ക്ഷയരോഗ പ്രതിരോധം: കൊല്ലം എന്‍.എസ്. സഹകരണാശുപത്രിക്ക് പുരസ്കാരം
കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച ടിബി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം എന്‍ എസ് സഹകരണ ആശുപത്രിക്ക്. ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ നിക്ഷയ് മിത്ര പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ആശുപത്രി നല്കിയ സംഭാവനയും പുരസ്കാരത്തിന് പരിഗണിച്ചു. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ ടിബി സെന്ററിലെ ട്യൂബര്‍ക്കുലോസിസ് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ശരണ്യബാബുവില്‍നിന്ന് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്, സീനിയര്‍ പള്‍മനോളജിസ്റ്റ് എസ് സോണിയ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ദിനാചരണ ഉദ്ഘാടനവും നിര്‍ധനരായ 50 ടിബി രോഗികള്‍ക്ക് ആറുമാസത്തേക്ക് ആശുപത്രി സ്പോണ്സര് ചെയ്യുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനവും ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ സെമിനാറിന് ഡോ. എസ് സോണിയ നേതൃത്വം നല്കി. ഭരണസമിതി അംഗങ്ങളായ പി കെ ഷിബു, കെ ഓമനക്കുട്ടന്, എസ് സുല്ബത്ത്, മെഡിക്കല്‍ സൂപ്രണ്ട് ടി ആര് ചന്ദ്രമോഹന്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ വി കെ സുരേഷ്കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡി ശ്രീകുമാര്‍, ടിബി ഹെല്‍ത്ത് വിസിറ്റര്‍ ജയലക്ഷ്മി, പിആര്‍ഒ ഇര്‍ഷാദ് ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി ഷിബു സ്വാഗതവും പിആര്‍ഒ ജയ്ഗണേഷ് നന്ദിയും പറഞ്ഞു.