കോഓപ് മാര്‍ട്ടുകള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ച് 200 സഹകരണ ബാങ്കുകള്‍

moonamvazhi

സഹകരണ ഉല്‍പന്നങ്ങളുടെ കണ്‍സ്യൂമര്‍ വിപണന കേന്ദ്രമായ കോഓപ് മാര്‍ട്ടുകള്‍ തുടങ്ങാന്‍ സന്നദ്ധതയുമായി കൂടുതല്‍ സഹകരണ ബാങ്കുകള്‍ രംഗത്ത്. 200 പ്രാഥമിക സഹകരണ ബാങ്കുകളാണ് സഹകരണ വകുപ്പിനെ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഈ പേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനൊപ്പം കോഓപ് മാര്‍ട്ടുകള്‍ വ്യാപിപ്പിക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം.

എല്ലാ പഞ്ചായത്തുകളിലും കോഓപ് മാര്‍ട്ടുകള്‍ തുടങ്ങുമെന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞില്ല. ഈ പദ്ധതിയുമായി സഹകരിക്കാന്‍ സഹകരണ സംഘങ്ങളും കാര്യമായി മുന്നിട്ടിറങ്ങിയില്ല. എറണാകുളത്തുനടന്ന സഹകരണ എക്‌സ്‌പോ, ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേള എന്നിവയില്‍ സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് കോഓപ് മാര്‍ട്ട് പദ്ധതിക്കും സഹായകമായത്. 200 കോഓപ് മാര്‍ട്ടുകള്‍ കൂടി അനുവദിക്കാനായാല്‍, ഘട്ടം ഘട്ടമായി എല്ലാപഞ്ചായത്തുകളിലും സഹകരണ കണ്‍സ്യൂമര്‍ വിപണന കേന്ദ്രം തുടങ്ങാനാണ് സഹകരണ വകുപ്പിന്റെ ആലോചന.

നിലവില്‍ 14 കോഓപ് മാര്‍ട്ടുകളാണ് ഉള്ളത്. പുതിയ 14 എണ്ണം കൂടി തുടങ്ങാനുള്ള സഹകരണ സംഘങ്ങളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഘങ്ങളിലൂടെ മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ശ്രമവും സഹകരണ വകുപ്പ് നടത്തുന്നുണ്ട്. ഈ ഉല്‍പന്നങ്ങള്‍ കോഓപ് കേരള ബ്രാന്‍ഡില്‍ മികച്ച പാക്കിങ് ഉറപ്പാക്കി കയറ്റുമതി ചെയ്യാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. കോഓപ് മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി തന്നെ കൊച്ചയില്‍ ഒരു കയറ്റുമതി കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോഓപ് മാര്‍ട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കൊച്ചിയില്‍ കേന്ദ്രീകൃത സംഭരണ ശാലയും പരിഗണനയിലാണ്. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗപ്പെടുത്തി എതെങ്കിലും പ്രാഥമിക സഹകരണ ബാങ്കിന് കീഴില്‍ സംഭരണ ശാല സ്ഥാപിക്കാനാണ് ശ്രമം. ഇതിനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. കയറ്റുമതി കേന്ദ്രത്തിന് കൂടി ഉപയോഗിക്കാവുന്ന വിധത്തിലാകും ഈ സംഭരണശാല സ്ഥാപിക്കുക.

Leave a Reply

Your email address will not be published.