസാരിച്ച അവര്‍ ഇക്കാര്യത്തില്‍ തന്റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്നു ബോധ്യപ്പെട്ടെന്നു പറഞ്ഞാണു മടങ്ങിയത്. 1983 ല്‍ അന്നത്തെ കേന്ദ്ര കൃഷിമന്ത്രി റാവു ബീരേന്ദ്രസിങ് ഒരു ചടങ്ങില്‍ ധവള വിപ്ലവത്തിനു കാര്യക്ഷമത കുറവാണെന്നു കുര്യന്റെ സാന്നിധ്യത്തില്‍ വിമര്‍ശിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടാണെങ്കിലും കുര്യന്‍ ധൈര്യമായി ആ ചടങ്ങില്‍ വച്ചുതന്നെ മന്ത്രിക്കു മറുപടി നല്‍കി. മന്ത്രി കുത്തിത്തിരിപ്പു തുടര്‍ന്നപ്പോള്‍ കുര്യന്‍ എന്‍.ഡി.ഡി.ബി. അധ്യക്ഷസ്ഥാനം രാജിവച്ചു. സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിതന്നെ മന്ത്രിയെ താക്കീതു ചെയ്തു. എന്നിട്ടും മന്ത്രി ശത്രുതാപരമായ സമീപനം തുടര്‍ന്നപ്പോള്‍ താനിനി തുടരുന്നില്ലെന്നു കുര്യന്‍ ഇന്ദിരാഗാന്ധിയെ അറിയിച്ചു. കുര്യന്‍ തുടരണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന ഇന്ദിരാഗാന്ധി മന്ത്രിയെ മാറ്റുകയാണു ചെയ്തത്. ( യൂണിസെഫ് സഹായത്തോടെ നിര്‍മിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നാള്‍ മുതല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു കുര്യനെ നല്ല മതിപ്പായിരുന്നു. അന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മകള്‍ ഇന്ദിരാഗാന്ധിക്കും അതുകൊണ്ടുതന്നെ കുര്യന്‍ വിശ്വസ്തനായിരുന്നു. ഇന്ദിരാഗാന്ധിയില്‍ മതിപ്പുളവാക്കിയ കൂര്യനെ രാജീവ്ഗാന്ധിക്കും വിശ്വാസമായിരുന്നു. തന്റെ ഒരു മന്ത്രിയുടെ അഴിമതിനീക്കം, കുര്യന്റെ അവസാന നിമിഷത്തെ ഇടപെടലിനെത്തുടര്‍ന്നു രാജീവ്ഗാന്ധി തടഞ്ഞ സംഭവം ആകാംക്ഷാഭരിതമാംവിധം പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.)

1980 കളുടെ തുടക്കത്തില്‍ ധവള വിപ്ലവത്തിനെതിരെ യൂറോപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ക്കും മറ്റും പിന്നില്‍ ഒരു ബഹുരാഷ്ട്രക്കുത്തകയുടെ കൈ ഉണ്ടായിരുന്നുവെന്നു കുര്യന്‍ കരുതുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കു പിന്നില്‍ വിരോധമുള്ള പഴയ ഒരു സഹപ്രവര്‍ത്തകന്‍ അടക്കമുള്ളവരാണെന്നും അദ്ദേഹം സംശയിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള ചില വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും തെറ്റുതിരുത്തി മുന്നേറാന്‍ സഹായിച്ചെന്നും മറ്റു ചില വിമര്‍ശകര്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്നു വ്യക്തിപരമായി ഏറ്റുപറഞ്ഞുവെന്നും പുസ്തകത്തിലുണ്ട്.

വിമര്‍ശനങ്ങളെക്കുറിച്ചു പരാമര്‍ശിക്കവെ വിദേശ സഹായത്തിനു പിന്നിലെ സ്ഥാപിത താല്‍പ്പര്യത്തെക്കുറിച്ച് കുര്യന്‍ പറയുന്നുണ്ട്. പെട്ടെന്നുള്ള മാധ്യമ വിമര്‍ശനപ്രവാഹത്തിന്റെ കാരണം ഏറ്റവും വിനയപൂര്‍വം പറഞ്ഞാല്‍ ഭക്ഷ്യസഹായം മോശമായ കാര്യമാണെന്നു ഈ എഴുത്തുകാര്‍ കരുതിയിരുന്നതുകൊണ്ടാണെന്നു കുര്യന്‍ അഭിപ്രായപ്പെടുന്നു. അതു ശരിയാണു താനും. തീര്‍ച്ചയായും, ഭക്ഷ്യസഹായം ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയെ തളര്‍ത്തും. അതു കാര്‍ഷിക വിലകള്‍ ഇടിക്കുകയും സഹായം സ്വീകരിക്കുന്ന രാജ്യത്ത് സഹായത്തോട് ആശ്രിതത്വം വളര്‍ത്തുകയും ഒടുക്കം രാജ്യംതന്നെ നശിക്കുകയും ചെയ്യും. പലപ്പോഴും രാജ്യങ്ങള്‍ എന്നെന്നും കൂടുതല്‍ സഹായത്തിനായി കൈനീട്ടേണ്ടിവരുംവിധം ‘ജീവകാരുണ്യ’ സംഭാവനകള്‍ ഭക്ഷണരീതികള്‍ മാറ്റിമറിക്കുന്നതും പ്രാദേശിക കൃഷിരീതികള്‍ അവഗണിക്കപ്പെടുന്നതും പലേടത്തും കണ്ടിട്ടുണ്ട്. എന്നാല്‍, താനും സഹപ്രവര്‍ത്തകരും ഈ ചതിക്കുഴിയെക്കുറിച്ചു തികച്ചും ബോധവാന്മാരായിരുന്നുവെന്നു കുര്യന്‍ പറയുന്നു. ധവളവിപ്ലവം ഇന്ത്യയെ തളര്‍ത്തുന്ന ജീവകാരുണ്യ പരിപാടിയാകരുതെന്നു തങ്ങള്‍ ദൃഢനിശ്ചയമെടുത്തിരുന്നു. വാസ്തവത്തില്‍, തങ്ങള്‍ സൗജന്യ സഹായം ആദ്യഘട്ടങ്ങളില്‍ ഉപയോഗിച്ചത് കര്‍ഷകരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടു ബന്ധം സ്ഥാപിക്കാനും കഴിഞ്ഞ കാലങ്ങളില്‍ ലാഭം മുഴുവന്‍ കൊണ്ടുപോയിരുന്ന കരാറുകാരുടെ ഉരുക്കുമുഷ്ടി തകര്‍ക്കാനുമായിരുന്നു – കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.

സസ്യയെണ്ണ വിപണി

എച്ച്.എം. പട്ടേല്‍ കേന്ദ്ര ധനമന്ത്രിയായിരിക്കെ നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്നു സസ്യയെണ്ണ വിപണിയിലും സഹകരണ പ്രസ്ഥാനവുമായി എന്‍.ഡി.ഡി.ബി. പ്രവേശിച്ചു. 1993 ല്‍ സസ്യയെണ്ണയുടെ കാര്യത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിച്ചത് അതാണെന്നു കുര്യന്‍ കരുതുന്നു. ഇതോടെ മറ്റു രാജ്യങ്ങളിലെ എണ്ണ ലോബികള്‍ അസംതൃപ്തരായി. കാരണം, ഇരുപതു ലക്ഷത്തിലേറെ ടണ്ണില്‍നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി രണ്ടു ലക്ഷം ടണ്ണില്‍ താഴെയായി. വലിയ വെല്ലുവിളി നേരിട്ടാണ് ഇതു സാധിച്ചത്. നിരവധി എന്‍.ഡി.ഡി.ബി. ഉദ്യോഗസ്ഥര്‍ കായികമായി ആക്രമിക്കപ്പെട്ടു. ഭവ്‌നഗറിലെ സഹകരണ എണ്ണമില്ലിനു ഏഴു തവണ തീവെച്ചു. പഴം, പച്ചക്കറി, സാമൂഹിക വനവല്‍ക്കരണ രംഗങ്ങളിലും ഇത്തരം സഹകരണ സംരംഭങ്ങള്‍ പല നഗരങ്ങളിലും എന്‍.ഡി.ഡി.ബി. നടപ്പാക്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പഴം, പച്ചക്കറി രംഗത്ത് പദ്ധതികള്‍ കൊണ്ടുവന്നത്.

കുര്യന്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിനു അടിയറവു പറഞ്ഞ സന്ദര്‍ഭവും പുസ്തകത്തിലുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗുജറാത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കുര്യന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ കാര്യത്തിലാണ് അതു സംഭവിച്ചത്. ഗ്രാമങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികള്‍ ചേര്‍ന്നുള്ള യൂണിയനുകള്‍ ഒാരോ വൈദ്യുത സബ്‌സ്‌റ്റേഷനും മാനേജ് ചെയ്യുകയും എന്‍ജിനിയര്‍മാരെയും മറ്റും നിയമിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന പദ്ധതിയായിരുന്നു അത്. അപ്പോള്‍ ബോര്‍ഡിനു വൈദ്യുതോല്‍പ്പാദനത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവും. വിതരണവും മാനേജ്‌മെന്റും ജനങ്ങളുടെ കരങ്ങളിലാവും. 220 മെഗാവാട്ടിന്റെ ഒരു പ്ലാന്റിനും വൈദ്യുതി ലൈനുകളുടെ പുനരുദ്ധാരണത്തിനും വേണ്ടി അമേരിക്കയിലെ ദേശീയ ഗ്രാമീണ വൈദ്യുതീകരണ സഹകരണ അസോസിയേഷന്‍ പോലുള്ള സംഘടനകളില്‍ നിന്നു 700 കോടി രൂപയുടെ ഗ്രാന്റിനായി ചര്‍ച്ചകള്‍ നടത്തുകവരെ ചെയ്തു. പക്ഷേ, വൈദ്യുതി ബോര്‍ഡുകളിലെ നിരവധി ഉദ്യോഗസ്ഥ മേധാവികളുടെ ഭാവിയെ അതു ബാധിക്കുമായിരുന്നു. കേന്ദ്ര വൈദ്യുതി അതോറിട്ടി അധ്യക്ഷനടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാരും പദ്ധതിയെ അനുകൂലിച്ചില്ല. ഒടുവില്‍, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശം തള്ളി. അതുപോലെ, റാന്‍ ഓഫ് കച്ചിലെ ഉപ്പു കര്‍ഷകരെ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമവും വിജയിച്ചില്ല.

പൊതുപ്രവര്‍ത്തകരോട് മതിപ്പ് 

പലപ്പോഴും പ്രൊഫഷണലുകള്‍ക്കു പൊതുപ്രവര്‍ത്തകരോടു തോന്നാറുള്ള പുച്ഛം കുര്യനു ഇല്ലെന്നതു ശ്രദ്ധേയമാണ്. നേതാക്കള്‍ക്കു പണ്ടത്തെ ഗുണനിലവാരമില്ല എന്ന നിരാശയേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഗുജറാത്തില്‍ നിന്നു ഗാന്ധിജി മുതല്‍ സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ വരെയുള്ള കുലീനരായ നേതാക്കള്‍ ഉയര്‍ന്നുവന്നതുപോലെ എല്ലാ സംസ്ഥാനങ്ങളും കഴിവുറ്റ നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നിട്ട് അദ്ദേഹം പറയുന്നു: ‘അമുല്‍ ഡെയറിയുടെ കാര്യം തന്നെ എടുക്കുക. ഈ ഡെയറിയുടെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ രാജ്യത്തെ ഏറ്റവും വലിയ ഒരു ഭക്ഷ്യ വ്യവസായത്തിനു നേതൃത്വം നല്‍കുന്നയാളാണ്. അത്തരമൊരു ഗണ്യമായ ബിസിനസ് കൈകാര്യം ചെയ്യാന്‍ പഠിച്ചയാള്‍ ഏതു രാഷ്ട്രീയപദവിയും വഹിക്കാന്‍ യോഗ്യനാണ്. നമ്മുടെ ഭാവിനേതാക്കള്‍ രൂപപ്പെടുന്ന ഇത്തരം സ്‌കൂളുകളും കോളജുകളും ഇല്ലാതെ നമ്മുടെ ജനാധിപത്യം ശക്തിപ്പെടില്ല.’

സഹകരണ സംഘങ്ങളില്‍നിന്നു രാഷ്ട്രീയക്കാരെ അകറ്റിനിര്‍ത്തിയതിനു കുര്യന്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ മുങ്ങിത്താണിട്ടും മഹാരാഷ്ട്രയിലെ പഞ്ചസാരയുല്‍പ്പാദന സഹകരണ സംഘങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതു കുര്യന്‍ നിഷേധിക്കുന്നില്ല. എന്തായാലും, ശക്തരായ കമ്പനികള്‍ പ്രാദേശിക രാഷ്ട്രീയം നിയന്ത്രിക്കുന്നതിലും ഭേദം പഞ്ചസാര സഹകരണ സംഘം നേതാക്കള്‍ പ്രാദേശിക രാഷ്ട്രീയം നിയന്ത്രിക്കുന്നതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം, സഹകരണ സംഘം നേതാക്കള്‍ കര്‍ഷകരുടെ ആവശ്യങ്ങളോടു കൂടുതല്‍ അനുകൂലമായി പ്രതികരിക്കുന്നവരായിരിക്കും. രാഷ്ട്രീയക്കാര്‍ ചെയര്‍മാന്‍മാരാകുന്നതല്ല ഇന്ത്യയിലെ സഹകരണ സംഘങ്ങളുടെ പ്രധാനപ്രശ്‌നമെന്നും മറിച്ച് ചെയര്‍മാന്‍മാരായശേഷം അവര്‍ സംഘങ്ങളെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും കുര്യന്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ സഹകരണ നിയമങ്ങള്‍ എന്‍.ഡി.ഡി.ബി.യുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നില്‍ക്കുകയാണു ചെയ്തിട്ടുള്ളതെന്നു കുര്യന്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ സഹകരണ നിയമം കാലഹരണപ്പെട്ടതാണെന്ന് കുര്യന്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കുമാണ് അതില്‍ മേധാവിത്തം. പ്രൊഫഷണല്‍ മാനേജര്‍മാര്‍ക്ക് അതില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നില്ല. അത്തരം തടസ്സങ്ങള്‍ നീക്കുകയും പ്രൊഫഷണല്‍ മാനേജ്‌മെന്റ് കൊണ്ടുവരികയും കഴിയുന്നത്ര രാഷ്ട്രീയമുക്തമാക്കുകയും ചെയ്താലേ സഹകരണ പ്രസ്ഥാനം പുഷ്ടിപ്പെടൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരത്തില്‍ സഹകരണ പ്രസ്ഥാനത്തോടു പ്രതിബദ്ധമായ ഗ്രാമീണ മാനേജ്‌മെന്റില്‍ പരിശീലനം സിദ്ധിച്ച പ്രൊഫഷണല്‍ മാനേജര്‍മാരെ വളര്‍ത്തിയെടുക്കാന്‍ കുര്യന്‍ നടത്തിയ ശ്രമമാണ് 1979 ല്‍ ആനന്ദ് ഗ്രാമീണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപവത്കരണത്തില്‍ കലാശിച്ചത്.

സഹകരണം സിനിമയിലും

സഹകരണാശയം പ്രചരിപ്പിക്കാന്‍ സിനിമ ഉപയോഗിച്ച ചരിത്രവും കുര്യനുണ്ട്. സഹകരണ സംഘാംഗങ്ങളുടെ പണം കൊണ്ടു സിനിമ നിര്‍മിച്ച കഥയാണത്. അതാണു ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ മന്ഥന്‍ ‘. ധവള വിപ്ലവം അഞ്ചു വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു സിനിമാ നിര്‍മാണം. ഏതാനും ഡോക്യുമെന്ററികള്‍ ധവള വിപ്ലവത്തെപ്പറ്റി വന്നിരുന്നു. ഇവയില്‍ ചിലതു സംവിധാനം ചെയ്തതു ശ്യാം ബെനഗലായിരുന്നു. സഹകരണ സംഘങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ധവള വിപ്ലവത്തിലും ആകര്‍ഷകവും ഹൃദയസ്പര്‍ശിയുമായ പല കഥകളുമുണ്ടെന്നും ഡോക്യുമെന്ററികള്‍ കണക്കുകളും വിവരങ്ങളും അറിയിക്കാന്‍ പര്യാപ്തമാണെങ്കിലും മനുഷ്യസ്പര്‍ശമുള്ള കഥകളോടു നീതിപുലര്‍ത്താന്‍ അതിലുപരി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ശ്യാം ബെനഗല്‍ കുര്യനോടു പറഞ്ഞു. എങ്കില്‍ സിനിമ നിര്‍മിച്ചുകൂടേ എന്നു കുര്യന്‍ ചോദിച്ചു. ശ്യാം ബെനഗല്‍ സമ്മതിച്ചു. പക്ഷേ, മുഴുനീള ഫീച്ചര്‍ ഫിലിമിനുവേണ്ട പണം എങ്ങനെ കണ്ടെത്തും ? കുര്യന്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ചപ്പോള്‍ ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ ഓരോരുത്തരും ഒരു രൂപ വീതം നല്‍കുക എന്ന നിര്‍ദേശം ഉരുത്തിരിഞ്ഞു. അതു നടപ്പായി. പത്തു ലക്ഷം രൂപ ചെലവുവന്ന ഒരു ലഘു ബജറ്റ് ചിത്രം.

ശ്യാം ബെനഗല്‍ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നു കുര്യന്‍ പറയുന്നു. വളരെ പ്രതിഭാധനരും അര്‍പ്പണ ബുദ്ധികളുമായ പ്രൊഫഷണലുകളുടെ ഒരു സംഘത്തെ സംവിധായകന്‍ സംഘടിപ്പിച്ചിരുന്നു. പ്രശസ്ത നാടകകൃത്ത് വിജയ് തെണ്ടുല്‍കര്‍ ഗുജറാത്ത് ഗ്രാമങ്ങളില്‍ ആഴ്ചകള്‍ ചെലവഴിച്ച് ഗവേഷണം നടത്തുകയും വിവിധ ഗ്രാമങ്ങളിലെ നിരവധിയായ കര്‍ഷകരുടെ അനുഭവങ്ങള്‍ ചികഞ്ഞെടുത്തു കഥയില്‍ കോര്‍ത്തിണക്കുകയും ചെയ്തു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഒമ്പതു മാസത്തോളമെടുത്തു. സംവിധായകനെന്ന നിലയില്‍ ബെനഗല്‍ സ്മിതാ പാട്ടീലും ഗിരീഷ് കര്‍ണാടും നസിറുദ്ദീന്‍ഷായും അനന്ത്‌നാഗും കുല്‍ഭൂഷണ്‍ കര്‍ബന്തയും അമരീഷ് പുരിയുമൊക്കെ അടങ്ങുന്ന യുവതാരങ്ങളുടെ അസാധാരണമായൊരു നിരയെ അണിനിരത്തി. 1976 ല്‍ പുറത്തിറങ്ങിയ ‘മന്ഥന്‍’ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഒരു വാണിജ്യ വിജയമായിരുന്നു.

പട്ടേലില്‍ നിന്നു പഠിച്ച പാഠം

ശ്യാം ബെനഗലിനെ സിനിമ നിര്‍മിക്കാന്‍ ഏല്‍പ്പിച്ചതില്‍ മാത്രമല്ല, താന്‍ വിവിധ കാര്യങ്ങള്‍ക്കു വ്യത്യസ്തരായ ആളുകളെ ചുമതലയേല്‍പ്പിച്ചപ്പോഴൊക്കെ ത്രിഭുവന്‍ദാസ് പട്ടേലില്‍നിന്നു പഠിച്ച ഒരു പാഠമാണു നടപ്പാക്കിയതെന്നു കുര്യന്‍ പറയുന്നുണ്ട്. ഒരു പദ്ധതി നടപ്പാക്കാന്‍ ഏറ്റവും പറ്റിയ ആളെ കണ്ടെത്തി എന്താണ് അയാളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നു കൃത്യമായി പറഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ അയാളെ പൂര്‍ണമായി വിശ്വസിച്ച് ഒരിടപെടലും കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നതാണ് പട്ടേലില്‍ നിന്നു കുര്യന്‍ പഠിച്ച പാഠം. ത്രിഭുവന്‍ദാസ് കുര്യനെ വിശ്വസിച്ച് ഏല്‍പ്പിച്ചത് അങ്ങനെയാണല്ലോ. ( ത്രിഭുവന്‍ദാസ് പട്ടേലിനെയും ഡോ. വര്‍ഗീസ് കുര്യനെയും അമേരിക്കയില്‍ കുര്യന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന പ്രസിദ്ധ ക്ഷീര സാങ്കേതിക വിദഗ്ധന്‍ ഹരിചന്ദ് ദലായയെയും ചേര്‍ത്ത് കെയ്‌റ സഹകരണ പ്രസ്ഥാനത്തിന്റെ ത്രിമൂര്‍ത്തികള്‍ എന്നാണു വിളിക്കുന്നത് ).

ആനന്ദില്‍ തന്റെ രക്ഷാകര്‍ത്താവായിരുന്ന ത്രിഭുവന്‍ദാസ് പട്ടേല്‍ അന്തരിക്കുമ്പോള്‍ അടുത്തുണ്ടാകാന്‍ കുര്യനു കഴിഞ്ഞില്ല. അദ്ദേഹം സുപ്രധാനമായ ഒരു കാര്യത്തിനു ഡല്‍ഹിയിലായിരുന്നു. ആനന്ദിലെത്തിയപ്പോഴേക്കും പട്ടേലിന്റെ അന്ത്യം സംഭവിച്ചിരുന്നു. വൈകിട്ട് 6.30 നാണ് അദ്ദേഹം അന്തരിച്ചത്. 6.30നപ്പുറം താന്‍ ജീവിച്ചിരിക്കില്ലെന്ന് ത്രിഭുവന്‍ദാസിന് തോന്നി. 6.30ന് ഏതാനും നിമിഷം മുമ്പ് അദ്ദേഹം സഹപ്രവര്‍ത്തകനായ എ.എ. ചോതാനിയെ അടുത്തുവിളിച്ചു പറഞ്ഞു: ‘ ആറര വരെ ഞാന്‍ കാത്തു എന്നു കുര്യനോടു പറഞ്ഞേക്കൂ. അദ്ദേഹം എത്തിയില്ല. പക്ഷേ, ഇനി എനിക്കു കാക്കാനാവില്ല. ഞാന്‍ എല്ലാം ( കര്‍ഷകരുടെയും സഹകരണ സംഘങ്ങളുടെയും ദൗത്യം ) അദ്ദേഹത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുകയാണെന്നു താങ്കള്‍ അദ്ദേഹത്തോടു പറയണം.’

ആദ്യ പുരസ്‌കാരം മഗ്‌സാസെ

പദ്മവിഭൂഷണ്‍ വരെയുള്ള പുരസ്‌കാരങ്ങള്‍ കുര്യനു ലഭിച്ചു. പക്ഷേ, ആദ്യം പുരസ്‌കാരം ലഭിച്ചതു വിദേശത്തുനിന്നാണ് – 1963 ല്‍ സമൂഹ നേതൃത്വത്തിനുള്ള റമോണ്‍ മഗ്‌സാസെ പുരസ്‌കാരം. അതിനുശേഷമാണ് ഇന്ത്യയുടെ പുരസ്‌കാരം ലഭിച്ചത് – 1965ല്‍ പദ്മശ്രീ. ‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’ എന്ന ചൊല്ല് ഓര്‍മിപ്പിച്ചുകൊണ്ടാണ് നാട്ടില്‍ അംഗീകാരം വൈകിയതിനെ കുര്യന്‍ പരാമര്‍ശിക്കുന്നത്. ( 1965ല്‍ മിഷിഗണ്‍ സ്‌റ്റേറ്റ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയ കുര്യനു വാട്ടേലെര്‍ സമാധാന സമ്മാനം, ലോകഭക്ഷ്യ സമ്മാനം , പദ്മഭൂഷണ്‍, കൃഷിരത്‌ന, വിസ്‌കോണ്‍സിന്‍ ഡെയറിമാന്‍ ഓഫ് ദി ഇയര്‍ – 1993, ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഓഫ് ലോ, സമന്വയ പുരസ്‌കാര്‍, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് ).

ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ചെയര്‍മാനും ജനറല്‍ മാനേജരുമായിരുന്ന കുര്യന്‍ 1981 ല്‍ അറുപതാംവയസ്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്നു വിരമിച്ചു. എങ്കിലും, ഓണററി ചെയര്‍മാനായി തുടര്‍ന്നു. രണ്ടു തവണ എന്‍.ഡി.ഡി.ബി. ചെയര്‍മാനായിരുന്ന അദ്ദേഹം വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും തുടരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഒടുവില്‍, 1998 ല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെടുകയും നവംബര്‍ 26 ന് എന്‍.ഡി.ഡി.ബി.യില്‍നിന്നു വിരമിക്കുകയും ചെയ്തു.

കാര്യങ്ങളുടെ പോക്കില്‍ ദു:ഖത്തോടെയാണ് കുര്യന്റെ ആത്മകഥ അവസാനിക്കുന്നത്. സഹകരണ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും വിശ്വാസവും എന്‍.ഡി.ഡി.ബി.യിലെ സഹപ്രവര്‍ത്തകര്‍ക്കു താന്‍ പകര്‍ന്നു നല്‍കിയിരുന്നുവെന്നാണു താന്‍ കരുതിയിരുന്നതെന്നു അദ്ദേഹം പറയുന്നു. എന്നാല്‍, അതു പൂര്‍ണമായും ശരിയല്ലെന്നു താന്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് എന്‍.ഡി.ഡി.ബി. നീങ്ങുന്നത്. സഹകരണ ക്ഷീരോല്‍പ്പാദകരെ സഹായിക്കുന്നതിനു പകരം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് എന്‍.ഡി.ഡി.ബി. താന്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ സഹകരണ പ്രസ്ഥാനത്തിനുതന്നെ ആത്മനാശം വരുത്തുന്ന നീക്കത്തിലേക്ക് ഇത്ര പെട്ടെന്നു തിരിയുമെന്നു കരുതിയില്ല. സഹകരണ ക്ഷീര വികസനത്തിലൂടെ വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നത് എന്നതാണു കഷ്ടം’ എന്നും അദ്ദേഹം കുറിക്കുന്നു.

‘ മദര്‍ ഡെയറി ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ‘ പോലുള്ള കമ്പനികള്‍ തുടങ്ങുകയും സംസ്ഥാന ക്ഷീര സഹകരണ ഫെഡറേഷനുകളുമായി മത്സരിക്കുകയും ചെയ്യുന്നതിന്റെ പേരിലാണ് എന്‍.ഡി.ഡി.ബി.യെ കുര്യന്‍ വിമര്‍ശിക്കുന്നത്. ഉദാരീകരണവും ആഗോളീകരണവുമാണ് ഇതിനു പിന്നിലെന്നു അദ്ദേഹം കരുതുന്നു. വികസ്വര രാജ്യങ്ങളിലെ വിപുലമായ വിപണികളിലേക്കു കടന്നുകയറാന്‍ ശക്തരായ മുതലാളിത്തരാജ്യങ്ങള്‍ ആവിഷ്‌കരിച്ചതാണിവ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അത് നമ്മുടെ നയം രൂപവത്കരിക്കുന്ന പലരെയും അന്ധരാക്കിയെന്നു അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെ കര്‍ഷകര്‍ മറ്റു ബിസിനസ് രൂപങ്ങളുമായി തുല്യശക്തികളെപ്പോലെ മത്സരിക്കുന്ന കാലത്തേ തന്റെ അപൂര്‍ണ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടൂ എന്നു കുര്യന്‍ പറയുന്നു. രാജ്യത്തെ കര്‍ഷകരിലുള്ള തന്റെ വിശ്വാസം അചഞ്ചലമാണ്. ഇന്ത്യന്‍ കര്‍ഷകരുടെ അന്തിമ വിജയംവരെ 1949 ല്‍ ആനന്ദില്‍ തുടങ്ങിയ യാത്ര തുടരുമെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ആത്മകഥ അവസാനിക്കുന്നത്. വര്‍ഗീസ് കുര്യന്റെ ജീവിതവുമായും ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ഈ പുസ്തകത്തെ അലങ്കരിക്കുന്നു.

കര്‍ഷക ആത്മഹത്യകള്‍ ഏറെ കണ്ട നാടാണ് ഇന്ത്യ. രാജ്യതലസ്ഥാനം തന്നെ കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞു. ഇത്തരം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുള്ള ഒരു ആത്മകഥയാണ് കുര്യന്റേത്. കര്‍ഷകരെയും അവരുടെ പ്രശ്‌നങ്ങളെയും മനസ്സിലാക്കലാണ് പരിഹാരങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മുഖ്യം. സഹകരണത്തിന്റെ പാഠങ്ങളെ അവഗണിച്ചുകൊണ്ട് ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. സഹകരണം പ്രശ്‌നപരിഹാരത്തില്‍ പ്രധാനമാണ്. കുര്യന്റെ ആത്മകഥയാകട്ടെ സഹകരണത്തിന്റെ കഥയാണ്. സഹകരണ പ്രസ്ഥാനത്തില്‍ താല്‍പ്പര്യമുള്ളവര്‍ വായിച്ചിരിക്കേണ്ട കൃതിയാണിത്. സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാനും അതിന്റെ പാതയിലെ ചതിക്കുഴികള്‍ തിരിച്ചറിയാനും ഈ പുസ്തകം സഹായകമാവും.

250 പേജുള്ള ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലെ റോലി ബുക്‌സാണ്. 395 രൂപയാണു വില. 2005ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിനു ഇതിനകം 19 പതിപ്പുകള്‍ ആയിക്കഴിഞ്ഞു.

 

Leave a Reply

Your email address will not be published.