‘ കോടികളുടെ തട്ടിപ്പല്ലേ , സത്യം പുറത്തു വരട്ടെ ‘

Deepthi Vipin lal

ജി. ഷഹീദ്

‘ മഹത്തായ സഹകരണ പ്രസ്ഥാനത്തില്‍ കോടികളുടെ തട്ടിപ്പ് എങ്ങനെ നടക്കുന്നു ? പോലീസ് ഇക്കാര്യം അന്വേഷിക്കട്ടെ ‘- സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്രയുടേതാണീ വാക്കുകള്‍.

മഹാരാഷ്ട്ര സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന ആയിരം കോടി രൂപയുടെ തട്ടിപ്പ് സഹകരണ മേഖലയെ ആകെ ഞെട്ടിച്ച സംഭവമാണ്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍. നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ എത്തിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ്. അരുണ്‍ മിശ്ര സഹകരണ മേഖലയില്‍ നടക്കുന്ന അനഭിലഷണീയ പ്രവണതകളില്‍ അതിശയം പ്രകടിപ്പിച്ചത്.

സഹകരണ ബാങ്കിലെ അഴിമതിയില്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് ( എഫ്.ഐ.ആര്‍ ) നല്‍കിയത്. ഈ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാറും അറുപതോളം പേരുമാണ് സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍, ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം.ആര്‍. ഷായും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളി. മുന്‍ കേന്ദ്രമന്ത്രി ശരത് പവാറിന്റെ അനന്തരവനായ അജിത് പവാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് സഹകരണ ബാങ്കിന്റെ ഡയരക്ടര്‍മാരിലൊരാളാണ്.

ജസ്റ്റിസ് എം.ആര്‍. ഷാ

എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് ജസ്റ്റിസ്. അരുണ്‍ മിശ്ര ചോദിച്ചു : ‘ കേസന്വേഷണത്തെ ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഭയപ്പെടുന്നത് ?’ പ്രശസ്തമായ ഒരു സഹകരണ ബാങ്കില്‍ ഇത്ര ഭീമമായ തട്ടിപ്പ് എങ്ങനെ നടന്നുവെന്ന് പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ എന്നു കോടതി വിലയിരുത്തി. അങ്ങനെയിരിക്കെ, അന്വേഷണം തടഞ്ഞ് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന അജിത് പവാറിന്റെയും മറ്റും ആവശ്യത്തെ കോടതി അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്. ‘ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. ജനങ്ങള്‍ക്ക് അതറിയാന്‍ അവകാശമുണ്ട് ‘ – കോടതി അഭിപ്രായപ്പെട്ടു.

എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ നേരത്തേ ഹൈക്കോടതിയും തയാറായിരുന്നില്ല. സുപ്രീം കോടതിയും ആ നിലപാടിനോട് യോജിച്ചു.

കോടികള്‍ വായ്പ കൊടുത്തും കോടികളുടെ ക്രമക്കേടുകള്‍ നടത്തിയുമാണ് ആയിരം കോടി ബാങ്കിനു നഷ്ടമായത്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും മാര്‍ഗരേഖകള്‍ സഹകരണ ബാങ്ക് ലംഘിച്ചിട്ടുമുണ്ട്.

സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സാധു ഹൈക്കോടതി

സഹകരണ സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് കേരള സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സാധുതയുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചു.

സംഘത്തിന്റെ നിയമാവലി പ്രകാരം പത്ത് ഓഹരി കൈവശമുണ്ടെങ്കില്‍ മാത്രമേ മാനേജിങ് കമ്മിറ്റിയിലേക്ക് മത്സരിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, ഓഹരികളുടെ എണ്ണം കണക്കിലെടുക്കാതെതന്നെ ഒരാള്‍ക്ക് മത്സരിക്കാമെന്നുള്ള സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ശരിവച്ചിരിക്കുന്നത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കെ.എം. ചന്ദ്രന്‍ നല്‍കിയ പരാതിയാണ് കോടതി തള്ളിയത്.

സഹകരണ സംഘം നിയമത്തിന്റെ 35 അ (4) വകുപ്പിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും സത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്ങനെയൊരു നടപടി എടുത്തതെന്നുള്ള കമ്മീഷന്റെ അഭിഭാഷകന്റെ വാദമാണ് കോടതി സ്വീകരിച്ചത്. അങ്ങനെയിരിക്കെ കമ്മീഷന്‍ നടപടിക്ക് സഹകരണ സംഘത്തിന്റെ നിയമാവലി തടസം നില്‍ക്കുകയാണെങ്കില്‍ നിയമാവലിയിലെ ബന്ധപ്പെട്ട വകുപ്പ് അസാധുവാണെന്നാണ് സംസ്ഥാന സര്‍ക്കാരും വാദിച്ചത്. അതും കമ്മീഷന്റെ വാദവും ഹൈക്കോടതി സ്വീകരിച്ചു.

പത്ത് ഓഹരിയെങ്കിലും കൈവശം വേണമെന്നുള്ള നിയമാവലി അംഗങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതിനാല്‍ അസാധുവാണെന്നുള്ളതായിരുന്നു സര്‍ക്കാര്‍ വാദം. നിയമാവലി അവസര സമത്വം നിഷേധിക്കുന്നതാണെന്നും കമ്മീഷന്‍ ഉന്നയിച്ചിരുന്നു.

Case No. wp (c) No: 19163 / 2019

അവിശ്വാസ പ്രമേയം: കേരളത്തിന്റെ വ്യവസ്ഥയ്ക്ക് തന്നെ പ്രാബല്യം

ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതു സംബന്ധിച്ച് കേരള സഹകരണ നിയമത്തിലും ചട്ടത്തിലും മറ്റുമുള്ള വ്യവസ്ഥയ്ക്ക് തന്നെയാണ് പ്രാബല്യമുള്ളതെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

പ്രസിഡന്റ് സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാവില്ലെന്നാണ് കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ. ആറ് മാസത്തിന് ശേഷമാകാം. ഇങ്ങനെയിരിക്കെ, സുപ്രീം കോടതിയുടെ 2015 ലെ ഒരു വിധിയെ ആശ്രയിച്ചുകൊണ്ട് രണ്ട് വര്‍ഷത്തിനു ശേഷം മാത്രമേ അവിശ്വാസ പ്രമേയം ആകാവൂ എന്ന വാദം ഉന്നയിച്ചത് ഹൈക്കോടതി തള്ളി.

കൊല്ലത്തെ ഒരു പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ചന്ദ്രന്‍ പിള്ളയായിരുന്നു പരാതിക്കാരന്‍. ഗുജറാത്തിലെ ഒരു സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് വിപുല്‍ ഭായി ചൗധരിയുടെ കേസ് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്തിലെ കേസിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും കേരളത്തിലെ സംഘങ്ങളെ പ്രസ്തുത സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അവിശ്വാസ പ്രമേയം സംബന്ധിച്ച് വ്യക്തമായ സമയപരിധി വ്യവസ്ഥയായി ഏര്‍പ്പെടുത്താത്ത സംഘങ്ങളെക്കുറിച്ചുള്ള വിധിയായിരുന്നു സുപ്രീംകോടതിയുടേത്.

കേരളത്തിലെ സംഘങ്ങളെ സംബന്ധിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ അവിശ്വാസ പ്രമേയം പാടുള്ളു എന്ന വ്യവസ്ഥ പ്രാബല്യത്തിലുള്ളതിനാല്‍ അതനുസരിച്ചുതന്നെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരളത്തില്‍ നിലവിലുള്ള വ്യവസ്ഥ റദ്ദാക്കണമെന്നുള്ള ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നില്ല.

ഹര്‍ജിക്കാരന്‍ 2015 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അതനുസരിച്ച് അവിശ്വാസ പ്രമേയാവതരണത്തിന് രണ്ട് വര്‍ഷത്തെ കാലാവധി കേരളത്തിലും വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ടുവച്ചത്. കേരളത്തിലെ വ്യവസ്ഥ റദ്ദാക്കണം എന്നുള്ള ആവശ്യം പരാതിക്കാരന്‍ ഉന്നയിക്കാതെ എങ്ങനെയാണ് അത് സ്പര്‍ശിക്കുക എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. അതിനാല്‍ കേരള നിയമത്തിലെ ആറ് മാസത്തെ വ്യവസ്ഥ അതുപോലെ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.

സുപ്രീം കോടതി വിധി വ്യത്യസ്തമായ സാഹചര്യത്തിലുള്ളതാണെന്നും അത് കേരള സഹകരണ നിയമത്തെ ബാധിക്കില്ലെന്നുമാണ് കേരള സര്‍ക്കാര്‍ വാദിച്ചത്. അത് ഹൈക്കോടതി സ്വീകരിച്ചു. തുടര്‍ന്ന്, അവിശ്വാസത്തിനുള്ള നോട്ടീസിനെതിരെ ചന്ദ്രന്‍ പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി.

Case No: wp (c) No: 35100 / 2018

Leave a Reply

Your email address will not be published.