ക്ലാസ് വണ്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോറിലും സെയില്‍സ് മാന്‍ തസ്തിക അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍

moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തുന്ന നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ എന്നിവിടെങ്ങളിലേക്ക് സ്ഥിര നിയമനം നടത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സഹകരണ ബാങ്കിന്റെ അപ്പീലിലാണ് ഇത് സംബന്ധിച്ച് സഹകരണ വകുപ്പിന്റെ തീര്‍പ്പ് ഉണ്ടായിട്ടുള്ളത്. 13 വര്‍ഷത്തിലേറെയായി ബാങ്ക് നടത്തുന്ന കണ്‍സ്യൂമര്‍ സ്റ്റോറിലേക്കുള്ള സെല്‍സ് മാന്‍ നിയമനമാണ് തര്‍ക്കത്തിലെത്തിയത്. ക്ലാസ് വണ്‍ ബാങ്കായിട്ടും ഇവിടുത്തെ സ്‌റ്റോറില്‍ സെല്‍സ്മാനെ സ്ഥിരമായി നിയമിക്കുന്നതിന് കഴിയില്ലെന്നാണ് സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

പിറവന്തൂര്‍ ബാങ്കിന്റ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സെയില്‍സ്മാനെ നിയമിച്ച്, അദ്ദേഹത്തിന് പി.എഫ്., ഡബ്ല്യു.എഫ്., അക്കൗണ്ടുകള്‍ അനുവദിച്ചും ബാങ്ക് ഭരണസമിതി തീരുമാനമെടുത്തിരുന്നു. സെയില്‍സ് മാന്‍ തസ്തിക ബാങ്കിന്റെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പോഷകവിഭാഗം ഉപനിബന്ധന ഭേദഗതി ചെയ്യാനുള്ള അപേക്ഷ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കി. ഇത് ജോയിന്റ് രജിസ്ട്രാര്‍ തള്ളി. പിറവന്തൂര്‍ ബാങ്കിനെ ക്ലാസ് വണ്‍ ബാങ്കായി ഉയര്‍ത്തിയ ഉത്തരവിലെ സ്റ്റാഫ് പാറ്റേണില്‍ സെയില്‍സ് മാന്‍ തസ്തിക ഇല്ലെന്നതാണ് അപേക്ഷ നിരസിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിന് എതിരെയാണ് ബാങ്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്. ഇതില്‍ ബാങ്കിന്റെ പ്രതിനിധിയേയും ജോയിന്റ് രജിസ്ട്രാറെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നേരില്‍കേട്ടു. ഇതിന് ശേഷം ജോയിന്റ് രജിസ്ട്രാറുടെ വാദം അംഗീകരിച്ച് അപ്പീല്‍ തള്ളി. പിറവന്തൂര്‍ ബാങ്കിനെ ക്ലാസ് വണ്‍ ബാങ്കായി റീ ക്ലാസിഫൈ ചെയ്ത ഉത്തരവില്‍ സെല്‍സ്മാന്‍ തസ്തിക അനുവദിച്ചിട്ടില്ലാത്തതിനാലും പിന്നീട് ഈ തസ്തിക അനുവദിച്ച് പ്രത്യേകം ഉത്തരവ് നല്‍കിയിട്ടില്ലാത്തതിനാലും ബാങ്കിന്റെ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സഹകരണ വകുപ്പും എത്തിയത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ സംസ്ഥാനത്ത് ഒട്ടേറെ നീതി സ്റ്റോറുകളും, കണ്‍സ്യൂമര്‍ സ്‌റ്റോറുകളും, ഫാര്‍മസികളും, ലാബുകളും നടത്തുന്നുണ്ട്. എന്നാല്‍, ഇവിടേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള വകുപ്പുതല അനുമതി കിട്ടാത്ത സ്ഥിതിയാണുള്ളത്. സാമൂഹ്യ സേവനം മുന്‍നിര്‍ത്തിയാണ് സഹകരണ ബാങ്കുകള്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നത്. സാമ്പത്തിക ഭദ്രതയുള്ള ബാങ്കുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. യോഗ്യതയും കാര്യശേഷിയുമുള്ള തദ്ദേശീയരായ തൊഴില്‍രഹിതര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ സ്ഥിരനിയമനം നല്‍കാന്‍ സ്ഥിതിയും ബാങ്കുകള്‍ അലട്ടുന്നുണ്ട്.

Leave a Reply

Your email address will not be published.