ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റയെത്തിക്കും

Deepthi Vipin lal

ക്ഷീര സഹകരണ സംഘങ്ങളും കര്‍ഷകരും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പാല്‍വില കൂട്ടാതെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ക്ഷീര വികസന വകുപ്പിന്റെ തീരുമാനം. കാലിത്തീറ്റയുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും വില കുത്തനെ കൂടിയതാണ് ഇപ്പോള്‍ ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇത് പരിഹാരിക്കാന്‍ കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

കന്നുകാലികള്‍ക്ക് നല്‍കാനാകുന്ന വില കുറഞ്ഞ കാലിത്തീറ്റ നിര്‍മ്മിക്കാനാണ് തീരുമാനം. ‘ടോട്ടല്‍ മിക്സഡ് റേഷന്‍’ എന്ന തീറ്റയുണ്ടാക്കാനാണ് ധാരണയായത്. വൈക്കോലും മറ്റ് ഭക്ഷ്യവസ്തുക്കളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രത്യേകം തീറ്റയാണ് ടി.എം.ആര്‍. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടോട്ടല്‍ മിക്സഡ് റേഷന്‍. കേരള ഫീഡ്സിനായിരിക്കും ഇത് നിര്‍മ്മിക്കാനുള്ള ചുമതല നല്‍കുക. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് വൈക്കോല്‍ ഇതിനായി കേരളത്തിലെത്തിക്കും.

എട്ടു ലക്ഷം കൂടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നതെന്നാണ് മില്‍മയുടെ കണക്ക്. 2017-ലെ കണക്കനുസരിച്ച് ഒരു ലിറ്റര്‍ പാലിന് 42.67 രൂപ ഉല്‍പാദനച്ചെലവു വരുന്നുണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. എന്നാല്‍, കര്‍ഷകന് പരമാവധി കിട്ടുന്നത് 40 രൂപയാണ്. ഇതിനുപുറമെയാണ് ഇപ്പോള്‍ കാലിത്തീറ്റയ്ക്ക് കുത്തനെ വിലകൂടിയത്. 50 കിലോയുടെ ഒരു ചാക്കിന് 200 രൂപയാണ് കൂടിയത്. തീറ്റയ്ക്ക് മാത്രമല്ല, പരുത്തിപ്പിണ്ണാക്ക്, കാത്സ്യം, മിക്സ്ചര്‍ എന്നിവയ്ക്കെല്ലാം വിലകൂടി. പാല്‍വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന കര്‍ഷകരുടെ ആവശ്യം ശക്തമായപ്പോഴാണ് ബദല്‍മാര്‍ഗം കണ്ടെത്താന്‍ ക്ഷീരവകുപ്പ് നടപടി തുടങ്ങിയത്.


പഞ്ചാബ്, ഹരിയാന, ഗുജറാത്ത് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരെ കുറഞ്ഞ ചെലവില്‍ കിട്ടുന്ന വൈക്കോലും മറ്റു ഭക്ഷ്യസാധനങ്ങളും കേരളത്തിലെത്തിക്കാനാണ് ശ്രമം. പ്രത്യേക വാഗണില്‍ ഇവ കേരളത്തിലേക്ക് അയക്കാമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നടത്തിയ ചര്‍ച്ചയില്‍ ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെലവുകുറച്ച് കാലിത്തീറ്റ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ ചെലവില്‍ സാധനങ്ങളെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. കേന്ദ്ര പദ്ധതികളായ ദേശീയ ലൈവ് സ്റ്റോക്ക് മിഷന്‍, മൃഗ സംരക്ഷണ പശ്ചാത്തല വികസന ഫണ്ട് തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്താനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. കര്‍ഷകരെയും കര്‍ഷിക സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. പാല്‍ വില കൂട്ടാതെ, ക്ഷീരകര്‍ഷകരുടെ ഉല്‍പ്പാദനച്ചെലവ് കുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.


വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളം സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം 2.81 ലക്ഷം ചാക്ക് കാലിത്തീറ്റയാണ് ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. 2.04 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. 11.23 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published.