കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഓഫ് ഇന്ത്യ: അജയ്ഭായ് പട്ടേല്‍ പുതിയ ചെയര്‍മാന്‍
കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഓഫ് ഇന്ത്യ ( സി.ഒ.ബി.ഐ – കോബി ) ചെയര്‍മാനായി ഗുജറാത്തില്‍നിന്നുള്ള പ്രമുഖ സഹകാരിയായ അജയ്ഭായ് എച്ച്. പട്ടേല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രക്കാരനായ മിലിന്ദ് കാലെയാണു വൈസ് ചെയര്‍മാന്‍.
നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) യുടെ ന്യൂഡല്‍ഹി ഓഫീസില്‍ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുവരും ജയിച്ചത്. ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന്റെ ചെയര്‍മാനാണു അജയ്ഭായ് പട്ടേല്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അര്‍ബന്‍ സഹകരണ ബാങ്കായ കോസ്‌മോസ് ബാങ്കിന്റെ ചെയര്‍മാനാണു മിലിന്ദ് കാലെ. ജി.എച്ച്. അമീനു പകരമായാണു പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമമനുസരിച്ചു ഒരാളും മൂന്നു തവണ മത്സരിക്കാന്‍ പാടില്ല. ഇതുപ്രകാരം ജി.എച്ച്. അമീനു ഇത്തവണ ചെയര്‍മാന്‍സ്ഥാനത്തേക്കു മത്സരിക്കാനാവാതെ മാറിനില്‍ക്കേണ്ടതായി വന്നു.
സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ഭൂപണയബാങ്കുകള്‍ എന്നിവയുടെയെല്ലാം അപക്‌സ് സംഘടനയാണു കോബി ( സി.ഒ.ബി.ഐ ). 21 അംഗങ്ങളാണു ഭരണസമിതിയിലുള്ളത്. ഇതില്‍ 16 പേരെ തിരഞ്ഞെടുത്തു. അഞ്ചു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ചന്ദ്രപാല്‍ സിങ് ( ക്രിഭ്‌കോ ), ബിജേന്ദര്‍ സിങ് ( നാഫെഡ് ), കെ. രവീന്ദര്‍ റാവു ( NAFSCOB ) തുടങ്ങിയവര്‍ ഭരണസമിതിയംഗങ്ങളിലുള്‍പ്പെടും.